അറിവ് കൈമാറുന്പോൾ...
പ്രദീപ് പുറവങ്കര
സ്കൂൾ പ്രവേശനം എന്നത് നമ്മുടെ വിപണിയുടെ തന്നെ ഏറ്റവും വലിയ ഉത്സവകാലമാണ്. പുതിയ പുസ്തകത്തിന്റെയും, പെൻസിലിന്റെയും, ചോറ്റുപാത്രത്തിന്റെയും, യൂണിഫോമിന്റെയും ഒക്കെ മണം ഗൃഹാതുരമായ ഓർമ്മകൾ നിറക്കുന്ന കാലം കൂടിയാണിത്. പ്രവാസലോകത്ത് അദ്ധ്യയന വർഷം ആരംഭിക്കുന്നത് ഏപ്രിൽ മാസമാണ്. രണ്ട് മാസത്തെ പഠനത്തിന് ശേഷം മധ്യവേനലവധി ആരംഭിക്കും. അതിന് ശേഷം സെപ്തംബറിൽ വീണ്ടും ക്ലാസുകൾ. ഇങ്ങിനെ ഏപ്രിൽ, സപ്തംബർ മാസം രക്ഷിതാക്കളുടെ കീശയിലെ കാശ് ചോരുന്ന മാസങ്ങളായി മാറുന്നു. പ്രവാസലോകത്ത് നിലനിൽക്കുന്ന സാന്പത്തിക പ്രതിസന്ധിയുടെ കാലത്ത് പല രക്ഷിതാക്കൾക്കും ഈ സ്കൂൾ പ്രവേശന മാസങ്ങൾ പേടിസ്വപ്നം കൂടിയായി മാറിയിട്ടുണ്ട്. അതിന് ഒരു പരിഹാരമായി മാറുകയാണ് ബഹ്റൈനിലെ ഒരു കൂട്ടം നന്മ നിറഞ്ഞ രക്ഷിതാക്കൾ കഴിഞ്ഞ രണ്ട് വർഷമായി നടത്തിവരുന്ന പാഠപുസ്തക വിതരണം.
ഓരോ ക്ലാസും കഴിയുന്പോൾ അതു വരെ ഉപയോഗിച്ച പുസ്തകങ്ങൾ ഉപയോഗശൂന്യമാവുകയോ, ചവറ്റ് കൊട്ടയിൽ സ്ഥാനം പിടിക്കുകയോ ആണ് ചെയ്യാറുള്ളത്. അതിന് പകരം ഈ പുസ്തകങ്ങൾ കൈമാറുന്ന ഒരു പരിപാടിയാണ് ബഹ്റൈൻ കേരളീയ സമാജത്തിന്റെ സഹകരണത്തോടെ ഇൻഡക്സ് എന്ന കൂട്ടായ്മ എടുത്തുനടത്തി വിജയിപ്പിക്കുന്നത്. ഗൾഫിന്റെ പലയിടങ്ങളിലും സമാനമായ പ്രവർത്തനങ്ങൾ നടത്തുവാൻ പ്രവാസി സംഘടനകൾ മുന്പോട്ട് വരികയാണെങ്കിൽ നിരവധി പേർക്ക് അത് വലിയൊരാശ്വാസമാകും എന്നത് തീർച്ച. യൂസ് ആന്റ് ത്രോ എന്ന സംസ്കാരത്തിൽ നിന്നുള്ള ഒരു മാറ്റം കൂടിയാണിത്. മറ്റൊരു വിദ്യാർത്ഥിക്ക് ഉപയോഗിക്കാവുന്ന പുസ്തകമാണ് തന്റേതെന്ന് ഒരു കുട്ടി ഓർത്തു തുടങ്ങിയാൽ പുസ്തകങ്ങളെ നന്നായി കൈകാര്യം ചെയ്യാനും ആ കുട്ടി പഠിക്കും. അറിവ് പങ്കിടുന്പോൾ ഇരട്ടിക്കുമെന്ന് പറയാറുണ്ട്. ഇവിടെ അറിവ് പകർന്നുതരുന്ന പുസ്തകങ്ങൾ പങ്കിടുന്പോൾ ഉണ്ടാകുന്ന ആഹ്ലാദം വളരെയേറെയായിരിക്കുമെന്നതും ഉറപ്പ്. പാവപ്പെട്ട രക്ഷിതാക്കൾക്ക് മാത്രം ലഭിക്കുന്ന ഒരു കാരുണ്യ പദ്ധതിയായി ഇതിനെ കാണുന്നതിന് പകരം, ആർക്കും തന്നെ പൊതുവായി ഉപകരിക്കുന്ന ഒരു നല്ല പ്രവർത്തിയായി പുസ്തക കൈമാറ്റ പരിപാടികളെ കാണേണ്ടതുണ്ട്. അതുകൊണ്ട് ഇങ്ങിനെ പുസ്തകങ്ങൾ വാങ്ങിക്കുന്നതിലോ കൊടുക്കുന്നതിലോ ദുരഭിമാനത്തിന്റെ ആവശ്യവുമില്ല.
പ്രവാസലോകത്തിന് പുറമേ നമ്മുടെ നാട്ടിലും സാമൂഹ്യസംഘടനകൾക്ക് നടത്താൻ സാധിക്കുന്ന ഒരു നല്ല പരിപാടിയാണിത്. സർക്കാർ സ്കൂളുകളിൽ പുസ്തകങ്ങൾ സൗജന്യമായി നൽകുന്നുണ്ടെങ്കിലും സ്വകാര്യ സ്കൂളൂകളിൽ അതല്ല സ്ഥിതി. പല സ്കൂളുകളും ഭീമമായ കമ്മീഷനാണ് പുസ്തകം വിൽപ്പനയുടെ പേരിൽ ഉണ്ടാക്കുന്നത്. പ്രവാസലോകത്തും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ പുസ്തകങ്ങളോടൊപ്പം യൂണിഫോമിലാണ് സ്കൂൾ മാനേജ്മെന്റുകൾ അമിതമായി പണമുണ്ടാകുന്നത്. ഒരു പ്രത്യേക കടയിൽ മാത്രം സ്കൂളിന്റെ ലോഗോ കിട്ടുന്ന സാഹചര്യം സൃഷ്ടിച്ചാണ് കമ്മീഷൻ എടുക്കുന്നത്. ഇത്തരത്തിലുള്ള തെറ്റായ നടപടികളെയും ഇല്ലാതാക്കാൻ ബഹ്റൈനിലെ നല്ലവരായ പ്രവാസികൾ നടത്തിയത് പോലെയുള്ള പ്രവർത്തനങ്ങൾ സഹായകരമാകും എന്ന് ഓർമ്മപ്പെടുത്തികൊണ്ട് സംഘാടകർക്ക് അഭിനന്ദനങ്ങൾ നേരുന്നു.