ഡു ഇറ്റ് യുവർസെൽഫ് അഥവാ തനിയെ ചെയ്ത് പഠിക്കുക...
പ്രദീപ് പുറവങ്കര
അവധിക്കാലത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പ്രവാസ ലോകത്തും ആരംഭിച്ചു കഴിഞ്ഞു. ഗൃഹാതുരമായ നിറമാർന്ന ഓർമ്മകളെ നെഞ്ചിലേറ്റിയാണ് അവധികാല സ്വപ്നങ്ങൾ നമ്മൾ ഓരോ ദിവസവും കണ്ടുതീർക്കുന്നത്. സ്വന്തം വീടും, നാടും, തൊടിയും, ബന്ധുക്കളും, സുഹൃത്തുകളും ഒക്കെ ആ സ്വപ്നത്തിൽ നിറഞ്ഞുകവിയുന്നു. ഇത്തരം സ്വപ്നങ്ങൾക്കൊപ്പം നാട്ടിൽ നിന്നും ഓരോ ദിവസവും ഫോണിന്റെ ഗാലറിയിൽ നിറഞ്ഞുകവിയുന്ന മനോഹര ദൃശ്യങ്ങളും, അവിടെയുള്ള ഉത്സവങ്ങളും, ആഘോഷങ്ങളും, വാർത്തകളും ഒക്കെ എത്രയോ തവണ നമ്മെ മനസ് കൊണ്ട് നാട്ടിലെത്തിക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങിനെ ഏറെ പ്രതീക്ഷകളോടെയും ആഗ്രഹങ്ങളോടെയും നാട്ടിലെത്തുന്പോൾ ഇവിടെ സ്വപ്നം കണ്ടതിന്റെ പത്ത് ശതമാനം പോലും പൂർത്തീകരിക്കാൻ സാധിക്കാതെ നിരാശനായി തിരികെ വരേണ്ടി വരുന്ന ദുരവസ്ഥയാണ് മിക്കപ്പോഴും നമ്മൾ മിക്കവർക്കും ഉണ്ടാകുന്നത്.
നാട്ടിൽ പോകുന്നതിന്റെ ഭാഗമായി സ്വന്തം വീടുപണിയോ, അല്ലെങ്കിൽ മറ്റെന്തിങ്കിലും മരാമത്ത് പണിയോ ഇത്തരം സ്വപ്നങ്ങളുടെ കൂട്ടത്തിൽ പെടാറുണ്ട്. ഇവിടെയാണ് പലർക്കും വലിയ ദുരനുഭവങ്ങളുണ്ടാകുന്നത്. ചെറുകിട പണിക്കൊന്നും ആളില്ലാത്ത ഒരു അവസ്ഥ കാരണം നാട്ടിൽ എല്ലാവർക്കും തൊഴിലുണ്ടെന്നും കേരളം സന്പന്നരുടെ മാത്രം സംസ്ഥാനമാണെന്നും നമ്മൾ ചിന്തിക്കേണ്ടതായും വരും. ഒരു മുഴുവൻ ദിവസത്തിന്റെ പണിക്കൂലി കൊടുത്താൽ പോലും ചെറിയ അറ്റക്കുറ്റപ്പണികൾക്ക് ഇന്ന് നാട്ടിൽ ആളെ കിട്ടില്ല. ഇതിന്റെ പരിണിത ഫലമെന്ന നിലയിൽ മറ്റ് നിവൃത്തിയിലാതെ വലിച്ചെറിയൽ സംസ്കാരവും ഏറുന്നു. ഈ ഒരു അവസ്ഥ നമ്മോട് വിളിച്ചുപറയുന്നത് നാട്ടിൽ അൽപ്പദിവസത്തേക്ക് പോകുന്നായാൾക്ക് പോലും അവിടെ നിന്നുപോകണമെങ്കിൽ കുറച്ചൊക്കെ എല്ലാം സ്വയം ചെയ്യാൻ അറിയേണ്ടതുണ്ട് എന്നാണ്. അന്യരെ ആശ്രയിക്കാൻ നിന്നാൽ വെറും നിൽപ്പ് മാത്രമാകും ബാക്കി.
പാശ്ചാത്യരെ ഇക്കാര്യത്തിൽ കുറച്ചൊക്കെ അനുകരിക്കുന്നത് അഭികാമ്യമാണ്. അവർക്കിടയിൽ സ്വന്തമായി വീട് പണിയുന്നത് മുതൽ, അവടെയുള്ള മരാമത്ത് പണിയെടുക്കുന്നതും, വീട് വൃത്തിയാക്കുന്നതും, പുല്ല് വെട്ടുന്നതും, പൂന്തോട്ടമൊരുക്കുന്നതും എന്തിന് മുടി വെട്ടുന്നത് പോലും അവർ തനിയെയാണ്. അതിൽ അവർക്ക് നാണക്കേടോ അപമാനമോ വിചാരിക്കുന്നുമില്ല. ഒരു വിനോദമായിട്ടാണ് ഇത്തരം ജോലികളെ അവർ കണക്കാക്കുന്നത്. അവധിദിനങ്ങൾ വരുന്പോൾ കുടുംബത്തോടൊപ്പം ഇത്തരം ജോലികൾ ചെയ്യുക എന്നത് ഒരു ജീവിതശൈലിയാക്കുന്നവരും പാശ്ചാത്യരുടെ ഇടയിൽ ധാരാളം. അതു കൊണ്ട് തന്നെ നാട്ടിലേയ്ക്ക് ഫ്ളൈറ്റ് കയറാൻ തയ്യാറാകുന്പോൾ തന്നെ ലഗേജിൽ കരുതാവുന്ന ഇനങ്ങളിൽ ഒരു സ്ക്രൂ ഡ്രൈവറും, ടെസ്റ്ററും, പൈപ്പ് റേഞ്ചും പോലെയുള്ള ചില ഇനങ്ങൾ കൂടി വാങ്ങിവെക്കുന്നത് നല്ലതാണെന്ന ഓർമ്മപ്പെടുത്തലോടെ...