ഫോണുകൾ സുല്ലിടുന്പോൾ...
പ്രദീപ് പുറവങ്കര
സുഹൃത്ത് അത്യാവശ്യമായ ഒരു കാര്യം പറഞ്ഞുകൊണ്ടിരിക്കുന്പോഴാണ് ഫോൺ ഹാങ്ങ് ആയത്. ഗാലറിയിൽ വന്ന് കിടക്കുന്ന ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ഉണ്ടാക്കുന്ന ബഹളം പാവം ഫോണിനെ ഇങ്ങിനെ പലപ്പോഴും നിർവീര്യനാക്കാറുണ്ട്. നിങ്ങൾക്കും ഈ അനുഭവം ഉണ്ടായികാണാം. ഗുഡ്മോണിങ്ങ് മെസേജുകൾ മുതൽ രാത്രിക്കുള്ള താരാട്ട് പാട്ട് വരെ ഫോണിന്റെ മെമ്മറിയിൽ അനുവാദമില്ലാതെ കയറിവരുന്പാഴാണ് ഫോൺ സുല്ല് പറഞ്ഞുപോകുന്നത്. ഗ്രൂപ്പുകളുടെ അധികഭാരത്താൽ ഫോൺ തളർന്നുപോകുന്പോൾ പലപ്പോഴും നമ്മുടെ മനസും മടുക്കുന്നുണ്ട് എന്നതാണ് യാത്ഥാർത്ഥ്യം. എന്ത് വായിക്കണം, എന്ത് അറിയണം എന്ന ചിന്തയിൽ ചിലപ്പോൾ ഒന്നും വായിക്കുകയും അറിയുകയും വേണ്ട എന്ന അവസ്ഥയിലേയ്ക്ക് മനസ് എത്തിപോകുന്നുണ്ടെങ്കിൽ ആരെയും കുറ്റം പറയാൻ സാധിക്കില്ല.
സാങ്കേതിക വിദ്യകൾ ശക്തമായതോടെ നമ്മുടെ ചുറ്റുമുള്ള അക്ഷരങ്ങൾക്കും, ദൃശ്യങ്ങൾക്കും, ശബ്ദങ്ങൾക്കും ഒക്കെ ഭ്രാന്ത് പിടിച്ച ഒരു സാഹചര്യം നിലനിൽക്കുന്നുണ്ട്. കാണാൻ ആഗ്രഹിക്കാത്ത കാര്യങ്ങളെ കാണുവാനും, കേൾക്കാൻ താൽപ്പര്യമില്ലാത്ത കാര്യങ്ങൾ കേൾക്കുവാനും. പറയാൻ പാടില്ലാത്തത് പറയുവാനും നിർബന്ധിക്കപ്പെടുന്ന വല്ലാത്തൊരു ത്വര ഈ കാലത്ത് നമ്മെ പിടികൂടിയിരിക്കുന്നു. മുന്പിൽ സ്വന്തം അമ്മയുടെ വസ്ത്രമുരിയൽ ആയാൽ പോലും അതിനെ ദൃശ്യവത്കരിച്ച് പൊതുസമൂഹത്തിന് മുന്പിൽ കാഴ്ച്ച വെച്ച് കാണുന്നവരുടെ നിർവൃതിയിൽ സന്തോഷിക്കുന്ന മാനസിക വൈകൃതത്തിലേയ്ക്കും അധുനിക സാങ്കേതിക വിദ്യകൾ മനുഷ്യനെ കൊണ്ട് എത്തിച്ചിരിക്കുന്നു എന്നു പറയാതെ വയ്യ.
പത്രമാധ്യമങ്ങൾ പൊതുവേ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്പോൾ കാണിക്കാറുള്ള അച്ചടക്കം ദൃശ്യമാധ്യമങ്ങൾ മറന്നുപോയിരുന്നു. ഇതിന്റെ തുടർച്ചയാണ് സോഷ്യൽ മീഡിയകളിലും കാണുന്നത്. മുതിർന്നവർക്ക് പോലും കാണാൻ അറപ്പും, വെറുപ്പുമുണ്ടാക്കുന്ന ദൃശ്യങ്ങളാണ് ഓരോ ദിവസവും നമ്മുടെ ഫോൺ ഗാലറികളിൽ വന്ന് നിറയുന്നത്. ചെറിയ കുട്ടികൾക്ക് പോലും ഫേസ്ബുക്ക് അക്കൗണ്ട് ഉള്ള ഈ കാലത്ത് ബാല്യത്തിൽ തന്നെ അവരുടെ മനസിൽ പതിയുന്ന ചിത്രങ്ങളും വാർത്തകൾ എത്രമാത്രം മോശമായി അവരെ സ്വാധീനിക്കുന്നുണ്ടാകും എന്നതും ചിന്തിക്കേണ്ട കാര്യമാണ്. ഇതോടൊപ്പം കൈയിൽ കിട്ടുന്നതെന്തും എന്താണെന്ന് പോലും നോക്കാതെ സമൂഹത്തിലേയ്ക്ക് ഷെയർ ചെയ്യുന്നവരും നമ്മുടെ ഇടയിൽ ധാരാളം. തികച്ചും വിഷലിപ്തമാണ് ഇങ്ങിനെ ഷെയർ ചെയ്യപ്പെടുന്ന പല സന്ദേശങ്ങളും. ഇതിനെയൊന്നും ആരും ചോദ്യം ചെയ്യില്ലെന്ന തോന്നലിൽ വീണ്ടും വീണ്ടും ആ സന്ദേശങ്ങളുടെ പ്രവാഹം തുടരുകയും ചെയ്യും. അതു പോലെ തന്നെ കാരുണ്യത്തിന്റെ മുഖപടമണിഞ്ഞ് ചില സോഷ്യൽ ഗ്രൂപ്പുകളും നമ്മുടെ ഇടയിൽ ഇന്ന് സജീവമാണ്. പലതും ഒരു പ്രത്യേക രാഷ്ട്രീയത്തിന്റെയോ, വിശ്വാസങ്ങളുടെ പ്രചരണത്തിനാണ് ഉപയോഗിക്കപ്പെടുന്നത് എന്നതാണ് സത്യം. പൊടിക്ക് ഒരൽപ്പം കാരുണ്യവും ഇതിനൊപ്പം ഉണ്ടാകും. ഗ്രൂപ്പിന്റെ പേരിൽ സോഷ്യൽ എന്ന വാക്ക് കൊണ്ട് വന്ന് ഞങ്ങൾ നീലകുറക്കൻമാരല്ല എന്ന് തെളിയിക്കാനുള്ള പെടാപാടാണ് മിക്ക അഡ്മിനുകളും ചെയ്തു പോരുന്നത്. ഇത് പൊതുസമൂഹം ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണെന്നും പറയാതെ വയ്യ!!