ഹേ­ മനു­ഷ്യാ­....


പ്രദീപ് പുറവങ്കര

ഉത്തർ‍പ്രദേശിലെ ഉന്നാവോയിലും ജമ്മുകശ്മീരിലെ കഠ്്വയിലും നടന്ന ക്രൂരബലാത്സംഗങ്ങൾ ആണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നമ്മളിൽ മിക്കവരും ചർച്ച ചെയ്തുവരുന്നത്. ഇതിൽ തന്നെ, മുന്പുണ്ടായ പല പീഢന വാർത്തകളെ പോലെയല്ല കാശ്മീരിൽ നടന്ന ഏറ്റവും പൈശാചികമായ ഹീനകൃത്യത്തെ പൊതുസമൂഹം കാണുന്നത്. ഇതാദ്യമായി സഹനത്തിന്റെയും ത്യാഗത്തിന്റെയും സേവനത്തിന്റെയും തുറന്ന മനസിന്റെയും പ്രതീകമായി വാഴ്ത്തപ്പെടുന്ന നൂറ്റാണ്ടുകളുടെ പാരന്പര്യമുള്ള ഒരു വലിയ മതവിഭാഗത്തെ തന്നെ കരിവാരിതേക്കുന്ന ഒരുവസ്ഥയിലേയ്ക്ക് ആ സംഭവത്തിന് വാർത്താപ്രധാന്യം ലഭിച്ചിരിക്കുന്നു. രാജ്യത്ത് ഭരണം കൈയ്യാളുന്ന ഒരു രാഷ്ട്രീയചിന്താശാഖയുടെ പ്രവർത്തകർ ഇത്തരമൊരു കൊടുംക്രൂരത കാണിച്ചപ്പോൾ അതിനെ തള്ളിപറയാൻ കാണിച്ച അലസതയാണ് ഈ ഒരു ദുരവസ്ഥയ്ക്ക് കാരണമായിരിക്കുന്നത്. തങ്ങൾ വംശീയ ഉൻമൂല സിദ്ധാത്തതിന്റെ വക്താക്കളാണെന്ന് തെളിയിക്കുന്ന തരത്തിലായി പോയി ഈ അലസമായ പ്രവർത്തനം എന്ന് പറയാതെ വയ്യ.  ഉന്നവോയിൽ പതിനാറ് വയസുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്തതും ഭരണകക്ഷിയുടെ എംഎൽ‍എ തന്നെയാണ് എന്നും ഓർക്കാം.  രണ്ടു സംഭവങ്ങളും നടന്നിട്ടു കുറെ നാളായി എന്നും മനസിലാക്കുന്നു. ഉന്നാവോയിൽ സംഭവം നടന്നതു കഴിഞ്ഞ ജൂണിലാണെങ്കിൽ കാശ്മീരിൽ അത് ജനവരി മാസം പത്താം തീയതിയായിരുന്നു. 

ഇതൊക്കെ സംഭവിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോഴും ഈ വിഷയങ്ങളിൽ പുലർത്തുന്ന മൗനം ഏറെ അപകടകരമായ സന്ദേശമാണ് നൽ‍കുന്നത്. ഇതൊക്കെ നടന്നോട്ടെ എന്ന് നിശ്ശബ്ദമായി പച്ചക്കൊടി വീശുന്ന ആ ഒരു ഭാവം രാജ്യത്തെ മതന്യൂനനപക്ഷങ്ങളെയും, മതേതരവാദികളെയും വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്്. ഇത്തരം സംഭവങ്ങളിൽ അദ്ദേഹത്തിന്റെ “മൻ കി ബാത്ത്” എന്താണെന്ന് മനസിലാക്കാൻ സാധിക്കാത്തതും ഈ വേവലാതി വർദ്ധിപ്പിക്കുന്നു. അതു പോലെ തന്നെ രാജ്യത്ത് അരങ്ങേറുന്ന ഈ മാനഭംഗ ക്രൂരതകളെ നാടിനു നാണക്കേടെന്നു മാത്രം വിശേഷിപ്പിച്ചു ലഘൂകരിക്കാനും സാധിക്കില്ല. പക്ഷെ കഴിഞ്ഞ ദിവസം പല നവമാധ്യമ ഇടങ്ങളിലും ഈ വിഷയങ്ങളുടെ പേരിൽ കേവല രാഷ്ട്രീയവാദങ്ങൾക്ക് ഉപരിയായി വ്യക്തിപരമായ മതവിശ്വാസങ്ങളെ വലിച്ചിഴയ്ക്കുന്ന ദുരവസ്ഥയെ കാണാതിരിക്കാനും സാധിക്കില്ല. മറ്റുള്ളവൻ കഴിക്കുന്ന ഭക്ഷണത്തിലും, ഉടുക്കുന്ന വസ്ത്രങ്ങളിലും, പഠിക്കുന്ന പാഠങ്ങളിലും ഒക്കെ മതത്തെയും വിശ്വാസത്തെയും കൊണ്ടുവരുന്നത് സാമൂഹ്യദ്രോഹികളാണെന്ന് ഇത്തരം സന്ദേശങ്ങൾ വീണ്ടും വീണ്ടും തെളിയിക്കുന്നുണ്ട്. സമൂഹത്തിൽ വേർതിരിവ് ഉണ്ടാക്കാൻ മാത്രമേ ഇത് സഹായിക്കൂ എന്നത് ഉറപ്പാണ്. പ്രവാസലോകത്ത് നിന്ന് ഇത്തരം വിലകുറഞ്ഞ സന്ദേശങ്ങളുടെയും വ്യക്തിഹത്യകളുടെ മഹാപ്രവാഹവും ഉണ്ടാകുന്നതും തികച്ചും വേദനിപ്പിക്കുന്നതാണ്. ഇവർ കടത്തിവിടുന്ന വിഷം പിന്നീട് തിരിച്ച് എടുക്കാൻ കഴിയാത്തതാണെന്ന് ഇത്തരം ഇടങ്ങളിൽ കഴിയുന്ന നല്ല മനുഷ്യർ മനസിലാക്കേണ്ടത് അത്യാവശ്യമാണ്. മനുഷ്യന്റെ മനസിന് തീ കൊളുത്തി കഴിഞ്ഞാൽ അത് കെടുത്താൻ ഏറെ പണിപ്പെടേണ്ടി വരും. അത് പരസ്പരം പടർന്നാൽ നമ്മുടെ ഇടയിൽ ഉണ്ടാവുക സർവനാശം മാത്രമായിരിക്കും. ഇത്തിരി പോരുന്ന ജീവിതത്തിൽ ഒത്തിരി നന്മയെങ്കിലും ചെയ്യാൻ സാധിച്ചില്ലെങ്കിൽ നമ്മളെങ്ങിനെയാണ് ഹേ പരസ്പരം “മനുഷ്യാ” എന്ന് വിളിക്കുക എന്ന ചിന്തയോടെ...

You might also like

Most Viewed