സോ­ഷ്യൽ അല്ലാ­ത്ത ഇടങ്ങൾ...


പ്രദീപ് പുറവങ്കര

കഴിഞ്ഞ ദിവസങ്ങളിൽ ബഹ്റൈനിൽ താമസിക്കുന്നവർക്ക് മിക്കവർക്കും അവരുടെ വാട്സാപ്പിൽ ഒരു അവധി പ്രഖ്യാപനം വാർത്താരൂപത്തിൽ ലഭിക്കുകയുണ്ടായി. ഒരു മാധ്യമസ്ഥാപനത്തിന്റെ ലോഗോ  വെച്ച് അവധി പ്രഖ്യാപ്പിച്ച വിവരം പരസ്പരം കൈമാറുന്നതിൽ ആരും ഒരു തെറ്റും കണ്ടില്ല. എന്നാൽ പിന്നീട് ഇത് വ്യാജമായ ഒരു വാർത്തയാണെന്ന് പതിയെ ഏവരും മനസ്സിലാക്കുകയും ചെയ്തു. ഓൺലൈൻ ഇടങ്ങൾ പൂക്കുന്ന ഇക്കാലത്ത് അതിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിലാണ് ഇത്തരം കാര്യങ്ങൾ നമ്മുടെ ഇടയിൽ നടക്കുന്നത്. സൈബർ കുറ്റകൃത്യങ്ങളുടെ പരിധിയിൽ പെടാവുന്ന കാര്യമാണ് വ്യാജവാർത്തകൾ പരസ്പരം ഷെയർ ചെയ്യുക എന്നത്. എന്നാൽ ഇതിന്റെ ഗൗരവം പലർക്കും വ്യക്തമായി അറിയില്ല എന്നതാണ് വാസ്തവം. പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ സൈബർ കുറ്റകൃത്യങ്ങൾ തെളിയുകയാണെങ്കിൽ ഏറെ കാലം നീണ്ട ജയിൽശിക്ഷ വരെ ലഭിച്ചേക്കാം. 

സാമൂഹ്യമാധ്യമങ്ങളുടെ വിശ്വാസ്യത ലോകമെങ്ങും സജീവമായി ചർച്ച ചെയ്യപ്പെടുന്ന ഒരു സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത്. ഏറ്റവുമൊടുവിൽ ഫേസ് ബുക്കുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങൾ ഉദാഹരണം.  ലോകത്തിന്റെ ഏത് ഭാഗത്തുമുള്ള വ്യക്തികളുടെ ഉറ്റബന്ധങ്ങൾ നിലനിർത്തുവാനും സൗഹൃദങ്ങളെ വളർത്തുവാനും പതിനാല് വർഷം കൊണ്ട് സാധിച്ച ഒരു പ്രസ്ഥാനമാണ് ഇന്ന് ഫേസ്ബുക്ക്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ‍ ലോകജനസംഖ്യയുടെ നാലിലൊന്നോളം വരുന്ന അംഗങ്ങളിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നതാണ്. തങ്ങളെ സംബന്ധിച്ച രഹസ്യവിവരങ്ങൾ‍ അവരുടെ അറിവോ സമ്മതമോ കൂടാതെ വാണിജ്യപരവും രാഷ്ട്രീയവുമായ ആവശ്യങ്ങൾ‍ക്കുവേണ്ടി ദുരുപയോഗം ചെയ്യപ്പെട്ടിരിക്കുന്നുവെന്നും, വ്യാജ വാർ‍ത്തകൾ‍ക്കും വിദ്വേഷ പ്രചരണത്തിനും അക്രമങ്ങൾ പ്രചരിപ്പിക്കുന്നതിനും നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും മസ്തിഷ്‌ക പ്രക്ഷാളനത്തിനും ഈ സാമൂഹ്യ മാധ്യമം ഉപയോഗിക്കപ്പെട്ടിരിക്കുന്നു എന്ന് അതിന്റെ സ്ഥാപകൻ തന്നെ വിളിച്ച് പറയുന്നു. ഇന്റർനെറ്റും വിവരവിജ്ഞാന സാങ്കേതിക വിദ്യകളും ലോകജനതകളെ കൂടുതൽ അടുപ്പിക്കുകയും ആശയവിനിമയം സുഗമമാക്കുകയും ജീവിതം ഏറെ സുതാര്യമാക്കുകയും ചെയ്തിട്ടുണ്ട് എന്ന വാസ്തവം നിലനിൽക്കുന്പോൾ തന്നെ ഈ ഒരു സംവിധാനത്തെ വ്യക്തികളുടെ സ്വകാര്യത കവർന്നെടുത്ത് നഗ്നമായ കച്ചവടരാഷ്ട്രീയതാൽ‍പ്പര്യങ്ങൾ‍‍ക്കും വേണ്ടി എങ്ങനെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാം എന്നതിന്റെ ഏറ്റവും വികൃതമായ ഉദാഹരണമാണ് ഫേസ്ബുക്ക് വിവാദം കാഴ്ചവെയ്ക്കുന്നത്. 

ഇത്തരം പ്രശ്നങ്ങൾക്കൊപ്പം സാമൂഹ്യമാധ്യമങ്ങളെ‍‍ പൊതുസമൂഹം ഉപയോഗപ്പെടുത്തുന്ന രീതിയെക്കുറിച്ചും വലിയ വിമർ‍ശനങ്ങൾ‍ ഉയർ‍ന്നുവരുന്നുണ്ട്. ഭയവും വെറുപ്പും വിതറുന്ന തരത്തിൽ‍ വാർത്തകൾ ‍ കൃത്രിമമായി സൃഷ്ടിക്കുന്നതിനും നിരവധി ഉദാഹരണങ്ങൾ ഇന്ന് നമുക്ക് മുന്നിലുണ്ട്. സാമൂഹ്യമാധ്യമങ്ങളുടെ “സാമൂഹിക ഉത്തരവാദിത്തം” സംബന്ധിച്ച് ഇത്തരത്തിൽ ആശങ്ക ഉളവാക്കുന്ന പല സംഭവങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇങ്ങിനെ ഈ ഇടങ്ങളിലൂടെ വിഭാഗീയതയും വർ‍ഗീയതയും പ്രോത്സാഹിപ്പിക്കാനും, ഭീതി പരത്താനും നടക്കുന്ന ശ്രമങ്ങളും അപലപനീയമാണെന്ന് ഓർമ്മിപ്പിച്ചു കൊണ്ട്... 

You might also like

Most Viewed