വികസന യുദ്ധം ബാക്കിവെക്കുന്നത്...
പ്രദീപ് പുറവങ്കര
നമ്മുടെ നാട്ടിൽ വീണ്ടും ഒരു വികസനയുദ്ധം നടന്നുവരികയാണല്ലോ. എന്ത് പ്രതിബന്ധങ്ങളെയും തട്ടിതകർത്ത് നാടും, നാട്ടിലെ റോഡും വികസിപ്പിച്ചേ അടങ്ങൂ എന്ന പിടിവാശിയുമായാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുന്പോട്ട് പോകുന്നത്. ആ വാശിയുടെ ഫലമായി ദേശീയപാതയുമായി ബന്ധപ്പെട്ട് ലാത്തിയടിയും, സംഘർഷങ്ങളും രൂക്ഷമായി പലയിടത്തും തുടരുന്നു. വികസനത്തെ പറ്റി രാഷ്ട്രീയഭേദമന്യേ വികലമായ കാഴ്ച്ചപാടുകൾ എത്രയോ കാലമായി തുടർന്നുവരുന്ന സംസ്ഥാനമാണ് കേരളമെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഇത്തരം ഓരോ സംഭവങ്ങളും എന്ന് പറയാതെ വയ്യ. ജീവിതത്തിലെ വലിയൊരു സന്പാദ്യം വീടായും, തൊടിയായും, സ്ഥാപനങ്ങളായും ഒക്കെ മാറ്റിയ നിരപരാധികളായ നിരവധി ആളുകളെ കുടുംബത്തോടെ പെട്ടന്നൊരു നാൾ ഒന്നുമില്ലാത്തവരെ പോലെ ആക്കി തീർക്കുന്ന ഈ ഒരു വ്യവസ്ഥ മനുഷ്യസ്നേഹികളായ ആർക്കും ഒരിക്കലും ന്യായീകരിക്കാനും സാധ്യമല്ല. തങ്ങളുടെയുള്ളിൽ ഉള്ള വേദന കൊണ്ട് സ്ഥലമേറ്റെടുപ്പിനോട് തങ്ങൾക്ക് അറിയാവുന്ന രീതിയിൽ എതിർപ്പ് പ്രകടിപ്പിച്ച ഈ പാവങ്ങളെ തല്ലിചതക്കാൻ ശ്രമിച്ചത് നീചമായ നടപടിയാണെന്നും പറയേണ്ടിയിരിക്കുന്നു. ഒരു പാത വീതികൂട്ടുന്നതിന് മുന്പ് സ്ഥലമേറ്റെടുക്കുന്പോഴുള്ള യാതൊരു മാനദണ്ധങ്ങളും പാലിക്കാതെയും അർഹമായ നഷ്ടപരിഹാരം നൽകുമെന്നത് ഉറപ്പില്ലാതെയുമാണ് പ്രതിക്ഷേധക്കാരുടെ മുകളിൽ അധികാരത്തിന്റെ ഗർവുമായി പോലീസ് ഉദ്യോഗസ്ഥർ കുതിര കയറിയത്.
വിവേകവും പക്വതയും കാണിക്കാതെയുള്ള ഇത്തരം പെരുമാറ്റങ്ങളാണ് ഏതൊരു ജനപക്ഷ സർക്കാരിനെയും കാലക്രമേണ ജനവിരുദ്ധ സർക്കാരായി മാറ്റുന്നത്. എതിർക്കുന്നവരെ കലാപകാരികളും, തീവ്രവാദികളുമൊക്കെയാണ് മന്ത്രിയടക്കമുള്ളവർ ചിത്രീകരിക്കുന്നത്. അതേസമയം വൻകിട മുതലാളിമാരുടെ സ്വത്തുകൾ സംരക്ഷിച്ചു കൊണ്ടാണ് സാധാരണക്കാരന്റെ നെഞ്ചത്ത് ഈ അധികാരികൾ കനൽ വാരിയിടുന്നത്. സ്വന്തമായി ഒരു കിടപ്പാടം എന്ന പൗരന്റെ അവകാശവും സ്വപ്നവുമാണ് ഇത്തരം പക്വതയില്ലാത്ത സ്ഥലമേറ്റെടുപ്പുകളിലൂടെ ഇല്ലാതാകുന്നത്. തങ്ങളുടെ കിടപ്പാടം അന്യാധീനപ്പെട്ടു പോകുന്നതിന്റെ വിഷമം പ്രകടിപ്പിക്കുന്നത് സ്വാഭാവികമായ കാര്യമാണ്. അവരോട് നയപരമായ സമീപനം സ്വീകരിച്ച് കാര്യങ്ങൾ സമവായത്തിലെത്തിക്കുന്നിതിന് പകരം അധികാരത്തിന്റെ ലാത്തി വീശി ഭയപ്പെടുത്തുകയെന്ന തരംതാണ നടപടിയാണ് കഴിഞ്ഞ ദിവസം മലപ്പുറത്ത് സ്ഥലമേറ്റെടുക്കാൻ എത്തിയ ഉദ്യോഗസ്ഥരും, പോലീസും നടത്തിയത്. ജനാധിപത്യ വ്യവസ്ഥിതിയാണ് നമ്മുടേതെന്നും, ഇവിടെ പ്രതിക്ഷേധങ്ങൾ സ്വാഭാവികമാണെന്നും മനസിലാക്കാത്തവരല്ല അധികാര കേന്ദ്രങ്ങളിൽ ഇരിക്കുന്നത്. പ്രതിപക്ഷത്തായിരിക്കുന്പോൾ ഇന്നത്തെ ഭരണപക്ഷവും സമാനമായ നിരവധി പ്രക്ഷോഭ പദ്ധതികളുടെ മുൻനിരയിൽ ഉണ്ടായിരുന്നതും ഓർക്കാം. വികസനം സാധാരണക്കാരുടെ നെഞ്ചത്തൂടെ തന്നെയാകണം എന്ന നിർബന്ധബുദ്ധി ഭരണാധികാരികൾ ഒഴിവാക്കിയില്ലെങ്കിൽ ജനം വരാനിരിക്കുന്ന അവന്റെ അവകാശമായ തെരഞ്ഞെടുപ്പുകളിൽ നൽകുന്ന മറുപടി രൂക്ഷമായിരിക്കുമെന്ന് സംശയമില്ലെന്ന് ഓർമ്മിപ്പിക്കട്ടെ... !!