കരകാണാകടലല മേലേ...
പ്രദീപ് പുറവങ്കര
ഒരു പരാജയം സംഭവിച്ച് കഴിഞ്ഞാൽ ആ പരാജയ കാലയളവിൽ ഉണ്ടായ പാഠങ്ങളെ മനസിരുത്തി പഠിച്ച് വേണ്ട തെറ്റുകൾ തിരുത്തുന്പോഴാണ് മഹത്തായ വിജയങ്ങളുണ്ടാകുന്നത്. ചിലർക്ക് പരാജയത്തിന്റെ കാലയളവിൽ കാലിടറും. പ്രതീക്ഷിച്ച ഇടങ്ങളിൽ നിന്ന് ഒരു കൈത്താങ്ങ് ആഗ്രഹിച്ചുപോയവർക്ക് നിരാശയും സമ്മാനമായി ലഭിച്ചേക്കാം. ഇത് ഏതൊരാളുടെയും ജീവിതത്തിൽ സാധാരണയാണ്. പരാജയ കാലഘട്ടത്തിലാണ് ഒരാൾക്ക് അവന്റെ ജീവിതത്തെ ഏറ്റവും നന്നായി മനസ്സിലാക്കാൻ സാധിക്കുക. ഇത് വ്യക്തികൾക്ക് മാത്രമല്ല, മറിച്ച് രാജ്യങ്ങൾക്ക് പോലും ബാധകമാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ ഹിരോഷിമയും, നാഗാസാക്കിയും കണ്ട് മനസും ശരീരവും മരവിച്ച ജാപ്പാൻ പിന്നീട് ലോകരാജ്യങ്ങളുടെ ഇടയിൽ ഏറ്റവും മുൻനിരയിൽ എത്തിയത് ഉദാഹരണം. ഫീനിക്സ് പക്ഷിയെ പോലെ ചാരത്തിൽ നിന്നായിരുന്നു ആ ഉയർത്തേഴുന്നേൽപ്പ്.
എത്രയോ രാജ്യങ്ങളിലെ കോടികണക്കിന് ജനങ്ങൾക്ക് ജീവിക്കാനുള്ള മാർഗം കാണിച്ച് തന്ന സ്ഥലമാണ് അറബ് മേഖല. അതിന് കാരണമായത് ബഹ്റൈൻ എന്ന ദ്വീപ് രാഷ്ട്രത്തിൽ എണ്ണയുടെ നിക്ഷേപം കണ്ടെത്തിയതിനെ തുടർന്നാണ്. ബഹ്റൈന് പുറമേ മറ്റ് അറബ് രാജ്യങ്ങളിലും ഇതേ രീതിയിൽ എണ്ണയുടെ നിക്ഷേപങ്ങൾ കണ്ടെത്തിയതോടെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർ ഇവിടേയ്ക്ക് ഒഴുകി എത്തിതുടങ്ങി. ഒരു വ്യത്യാസവും കാണിക്കാതെ ഇവരൊയക്കെ ഈ രാജ്യങ്ങൾ കൈ നീട്ടി സ്വീകരിച്ചു. തങ്ങൾക്ക് ലഭിച്ച സൗഭാഗ്യം മറ്റുള്ളവർക്കൊപ്പം പങ്ക് വെയ്ക്കാൻ മഹാമനസ്കതയും കാണിച്ചു. ഇവിടെയുള്ള ഭരണാധികാരികളും എണ്ണ ഉത്പാദനത്തെ തുടർന്നുണ്ടായ സന്പത്ത് അതാത് രാജ്യങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കായി ദീർഘവീക്ഷണത്തോടെ ഉപയോഗിച്ചു. സ്വദേശികൾക്ക് മാത്രമായി ഒന്നും ഒതുക്കിവെയ്ക്കാതെ രാജ്യത്ത് താമസിക്കുന്ന ഏവരോടും ഒരേ നിലപാട് സ്വീകരിച്ച് ഈ ഭരണാധികാരികൾ മാതൃകയായി. എന്നാൽ സമീപകാലത്ത് ഇവിടങ്ങളിൽ ഉണ്ടായ രാഷ്ട്രീയ അസ്ഥിരത കാരണവും, എണ്ണ ഉത്പാദനത്തിൽ ഉണ്ടായ കുറവ് കാരണവും ഈ രാജ്യങ്ങൾക്കൊക്കെ സാന്പത്തികമായി അൽപ്പം ക്ഷീണം സംഭവിക്കുകയും, പ്രവാസികളായവരെ ഇവിടെ നിന്ന് മാറ്റിനിർത്തുന്നതിനെ പറ്റി ചിന്തിക്കേണ്ട അവസ്ഥ വരികയും ചെയ്തു. നിനച്ചിരിക്കാതെ ഇത്തരത്തിൽ ഒരു വൈഷമ്യം വന്നപ്പോൾ അതിനെ ഫലപ്രദമായി അതിജീവിക്കാനും ഈ രാജ്യങ്ങൾ ഇതിനിടയിൽ പഠിച്ചു. നികുതി കൂട്ടിയും, പല വിധ വരുമാന ശ്രോതസുകൾ പുതുതായി കണ്ടെത്തിയുമൊക്കെ പ്രതിസന്ധികളെ അതിജീവിക്കാൻ അറബ് രാജ്യങ്ങൾ നിർബന്ധിക്കപ്പെട്ടു. അങ്ങിനെയുള്ള ഒരു സാഹചര്യത്തിലാണ് സ്വദേശികളെയും, വിദേശികളെയും ഒരു പോലെ ആഹ്ലാദിപ്പിച്ച ഒരു വാർത്ത പുറത്ത് വന്നിരിക്കുന്നത്. ബഹ്റൈന്റെ പടിഞ്ഞാറൻ തീരത്ത് വൻ തോതിൽ എണ്ണ, വാതക നിക്ഷേപം കണ്ടെത്തിയെന്ന സുവാർത്തയാണത്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ വാതക ശേഖരമാണ് ഇതെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. സൗദിയുമായി സഹകരിച്ചാണ് ഇവിടെ എണ്ണ ഉല്‍പ്പാദനം നടത്തുന്നത്. രാജ്യത്തിന്റെ ദീർഘകാല എണ്ണ−വാതക ആവശ്യങ്ങൾ നിറവേറ്റുന്നതിനോടൊപ്പം തന്നെ രാജ്യത്തിന്റെ സന്പദ് വ്യവസ്ഥയുടെ പുരോഗതിക്കും ശക്തിപകരുന്നതാണ് ഈ കണ്ടുപിടുത്തം. നിരവധി ജോലി സാധ്യതകളാണ് ഇതുമായി ബന്ധപ്പെട്ട് ബഹ്റൈനിൽ ഉണ്ടാകാൻ പോകുന്നതെന്ന് വിദഗ്ദ്ധർ പ്രവചിച്ച് കഴിഞ്ഞു. ഈ ഒരു സന്തോഷത്തിൽ പോറ്റമ്മയായ ബഹ്റൈനോടൊപ്പം പങ്ക് ചേരട്ടെ...!!!