വിഷ് യു എ ഹാപ്പി വിഷു...
പ്രദീപ് പുറവങ്കര
നാട്ടിൻപുറങ്ങളിൽ കണിക്കൊന്ന പൂക്കുന്പോഴാണ് നമ്മൾ മലയാളികൾ വിഷുവിനെ പറ്റി ചിന്തിച്ച് തുടങ്ങന്നത്. സൂപ്പർ മാർക്കറ്റുകളിൽ പ്ലാസ്റ്റിക്ക് സഞ്ചിയിൽ അങ്ങിങ്ങായി ചിതറി കിടക്കുന്ന മഞ്ഞപ്പൂക്കളും, കണിയെന്ന പേരിൽ നൽകുന്ന കെണികളുമാണ് പ്രവാസലോകത്ത് നമ്മെ വിഷുവിനെ ഓർമ്മിക്കുന്നത്. നാട്ടിലും ഇപ്പോൾ ഏകദേശം ഇത് തന്നെ സ്ഥിതി. പേരിന് കുറച്ച് പടക്കങ്ങൾ പൊട്ടിക്കുമെന്ന് മാത്രം.
സൂര്യൻ മീനം രാശിയിൽ നിന്ന് മേടം രാശിയിലേയ്ക്ക് പ്രവേശിക്കുന്നതാണ് വിഷു സംക്രാന്തി. തുല്യാവസ്ഥയോട് കൂടിയത് എന്ന് അർത്ഥം വരുന്ന വിഷുവിന് രാത്രിയും പകലും തുല്യമായിരിക്കും. ഏകദേശം പത്ത് ദിവസത്തോളം ഈ തുല്യത നിലനിൽക്കും. വിഷുവിനെ പറ്റി പറയുന്പോൾ വിഷുകണിയും, വിഷു സദ്യയും, വിഷുകൈനീട്ടവുമാണ് ഇന്നത്തെ തലമുറയ്ക്ക് കൂടുതൽ പരിചയം. വരും വർഷം സന്പദ്സമൃദ്ധമാക്കാൻ പുലർകാലത്ത് ഉണർന്നെഴുന്നേറ്റ് ഇഷ്ടദൈവങ്ങളെ കണ്ണുതുറന്ന് കാണുന്ന ദർശിക്കുന്ന ആചാരം ശുഭാപ്തി വിശ്വാസത്തിന്റെ തെളിവാണ്. ഇന്നലെകളിൽ നിന്ന് പാഠം പഠിച്ച് നാളേക്കുള്ള നല്ല യാത്ര ആരംഭിക്കാനുള്ള കരുത്താണ് ഈ കണികാണൽ നൽകുന്നത്. കണിയിൽ വെക്കുന്ന ഉരുളി പ്രപഞ്ചത്തിന്റെ പ്രതീകമാണ്. ആരാധിക്കുന്ന ഈശ്വരന് വിശ്വാസികൾ ചാർത്തുന്ന കിരീടമാണ് കൊന്നപ്പൂക്കൾ. കൈനീട്ടം എന്നുപറയുന്നത് പ്രാർത്ഥന നിറയുന്ന മനസുകളുടെ പങ്ക് വെക്കലാണ്. നന്നായി വരട്ടെ എന്ന് കാരണവൻമാർ കൈനീട്ടം നൽകി തലയിൽ വെച്ചനുഗ്രഹിക്കുന്പോൾ പോസീറ്റീവ് എനർജിയാണ് നിറയുന്നത്. ഞാൻ തന്നെയാണ് ബ്രഹ്മം എന്ന സത്യം ഓർമ്മിപ്പിക്കുന്നതാണ് വിഷുകണിയിലെ കണ്ണാടി. നമ്മുടെ ഇടയിലുള്ള ഓരോ ആഘോഷത്തിനും ഇതു പോലെ ആന്തരാർത്ഥങ്ങൾ ഉണ്ട്. ഇത് മനസിലാക്കാൻ മിക്കവരും ശ്രമിക്കാറില്ലെന്ന് മാത്രം. ഇത് പറഞ്ഞ് തരാൻ പറ്റുന്ന ഗുരുവര്യമാരുടെ എണ്ണവും കുറഞ്ഞിരിക്കുന്നു. ഇന്നത്തെ കാലത്ത് സംശയം തോന്നിയാൽ ഗൂഗിളാണ് നമ്മുടെ ഗുരു. എന്നാണ് വിഷുവെന്നത് പോലും നമ്മൾ അറിയുന്നത് ഗൂഗിളിലൂടെയാണ്.
മാർച്ച് എന്ന കണക്കെടുപ്പിന്റെ മാസത്തിന് ശേഷം ലാഭവും നഷ്ടവും തിട്ടപ്പെടുത്തി വരും വർഷത്തിൽ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്ന മാസം കൂടിയാണ് ഏപ്രിൽ. അതിന്റെ പ്രതിഫലനമാണ് വിഷു. നല്ലത് വിതച്ചാൽ നല്ലത് കൊയ്യാമെന്ന് ഓർമ്മിപ്പിക്കുന്ന ആഘോഷം. സ്വയമറിയുന്നതിനോടോപ്പം തന്നെ പരസ്പരമറിയുവാനും സ്വപ്നങ്ങളും ചിന്തകളും പങ്കുവെക്കാനും സാധിക്കുന്ന ഉത്സമുഹൂർത്തങ്ങളായ വിഷു പോലെ ഓരോ ആഘോഷവും മാറണം. കഴിക്കുന്ന ഭക്ഷണത്തിൽ പോലും ജാതിയും, മതവും, വിശ്വാസവും ഒക്കെ കൊണ്ടുവരാൻ ശ്രമിക്കുന്നവരുടെ ലോകമാണിത്. മനുഷ്യൻ എന്ന ഒറ്റ വർഗത്തിൽ പെട്ടവരാണ് നമ്മളെല്ലാവരുമെന്ന് ചിന്തിക്കാൻ സാധിക്കാത്ത സാമൂഹ്യദ്രോഹികളുടെ പുറകിലാണ് ഓലപടക്കവും മാലപടക്കവും കത്തിക്കേണ്ടത്. അതോടൊപ്പം നമ്മൾ ഓരോരുത്തരം ഓരോ ആഘോഷകാലത്തും ഓർക്കേണ്ടത് എൻ.എൻ കക്കാടിന്റെ ഈ വരികൾ തന്നെ.
“കാലമിനിയുമുരുളും വിഷുവരും വർഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂവരും കായ് വരും അപ്പോൾ ആരെന്നുമെന്തെന്നുമാർക്കറിയാം...”
എല്ലാ പ്രിയവായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ...