വി­കസനം വരു­ന്ന തെ­റ്റാ­യ വഴി­കൾ...


പ്രദീപ് പുറവങ്കര

കണ്ണൂർ ജില്ലയിലെ കീഴാറ്റൂർ പ്രദേശം റോഡ് വികസനവുമായി ബന്ധപ്പെട്ട് വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. വികസനം വേണോ പരിസ്ഥിതി വേണോ എന്ന തരത്തിലുള്ള ഇത്തരം ചർച്ചകൾ നമ്മുടെ നാട്ടിൽ എന്നും ഉണ്ടായിട്ടുണ്ട്. വികസന പദ്ധതികളുടെ സ്വഭാവം, അവ നടപ്പാക്കുന്ന രീതി, അതിന് പിന്നിലുള്ള രാഷ്ട്രീയം എന്നിവയൊക്കെ ഈ ചർച്ചയുടെ ഭാഗമായി ഉയർന്നുവരുന്ന ഉപവിഷയങ്ങളാണ്. ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നതാണ് വികസന പദ്ധതികൾ കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. ഈ ആവശ്യങ്ങളെ കണ്ടറിഞ്ഞ് ചെയ്യുന്പോൾ തന്നെ പ്രദേശത്തെ ജനങ്ങളെ കൂടി വിശ്വാസത്തിലെടുത്തു കൊണ്ട് കാര്യങ്ങൾ മുന്പോട്ട് നീക്കാൻ ഭരണകൂടം ശ്രമിക്കാതിരിക്കുന്പോഴാണ് അവിടെ പ്രശ്നങ്ങളും, പ്രതിസന്ധികളും കടന്നുവരുന്നത്. ഭരണകൂടം കെട്ടിയിറക്കുന്ന ഏതൊരു പദ്ധതിയും സ്വീകരിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്ന് സമ്മതിക്കാൻ ഒരു ജനാധിപത്യസമൂഹത്തിലെ ജനങ്ങൾ തയ്യാറാവില്ല എന്ന് തിരിച്ചറിയേണ്ടതും ഈ സാഹചര്യത്തിലാണ്. കാര്യങ്ങൾ സുതാര്യമാകുകയാണെങ്കിൽ ജനങ്ങൾ തന്നെ സഹകരിച്ച് അവർക്ക് കൂടി ഗുണം നൽകുന്ന വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകും എന്നതും എത്രയോ തവണ നമ്മുടെ നാട് തെളിയിച്ച കാര്യമാണ്. 

ദേശീയ പാതവികസനവും, ഗെയിൽ പാചക പദ്ധതിയും ആണ് ഇപ്പോൾ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന വികസന പരിപാടികൾ. ഇവ രണ്ടും കേന്ദ്ര സർക്കാറിന്റെ പദ്ധതികളാണ്. ജാനസാന്ദ്രത ഏറെയുള്ള സംസ്ഥാനമായ കേരളത്തിൽ ഇത്തരം പദ്ധതികൾക്കായുള്ള സ്ഥലമെടുപ്പ് വലിയ വെല്ലുവിളി തന്നെയാണ് സർക്കാരിന് മുന്പിൽ സൃഷ്ടിക്കുന്നത്. പലയിടങ്ങളിലും സ്ഥലം നഷ്ടപ്പെടുന്ന സാധാരണക്കാരന്റെ ഭാവി ഇരുളടഞ്ഞത് തന്നെയാണ്. റോഡ് വീതികൂട്ടാനായി ഏറ്റെടുക്കുന്ന സ്ഥലങ്ങളിൽ പലയിടത്തും വീടുകൾക്ക് നാശനഷ്ടം സംഭവിക്കുന്നുണ്ട്. സ്ഥലം നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ചും അവ്യക്തമായ നിലപാടുകളാണ് നമ്മുടെ നാട്ടിൽ നിലനിൽക്കുന്നത്. ഇങ്ങിനെ പദ്ധതികൾ നടപ്പാക്കുന്നതിൽ സ്വീകരിക്കുന്ന ജനവിരുദ്ധതയും, സുതാര്യമല്ലാത്ത നിലപാടുകളുമാണ് ജനകീയ പ്രതിക്ഷേധങ്ങൾക്ക് കാരണമാകുന്നത്. വികസനം ആരും തന്നെ വേണ്ട എന്ന് പറയുകയില്ല. പക്ഷെ ഇത്തരം കാര്യങ്ങൾ നടപ്പിലാക്കുന്പോൾ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് പരമാവധി ഒഴിവാക്കി ബദൽ മാർഗ്ഗങ്ങൾ തേടുകയാണ് ജനപക്ഷ സർക്കാരുകൾ ചെയ്യേണ്ടത്. അതു പോലെ തന്നെ ഇത്തരം പ്രശ്നങ്ങളിലെ രാഷ്ട്രീയ നിലപാടുകളും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. പ്രതിപക്ഷത്തിരിക്കുന്പോൾ കണ്ണടച്ച് വികസന പദ്ധതികളെ എതിർക്കുകയും, ഭരണത്തിലേറുന്പോൾ അതേ പദ്ധതി തന്നെ കൈയടിച്ച് പാസാക്കി നടപ്പാക്കുകയും ചെയ്യുന്ന വിരുദ്ധമായ നിലപാടുകളാണ് കേരളത്തിലെ ഭരണവർഗം പലപ്പോഴും സ്വീകരിച്ചിട്ടുള്ളത്. ഇത് കാരണം പ്രതിക്ഷേധത്തിനിറങ്ങുന്നവർ വഞ്ചികപ്പെടുന്ന സാഹചര്യവും ഉടലെടുക്കുന്നു. എന്തായാലും വരും കാലങ്ങളിലെങ്കിലും ജനവിരുദ്ധമായ പദ്ധതികൾ അധികാരത്തിന്റെ ഉരുക്ക് മുഷ്ടി കൊണ്ട് നടപ്പാക്കുന്നതിന് പകരം ജനങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് നല്ല പദ്ധതികൾ തയ്യാറാക്കാനുള്ള മനോഭാവവും, ഇച്ഛാശക്തിയും ഭരണാധികാരികൾക്ക് ഉണ്ടാകട്ടെ എന്നാഗ്രഹിച്ചു കൊണ്ട്...

You might also like

Most Viewed