വേ­ഴാ­ന്പലു­കൾ കേ­ഴു­ന്പോൾ ...


പ്രദീപ് പുറവങ്കര

കടുപ്പത്തിലൊരു വാർത്തയെടുക്കൂ, ഒന്ന് ഉഷാറാകട്ടെ. പലപ്പോഴും പ്രിയപ്പെട്ട പല സുഹൃത്തുക്കളും തമാശ രീതിയിൽ ചോദിക്കുന്ന ഒരു കാര്യമാണിത്. കടുപ്പം എന്നുദ്ദേശിക്കുന്നത് രാഷ്ട്രീയവിവാദങ്ങൾ, അഴിമതി, വാണിഭ കേസുകൾ, അനാവശ്യമായ ചളിവാരിയെറിയലുകൾ എന്നിവയാണ്. ഇത്തരം വാർത്തകൾ മാത്രം നൽകി വിഷമിക്കുന്പോഴാണ് ഇടയ്ക്കെപ്പോഴെങ്കിലും മനസിന് ആശ്വാസം നൽകുന്ന ചില വാർത്തകൾ പങ്ക് വെയ്ക്കാൻ സാധിക്കുന്നത്. മഴയെ കാത്തിരിക്കുന്ന വേഴാന്പലിനെ പോലെയാണിത്. അത്തരമൊരു വാർത്തയാണ് ഇന്ന് പങ്കിടാനുള്ളത്. അതിരപ്പള്ളിയിലെ വഴിയരികിൽ‍ ജീവനറ്റ ശരീരവുമായി കിടക്കുന്ന ആൺവേഴാന്പലിനെ പക്ഷിനിരീക്ഷകനും പരിസ്ഥിതി പ്രവർത്തകനുമായ ബൈജു കെ.വാസുദേവ് കണ്ടത്തെയിതോടെയാണ് ഈ വാർത്തയുടെ തുടക്കം. ചിറകടിക്കാതെ താഴ്ന്നു പറന്നപ്പോൾ പാഞ്ഞു പോയ ഏതെങ്കിലും വാഹനം തട്ടിയാവാം ഈ പക്ഷി ചത്തത്. 

രണ്ടു ദിവസത്തെ പഴക്കമുള്ള ആ ജഡത്തിന്റെ കൊക്കിൽ നിറയെ തന്റെഇണയ്ക്കും അതു പോലെ കു‍‍‍‍ഞ്ഞിനുമായി ശേഖരിച്ച പഴങ്ങളുമായിരുന്നുവത്രെ. വേഴാന്പലുകളുടെ ജീവിതക്രമം ഇങ്ങനെയാണെന്ന് പറയപ്പെടുന്നു. തീറ്റതേടിപ്പോയ ആണിനു ആപത്തുണ്ടായാൽ‍ കൂട്ടിലെ ഇണയും കുഞ്ഞും ഭക്ഷണം കിട്ടാതെ വിശന്ന് മരണപ്പെടുന്ന ദുരവസ്ഥയാണ് ഉണ്ടാവുക. ഇതറിയാവുന്ന ബിജു വേഗം തന്നെ കിളിയുടെ കൂടന്വേഷിച്ച്‌ കാടുകയറി. വനപാലകരും ബൈജുവിന്‍റെ സുഹൃത്തും പക്ഷിനിരീക്ഷകനുമായ സുധീഷ്‌ തട്ടേക്കാടും ഒപ്പം ചേർ‍ന്നു. താഴ്ന്നു പറന്ന വേഴാന്പലിന്‍റെ കൂട്‌ ആ പരിസരത്തുതന്നെയാകുമെന്ന സുധീഷിന്‍റെ അനുഭവസന്പത്തായിരുന്നു അന്വേഷണത്തിനു സഹായകരമായത്. രണ്ടു ദിവസത്തെ തിരച്ചിലിനൊടുവിൽ അവർ കൂടു കണ്ടെത്തി. നന്നേ ചെറുതായ കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് കൂട് കണ്ടെത്തിയത്. മറ്റ് വേഴാന്പലുകൾ ഈ കൂട്ടിനടുത്തേയ്ക്ക് വരുന്നുണ്ടായിരുന്നുവെങ്കിലും അതേ മരത്തിൽ കൂടു കൂട്ടിയിരുന്ന മൈനകൾ ഇവയെ ശത്രുക്കളെന്ന് കണ്ട് അവയൊക്കെ ആക്രമിച്ചു ദൂരേക്ക് അകറ്റി. ഒടുവിൽ വലിയൊരു മുളയേണി വെട്ടികൊണ്ടുവന്ന് മരത്തിൽ‍ക്കയറി ഇരുപത്തിയഞ്ചടിയോളം ഉയരത്തിലുള്ള കൂടിന്റെ കവാടത്തിലേയ്ക്ക്‌ ആഞ്ഞിലിപ്പഴങ്ങളും അത്തിപ്പഴങ്ങളും ബൈജു നൽ‍കി. കിട്ടിയപാടെ ആ ഇത്തിരിക്കുഞ്ഞിനു അമ്മക്കിളി അത്‌ കൈമാറുകയും ചെയ്തു. നാലു ദിവസമെങ്കിലും നീണ്ട പട്ടിണിക്കൊടുവിൽ ആ കുഞ്ഞ് ഭക്ഷണം കഴിച്ചു. 

റോഡരികിൽ ഒരു മനുഷ്യൻ തന്നെ ചത്തുവീണാൽ പോലും തിരിഞ്ഞുനോക്കാതെ സംഭവത്തിന്റെ ഫോട്ടോ എടുത്ത് ഫേസ് ബുക്കിലിട്ട് ലൈക്ക് വാങ്ങി നിർവൃതി അടക്കുന്ന തരത്തിൽ മാനസിക വൈകൃതം കാണിക്കുന്ന ഒരു സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കേണ്ട ഒരു വാർത്തയാണിത്. നാട്ടിലെ കാട്ടുപാതകളൊക്കെ നമുക്ക് അടിച്ചുപൊളിക്കാനുള്ള ഇടങ്ങളാണ്. ഇവിടെ എയർകണ്ടീഷൻഡ് കാറുകളിൽ ശരവേഗത്തിൽ യാത്ര ചെയ്യുന്പോൾ ആതിരപ്പള്ളിയിൽ ചത്തുപോയ വേഴാന്പലിനെ പോലെ പല തരത്തിലുള്ള ജീവജാലങ്ങളെ നമ്മൾ മനുഷ്യർ യാതൊരു ദയയുമില്ലാതെ തട്ടിതെറിപ്പിക്കാറുണ്ട്. ബൈജുവിനെയും അദ്ദേഹത്തിന്റെ കൂട്ടാളികളെയും പോലെയുള്ള സഹൃദയർ മാത്രമാണ് ഈ സാഹചര്യത്തിലും ഇപ്പോഴും പ്രതീക്ഷയ്ക്ക് വക നൽകുന്നത്. അവരുടെ പ്രവർത്തനങ്ങൾക്ക് അതു കൊണ്ട് തന്നെ ഹൃദയപൂർവം അഭിനന്ദനം... 

You might also like

Most Viewed