കുഞ്ഞുമുഖങ്ങളെ ഇല്ലാതാക്കുന്പോൾ ...
പ്രദീപ് പുറവങ്കര
പശ്ചിമേഷ്യയിൽ താമസിക്കുന്ന ഒരാൾ എന്ന നിലയിൽ ഈ ഭാഗത്ത് നടക്കുന്ന പല കാര്യങ്ങളും മനസിനെ സന്തോഷിപ്പിക്കുന്നതിനോടൊപ്പം തന്നെ ദുഖിപ്പിക്കുന്നുമുണ്ട്. അതിലൊന്നാണ് സിറിയയിൽ നടന്നുകൊണ്ടിരിക്കുന്ന കൂട്ടകൊലകൾ. സിറിയൻ തലസ്ഥാനമായ ഡമാസ്കസിന്‍റെ പ്രാന്തപ്രദേശത്തുള്ള ദുമാ നഗരത്തിൽ ഈ വാരാന്ത്യത്തിൽ സൈന്യം നടത്തിയ രാസായുധാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 70 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക് പുറത്ത് വന്നിരിക്കുന്നത്. എന്നാൽ അതേസമയം മരണസംഖ്യ അതിലും കൂടുതലാണെന്ന് അനൗദ്യോഗിക കേന്ദ്രങ്ങൾ പറയുന്നു. വിമതരുടെ പിടിയിലുള്ള ഈ നഗരത്തിൽ സൈന്യം നടത്തിയ രാസായുധ പ്രയോഗത്തിൽ പിടഞ്ഞു മരിച്ച കുട്ടികളുടെ ചിത്രമാണ് ഇപ്പോൾ ലോകമനഃസാക്ഷിയെ നീറ്റിക്കുന്നത്.
കുട്ടികളോടുള്ള അതിക്രമങ്ങൾ ലോകത്തെവിടെയായാലും അത് ഏറെ ശ്രദ്ധയാകർഷിക്കുകയും, വലിയ ജനരോഷം ഉണർത്താറുമുണ്ട്. വർഷങ്ങളായി സിറിയയിൽ കുഞ്ഞുങ്ങൾക്ക് നേരെ അതിക്രൂരമായ ആക്രമണങ്ങൾ നടക്കുകയും, അതിനെതിരെ പ്രതിക്ഷേധങ്ങൾ ഉയരുകയും ചെയ്യുന്നുണ്ട്. എന്നിട്ടും ഇവിടെയുള്ള അതിക്രമങ്ങൾക്കു യാതൊരു കുറവുമില്ല. നമ്മിൽ നിന്ന് ഏറെ അകലെ നടക്കുന്നൊരു യുദ്ധത്തിന്‍റെ മുഴക്കങ്ങളായി ഇത്തരം ആക്രമണങ്ങളെ അവഗണിക്കാൻ അധികമാർക്കും കഴിയില്ല. ഒരു ഭരണകൂടം സ്വന്തം ജനങ്ങളെ ശ്വാസംമുട്ടിച്ചും മറ്റും കൊല്ലുന്നതിന്‍റെ വാർത്ത എങ്ങനെയാണ് നിർവ്വികാരമായി കേൾക്കാൻ സാധിക്കുക.
ആഭ്യന്തരയുദ്ധം തുടങ്ങിയശേഷം സിറിയൻ ജനതയിൽ വലിയൊരു ഭാഗത്തിനും വീടും നാടും ഉപേക്ഷിച്ചു പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്. കുറെപ്പേർക്ക് അഭയകേന്ദ്രങ്ങൾ എന്ന് വിളിക്കപ്പെടുന്ന തുറന്ന പ്രദേശങ്ങളിലെ താത്കാലിക ഷെഡുകളിലെത്തി ചേർന്നു. ഇത്തരമൊരു അഭയാർഥിസമൂഹത്തിനുമേലാണ് സിറിയൻ സേന ഹെലികോപ്റ്ററിൽനിന്നു ബോംബിട്ടത്. ഇതിൽനിന്നുള്ള ക്ലോറിൻ വാതകം ശ്വസിച്ചാണ് മിക്കവരും മരിച്ചത്. ഇവിടെ രക്ഷാപ്രവർത്തകർ മാസ്ക് ധരിപ്പിച്ച് ആശുപത്രിയിലേക്കു മാറ്റുന്ന കുട്ടികളുടെ കണ്ണുകളിലെ ദയനീയതയും നിസഹായതയും ലോകമനഃസാക്ഷിക്കു മുന്നിൽ വലിയ ചോദ്യച്ചിഹ്നമാണ്. രാസായുധപ്രയോഗത്തിനെതിരേ അന്തർദേശീയമായി ഉയരുന്ന പ്രതിഷേധങ്ങളൊന്നും സിറിയൻ ഭരണകൂടം തീരെ വകെവയ്ക്കുന്നില്ല. ആ ഭരണകൂടത്തിനു തുണയേകാൻ റഷ്യയടക്കമുള്ള ലോകത്തിലെ പ്രമുഖ രാഷ്‌ട്രങ്ങളുമുണ്ട്. ഐക്യരാഷ്‌ട്രസംഘടനയും മറ്റും ഈ സാഹചര്യത്തെ ഉദാസീനതയോടെ കാണുന്നത് തന്നെ മനുഷ്യസ്നേഹികളെ അത്ഭുതപ്പെടുത്തേണ്ട കാര്യമാണ്.
സിറിയയിൽ മരിച്ചുവീഴുന്നവർ ഏതു മതത്തിലോ വർഗ്ഗത്തിലോ പിറന്നവരാകട്ടെ, ആ മരണങ്ങൾ വേദനിപ്പിക്കുന്നത് തന്നെയാണ്. യുദ്ധത്തിൽ എന്നും ഇരകളാക്കുന്നത് സ്ത്രീകളും കുട്ടികളുമാണ്. മനുഷ്യക്കുരുതിക്ക് ഏതു മാർഗവും ആകാമെന്ന നയവുമായി ആധുനികയുഗത്തിലെ ഒരു ഭരണകൂടം മുന്നോട്ടുപോകുന്പോൾ അതിനെതിരേ ശക്തമായി പ്രതികരിക്കാൻ ലോകസമൂഹവും തയ്യാറാകണം. ഒപ്പം സിറിയയിൽ കൊല്ലപ്പെട്ട നിഷ്‌കളങ്കരായ കുഞ്ഞുങ്ങളുടെ മുഖം ഒരു ചോദ്യചിഹ്നമായി ലോകമനഃസാക്ഷിക്കു മുന്നിൽ തെളിഞ്ഞുനിൽക്കുകയാണെന്നും ഓർമ്മിപ്പിച്ചു കൊണ്ട്...