സു­പ്രീംകോ­ടതി­ നൽ­കി­യ തി­രി­ച്ചടി­....


പ്രദീപ് പുറവങ്കര

ആശുപത്രികൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മാധ്യമ സ്ഥാപനങ്ങൾതുടങ്ങിയ മേഖലകളെ സമൂഹം നോക്കി കാണുന്നത് കച്ചവടം മാത്രം നടക്കുന്ന ഇടങ്ങളായിട്ടല്ല. പൊതുസമൂഹത്തോട് കുറച്ചൊക്കെ കടപ്പാടും അതുപോലെ തന്നെ പ്രതിബദ്ധതയും കാണിക്കേണ്ടുന്ന സ്ഥാപനങ്ങളായിട്ടാണ് ഇവയെ പൊതുവേ കണ്ടുവരുന്നത്. അതുകൊണ്ട് ഇത്തരം സ്ഥാപനങ്ങളിൽ പോകുന്പോൾ നമ്മൾ മിക്കവരും വളരെ അച്ചടക്കത്തോടെ പെരുമാറുകയും അവർ തരുന്ന നിർദേശങ്ങൾ പാലിക്കുകയും ചെയ്യുന്നു. ഇവിടെയുള്ള ലാഭനഷ്ട കണക്കുകളുടെയും വീതം വെയ്ക്കലുകളുടെയും അണിയറ രഹസ്യങ്ങൾ ഇത്തരം സ്ഥാപനങ്ങളുടെ മേൽതട്ടിൽ ഇരിക്കുന്നവർക്ക് മാത്രം സ്വന്തമാകുന്ന കാര്യമാണ്. ഇതൊക്കെ കൊണ്ട് തന്നെ ഈ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് സമൂഹം വലിയ മാന്യതയും നൽകുന്നു. 

അതേസമയം കച്ചവടക്കാരുടെ  ഇടയിൽ ഈ മേഖലകളൊക്കെ ഏറ്റവും എളുപ്പത്തിൽ മാന്യമായി പണം ഉണ്ടാക്കാൻ സാധിക്കുന്ന പ്രവർത്തനങ്ങളായി തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട മേഖലയാണ് വിദ്യാഭ്യാസം. നാട്ടിലെ കുട്ടികൾക്ക് സൗജന്യമായി നൽകേണ്ട അറിവിന് പണം ഈടാക്കുന്ന സാഹചര്യത്തിലാണ് നമ്മുടെ കേരളത്തിൽ ഈ മേഖലയിലേയ്ക്ക് കച്ചവടക്കാർ പ്രവേശിച്ചു തുടങ്ങിയത്. കുട്ടിക്ക് പഠിക്കാൻ വലിയ താത്പര്യമൊന്നുമില്ലെങ്കിൽ പോലും അവനെ ഡോക്ടറും, എഞ്ചിനീയറുമൊക്കെ ആക്കി മാറ്റാൻ സർക്കാറിന്റെ ഒത്താശയോടെ ഈ കച്ചവടക്കാർക്ക് മിക്കപ്പോഴും സാധിച്ചു. അത്തരം ഒരു ഒത്താശയായിരുന്നു നമ്മുടെ നിയമസഭയിലെ ഭരണപക്ഷവും, പ്രതിപക്ഷവും ഒന്നിച്ച് ചേർന്ന് പാസാക്കിയ കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിലെ പ്രവേശനം ക്രമപ്പെടുത്തികൊണ്ടുള്ള ഓർഡിനൻസ്. രണ്ടു മെഡിക്കൽ കോളേജുകളിലേയും പ്രവേശനം റദ്ദാക്കിയ സുപ്രിം കോടതി ഉത്തരവ് മറികടക്കാനായിരുന്നു സർ‍ക്കാർ ഈ ഓർ‍ഡിനൻ‍സ് കൊണ്ടുവന്നത്. എന്നാൽ ഈ ഓർഡിനൻസ് സ്‌റ്റേ ചെയ്യുകയും പ്രവേശനം നേടിയ 180 വിദ്യാർത്ഥികളേയും പുറത്താക്കണമെന്നും അറിയിച്ചിരിക്കുകയാണ് സുപ്രിം കോടതി. സ്വകാര്യ മാനേജ്‌മെന്റുകളെ സഹായിക്കാനായി ഭരണപ്രതിപക്ഷഭേദമന്യേ നടത്തിയ നീക്കത്തിന് കിട്ടിയ തിരിച്ചടിയാണ് ഈ കോടതി ഉത്തരവ്.  ഇവിടെയുള്ള 180 കുട്ടികളിൽ 44 പേർക്ക് പ്രവേശനത്തിന് അർഹതയുണ്ടെന്ന് നേരത്തേ സർക്കാർ തന്നെ നിയമിച്ച അതോറിറ്റി കണ്ടെത്തിയിരുന്നു. ആ കുട്ടികളും സപ്രീം കോടതി തീരുമാനത്തോടെ ഇപ്പോൾ പുറത്തായിരിക്കുകയാണ്. 

കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമത്തിലൂടെ  1994 നവംബർ 25ന് കൂത്തുപറന്പ് വെടിവെയ്പ്പിനെ തുടർന്ന് ശരീരം ആകെ തളർന്ന് ഇന്നും നരകയാതന അനുഭവിക്കുന്ന സഖാവ് പുഷ്പന്റെ ചുറ്റിലും കുറേ കുട്ടികൾ നിന്ന് അദ്ദേഹത്തെ പറ്റിയുള്ള കവിത ചൊല്ലുന്നത് കേട്ടിരുന്നു. അദ്ദേഹം ഇത്തരത്തിലുള്ള കവിതകൾ മാത്രം കേൾക്കട്ടെ എന്ന് മനസ് ഇപ്പോൾ ആഗ്രഹിക്കുന്നു. അദ്ദേഹമടക്കമുള്ളവർ എതിർത്ത കാര്യങ്ങൾ നേതാക്കൾ  തന്നെ മുൻകൈയെടുത്ത് നടത്തുന്നു എന്ന സത്യം അദ്ദേഹം അറിയാതിരിക്കട്ടെ. സ്വാശ്രയവിദ്യാഭ്യസത്തിന്റെ പ്രശ്നങ്ങളെ പറ്റി പറഞ്ഞും, പ്രസംഗിച്ചും സമരം നടത്തിയും ഇങ്ങിനെ എത്രയോ പുഷ്പൻമാരുടെ രക്തം നമ്മുടെ നാട്ടിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ ഒഴുകിയിട്ടുണ്ട്. പിന്നീട് അവർ തന്നെ സ്വന്തമായി ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നതും പൊതുസമൂഹം കണ്ടു. ഇത്തരം അവസരവാദ നിലപാടുകൾക്കുള്ള നല്ലൊരു തിരിച്ചടിയാണ് ഈ സുപ്രീം കോടതി വിധിയെന്ന് ഇപ്പോൾ പറയാതെ വയ്യ...

You might also like

Most Viewed