വെക്കേണ്ട നോ എൻട്രി ബോർഡുകൾ ...
പ്രദീപ് പുറവങ്കര
പത്തനംതിട്ടയിലെ ഗവി എന്ന ഇടം മലയാളികളിൽ പലർക്കും പരിചയമായത് ഓർഡിനറി എന്ന സിനിമ റിലീസ് ആയതോടെയാണ്. എല്ലാവിധ വന്യമൃഗങ്ങളുമുള്ള അധികം മനുഷ്യസ്പർശമേൽക്കാത്ത നമ്മുടെ നാട്ടിലെ കാടുകളിലൊന്നാണിത്. ശ്രീലങ്കൻ അഭയാർത്ഥികളെ പുനരധിവസിപ്പിക്കാനായി തുടങ്ങിയ കൃഷിയും ഇപ്പോൾ വിനോദസഞ്ചാരവുമാണ് ഇന്ന് ഗവിയുടെ ജീവിതം മുന്പോട്ട് കൊണ്ടുപോകുന്നത്. സന്ദർശകർക്ക് നിയന്ത്രണങ്ങളുള്ള ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് ഇന്ന് ഗവി. അവിടെയുള്ള പ്രകൃതിയെ അതുപോലെ നിലനിർത്തണമെന്ന താത്പര്യത്തോടെയാണ് ഇത്തരം നിയന്ത്രണങ്ങൾ സർക്കാർ തന്നെ കൊണ്ടുവന്നിരിക്കുന്നത്. അതേ സമയം കേരളത്തിൽ ഗവിയെ പോലെ ഇത്തരം നിയന്ത്രണങ്ങൾ ഇല്ലാതെയും സംരക്ഷിപ്പെടേണ്ട പല സ്ഥലങ്ങളും ഇന്നുമുണ്ട്.
ഈ ഒരു വിഷയം എഴുതാനുള്ള ഒരു കാരണം കഴിഞ്ഞദിവസം കണ്ട ഒരു വാർത്തയാണ്. ലോകമെന്പാടുമുള്ള സന്ദർശകരെ ഏറെ ആകർഷിക്കുന്ന ഒരു സ്ഥലങ്ങളാണ് തായ്ലാൻഡ്, ഫിലീപെൻസ് എന്നീ രാജ്യങ്ങളിലെ തെക്ക് കിഴക്കൻ ഏഷ്യൻ ദ്വീപുകൾ. ഈ ദ്വീപുകളിലേയ്ക്ക് നിരവധി ടൂറിസ്റ്റുകളാണ് എല്ലാവർഷവും വരുന്നത്. പക്ഷെ ഈ വർഷം തങ്ങൾക്ക് ഏറ്റവുമധികം വരുമാനം നൽകുന്ന ഇവിടേക്ക് സന്ദർശകരെ അനുവദിക്കേണ്ടതില്ല എന്ന തീരുമാനമെടുത്തിരിക്കുകയാണ് അധികാരികൾ. ടൂറിസം വരുമാനത്തിൽ വൻ ഇടിവും പതിനായിരക്കണക്കിന് ആളുകൾക്ക് ജോലി നഷ്ടവും ഉണ്ടാക്കുമെങ്കിലും മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയ്ക്കിടയിൽ പ്രകൃതിയെ സംരക്ഷിക്കുന്നതിനാണ് അധികൃതർ ഈ തീരുമാനത്തിൽ എത്തിയത്. ദുർബലമായ ഒരു പരിസ്ഥിതിയുള്ള ഇടങ്ങളാണ് ഈ ദ്വീപുകൾ. അതുകൊണ്ട് തന്നെ ഒരുപാട് ആളുകളെയോ, അതുവഴി ഉണ്ടാകുന്ന മലിനീകരണമോ ഇവിടെയുള്ള ദ്വീപുകൾക്ക് താങ്ങാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. ഇവിടെയുള്ള പവിഴപുറ്റുകൾ നശിച്ചുപോകുന്ന സാഹചര്യവും നിലനിൽക്കുന്നു. ഇത്തരം കാര്യങ്ങളെ മുൻനിർത്തിയാണ് മില്യൺ കണക്കിൽ സന്ദർശകർ വരുന്ന പല ബീച്ചുകളും അധികാരികൾ താഴിട്ട് പൂട്ടുന്നത്.
ദൈവത്തിന്റെ സ്വന്തം നാട് എന്ന ടാഗ് ലൈനിൽ ലോകമെങ്ങുമെത്തിക്കാനും ടൂറിസം വരുമാനം വർദ്ധിപ്പിക്കാനും ഏറെ ശ്രമിക്കുന്നവരാണ് നമ്മൾ മലയാളികൾ. അതേസമയം പണവുമായി വരുന്ന സന്ദർശകർക്ക് മുന്പിൽ കാഴ്ച്ചവസ്തുവായി മാറുന്ന സ്ഥലങ്ങൾ ഭാവി തലമുറകൾക്ക് വേണ്ടി സംരക്ഷിക്കപ്പെടണം എന്ന ചിന്തയും അധികാരികൾക്കും പൊതുസമൂഹത്തിനും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. പ്രകൃതിയുടെ നാശം നമ്മുടെ തന്നെ നാശമാണെന്ന് മനസ്സിലാക്കണം. ഇത്രയും നദികൾ ഉള്ള മഴ പെയ്തുകൊണ്ടിരുന്ന ഒരു നാട്ടിൽ ഒരു തുള്ളി ദാഹജലത്തിന് വേണ്ടി ദാഹിച്ച് കേഴുന്ന വേഴാന്പലുകളായി മലയാളി മാറുന്ന ദുരവസ്ഥയെ തിരിച്ചറിഞ്ഞ് സമൂഹം ഉണർന്നെഴുന്നേൽക്കണം. പ്രകൃതി തരുന്ന എന്തും ചൂഷണം ചെയ്ത് വികസനത്തെ പറ്റി മാത്രം ചർച്ച ചെയ്യുകയും, സമരങ്ങൾ നടത്തുകയും ചെയ്യുന്ന ഒരു സമൂഹമായി അധഃപതിക്കുന്നത് കുറ്റകരമായ കാര്യമാണ്. സന്ദർശകരെ കൈയും നീട്ടി സ്വാഗതം ചെയ്യുന്ന മലയാളികൾക്ക് കാലം കുറച്ച് കഴിയുന്പോൾ ഇങ്ങോട്ട് വരരുതെന്ന് പറഞ്ഞ് ബോർഡ് വെയ്ക്കേണ്ട അവസ്ഥ ഉണ്ടാകരുതേ എന്ന് ആഗ്രഹിച്ച് കൊണ്ട്...