മാപ്പ് പറയാനെന്ത് മടി...
പ്രദീപ് പുറവങ്കര
രക്ഷിതാക്കൾ കുട്ടികളെ പഠിപ്പിക്കുന്ന ഒരു കാര്യമാണ് തെറ്റ് പറ്റിയെന്ന് തോന്നിയാൽ മാപ്പ് പറയണം എന്നത്. എന്നാൽ ചിലർക്ക് എത്ര വളർന്നാലും ഈ വാക്ക് ഒട്ടും ദഹിക്കില്ല. എത്ര വലിയ തെറ്റ് ചെയ്താലും ഞാനെന്തിന് മാപ്പ് പറയണമെന്ന ചിന്തയോടെ വാശിപിടിച്ച് അവർ നിൽക്കും. ദുരഭിമാനത്തിന്റെയോ അഹങ്കാരത്തിന്റെയോ ഒക്കെ മേന്പോടിയുമായി ജീവിക്കുന്നവർക്കാണ് ഇത്തരമൊരു ദുരവസ്ഥ അവരുടെ ജീവിതത്തിൽ വന്നുപോകുന്നത്. തുടക്കത്തിൽ ഈ വാശി കാരണം കുറച്ച് നേരം വിജയിച്ചുവെന്നൊക്കെ തോന്നുമെങ്കിലും ആത്യന്തികമായി പരാജയപ്പെട്ടുപോകുന്നവരാണ് ഇത്തരം ആളുകൾ.
കഴിഞ്ഞ കുറച്ച് ദിവസമായി ഇന്ത്യൻ രാഷ്ട്രീയത്തിൽ കണ്ടു പരിചയമില്ലാത്ത ഒരു രാഷ്ട്രീയകുശലത നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. ആരോപണമുന്നയിച്ചവർ കോടതികളിൽ നൽകിയ മാനനഷ്ട കേസുകളിൽ നിന്ന് രക്ഷപ്പെടാൻ കേസ് കൊടുത്തവരോട് മാപ്പ് ചോദിക്കുന്ന ഒരു വ്യത്യസ്തമായ പരിപാടിയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്്രിവാൾ വിജയകരമായി തുടർന്ന് വരുന്നത്. പല്ലും നഖവും ഉപയോഗിച്ച് അദ്ദേഹം എതിർത്തിരുന്ന കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയോടാണ് ഏറ്റവും അവസാനമായി കേജ്്രിവാൾ മാപ്പ് അപേക്ഷിച്ചിരിക്കുന്നത്. ഡൽഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് ജെയ്റ്റ്‌ലി അഴിമതി കാട്ടിയെന്ന ആരോപണത്തെ തുടർന്നുള്ള മാനനഷ്ട കേസ് ഒഴിവാക്കാനാണ് ജെയ്റ്റ്‌ലിയോട് കേജ്്രിവാൾ മാപ്പ് ചോദിച്ചത്. കേജ്്രിവാളിനൊപ്പം കേസിലെ പ്രതികളായ ആം ആദ്മി പാർട്ടി നേതാക്കളായ അശുതോഷ്, സഞ്ജയ് സിംഗ്, രാഘവ് ഛദ്ദ, ദീപക് ബാജ്‌പേയ് എന്നിവരും അരുൺ ജെയ്റ്റ്‌ലിയോട് മാപ്പ് ചോദിച്ചിട്ടുണ്ട്. 10 കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ടാണ് 2015 ഡിസംബറിൽ അരവിന്ദ് കേജ്്രിവാളിനും എഎപി നേതാക്കൾക്കുമെതിരെ അരുൺ ജെയ്റ്റ്‌ലി മാനനഷ്ട കേസ് ഫയൽ ചെയ്തത്. ഇതു കൂടാതെ നേരത്തേ പഞ്ചാബിലെ ശിരോമണി അകാലി ദൾ നേതാവ് ബിക്രം സിംഗ് മജീതിയ, കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ നിതിൻ ഗഡ്കരി എന്നിവരോടും കേജ്്രിവാൾ മാപ്പ് ചോദിക്കുകയും മാനനഷ്ട കേസുകളിൽ നിന്ന് തലയൂരുകയും ചെയ്തിരുന്നു.
ഒരു ആരോപണമുന്നയിച്ചാൽ അതിൽ ഉറച്ച് നിൽക്കാൻ പോലും പറ്റാത്ത ഒരു നേതാവാണ് കെജ്്രിവാളെന്ന് രാഷ്ട്രീയ എതിരാളികളുടെ ആരോപണം നിലനിൽക്കുന്പോൾ തന്നെ ഈ മാപ്പ് പരിപാടി വ്യത്യസ്തമായൊരു ശൈലിയാണെന്ന് പറയാതെ വയ്യ. ഇന്നത്തെ കാലത്ത് താൻ പിടിച്ച മുയലിന് മൂന്ന് കൊന്പാണെന്ന് വിചാരിക്കുന്നവരാണ് നമ്മിൽ മിക്കവരും. ചില അനാവശ്യ വാശികൾക്ക് വേണ്ടി ജീവിതത്തിലെ എത്രയോ വലിയ ബന്ധങ്ങളും സൗഹൃദങ്ങളും നിമിഷ നേരം കൊണ്ട് മാറ്റിവെക്കുന്നവരും ധാരാളം. 25,000 മുതൽ 30,000 ദിവസം മാത്രം ഈ ഭൂമുഖത്ത് ജീവിക്കാൻ വന്ന നമ്മൾ ഇതിൽ മൂന്നിലൊരു ഭാഗം ഉറങ്ങി തീർക്കും എന്നതാണ് യാത്ഥാർത്ഥ്യം. ബാക്കിയുള്ള ഭാഗം അനാവശ്യ വാശിയും പിടിച്ച്, ആരൊടൊക്കെയോ ദേഷ്യവും കാണിച്ച്, പരിഭവിച്ച് നടന്നാൽ അങ്ങിനെ ചെയ്യുന്നയാൾക്ക് മാത്രമാണ് ഇത്തരം പ്രവർത്തികളിലൂടെ നഷ്ടമുണ്ടാകുന്നത് എന്ന തിരിച്ചറിവ് ഉണ്ടായാൽ തന്നെ ഏതൊരു മനുഷ്യജന്മവും സഫലമാകും എന്നതാണ് സത്യം. വ്യക്തിപരമായ എതിർപ്പുകൾക്ക് പകരം ചെയ്യുന്ന കർമ്മത്തെ പരസ്പര ബഹുമാനത്തോടെ എതിർക്കപ്പെടുന്ന ഒരു അവസ്ഥയിലേയ്ക്ക് എത്തുകയും തെറ്റാണെന്ന് തോന്നിയാൽ കേജ്്രിവാളിനെ പോലെ മാപ്പ് പറയാനുള്ള ഹൃദയവിശാലത ഏവർക്കുമുണ്ടാകട്ടെ എന്നാഗ്രഹത്തോടെ...