കണക്ക് പിഴച്ചപ്പോൾ...
പ്രദീപ് പുറവങ്കര
“ടിക്കറ്റ് ബുക്ക് ചെയ്ത് നാളെ നാട്ടിലേയ്ക്ക് പോകാനായി റെഡിയായി നിൽക്കുന്പോഴാണ് ഇത്തരമൊരു കൊലചതി ഞങ്ങളുടെ മുകളിൽ വന്നിരിക്കുന്നത്. അത്യാവശ്യം നല്ല പരീക്ഷയാണ് കഴിഞ്ഞതെന്ന് പറഞ്ഞ് സന്തോഷിച്ച മകൻ പരീക്ഷ മാറ്റിവെച്ചു എന്ന വാർത്തയറിഞ്ഞതോടെ ആകെ തളർന്നിരിപ്പാണ്. നാട്ടിൽ പോകുന്നതിന്റെ ഭാഗമായി വീട് പോലും ഒഴിഞ്ഞിരിക്കുന്നു. ഇനി ഏപ്രിലിലാണത്രേ പരീക്ഷ. ഞാനും ഭാര്യയും, രണ്ട് മക്കളുടെയും വിമാന ടിക്കറ്റിന്റെ ചിലവ് തന്നെ ഒരു ലക്ഷത്തോളം രൂപ വരും. സ്ഥിരവരുമാനം ലഭിക്കാത്ത ജോലിയാണ് എന്റേത്. മോന്റെ പരീക്ഷ കഴിഞ്‍ഞ് നാട്ടിൽ പോകാമെന്ന് വെച്ച് വല്ല വിധേനയും കടിച്ച് പിടിച്ച് ഇവിടെ നിൽക്കുകയായിരുന്നു. ഇനി എന്ത് ചെയ്യുമെന്ന് ഒരു പിടുത്തവുമില്ല. പാവപ്പെട്ട ആ പ്രവാസി പിതാവിന്റെ സങ്കടപെരുമഴയിൽ നനഞ്‍ഞ് ഞങ്ങളുടെ ലേഖകൻ എന്ത് മറുപടി പറയാൻ എന്നറിയാതെ വേദനപ്പെട്ടു നിന്നു.
2018 മാർച്ച് 28 എന്ന ദിവസം പ്രവാസികളായ ഇത്തരം പാവപ്പെട്ട രക്ഷിതാക്കളുടെ ജീവിതത്തിൽ ഏൽപ്പിച്ച ആഘാതം ഏറെ വലുതാണ്. പരീക്ഷാപേപ്പർ ലീക്കായി എന്ന വിവരം കാരണം പത്താം തരത്തിലെ കണക്ക് പരീക്ഷ മാറ്റിവെക്കപ്പെടുന്നത് വിദ്ധ്യാഭ്യാസ മന്ത്രിക്കും, അവരുടെ താഴെയുള്ള ജീവനക്കാർക്കും വലിയ വിഷയമല്ലായിരിക്കാം. എന്നാൽ ലക്ഷണക്കണക്കിന് വരുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഈ ഒരു തീരുമാനം ഉണ്ടാക്കിയിരിക്കുന്ന മാനസിക പ്രയാസം ആർക്കും തന്നെ പറഞ്ഞ് ബോധിപ്പിക്കാൻ സാധിക്കില്ല. 28 ലക്ഷം കുട്ടികൾക്കാണ് ഈ ദുര്യോഗം വന്ന് പെട്ടിരിക്കുന്നത്.
നമ്മുടെ രാജ്യത്ത് ചോദ്യപേപ്പർ ചോർച്ച നടക്കുന്നത് ഇതാദ്യമായല്ല. സ്കൂൾ പരീക്ഷകളുടേതെന്ന പോലെതന്നെ ജോലി നേടാനുള്ള പരീക്ഷകളുടെ ചോദ്യപേപ്പറുകൾ പോലും ചോർന്നിട്ടുണ്ട്. മക്കൾക്ക് നല്ല മാർക്ക് ഉറപ്പാക്കണമെന്ന് കരുതുന്ന മാതാപിതാക്കളും, മികച്ച റിസൽട്ടുകൾ പ്രദർശിപ്പിച്ചു കൊണ്ടുള്ള സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളും അടങ്ങിയ വലിയൊരു ക്രിമിനൽസംഘം തന്നെ ചോദ്യപേപ്പറുകൾ ചോർത്തികൊടുക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നു. ഒരു വ്യക്തിയുടെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായ പത്താം ക്ലാസ് പരീക്ഷയെ പോലും ബാധിക്കുന്ന വിധത്തിൽ ആ അധോലോക വിപണി പിടിമുറുക്കി കഴിഞ്ഞു എന്നതാണ് പുതിയ സംഭവവികാസങ്ങൾ തെളിയിക്കുന്നത്. പരീക്ഷകൾ കഴിഞ്ഞ ആഹ്‌ളാദത്തിലും ആശ്വാസത്തിലും ഇരുന്ന ലക്ഷക്കണക്കിന് കുട്ടികളുടെ മുന്നിലേക്കാണ് കണക്ക് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നിരുന്നുവെന്നും അതുകൊണ്ട് തങ്ങൾ എഴുതിയ പരീക്ഷ സിബിഎസ്ഇ റദ്ദാക്കിയെന്നും കുട്ടികൾ അറിയുന്നത്. പതിവ് പോലെ പ്രവാസികളെയാണ് ഈ തീരുമാനം ഗുരുതരമായി ബാധിച്ചിരിക്കുന്നത്. രക്ഷിതാക്കൾക്ക് ഉണ്ടായ മാനസിക, സാന്പത്തിക നഷ്ടത്തിന് ആരാണ് ഇവിടെ ഉത്തരവാദി എന്ന ചോദ്യം പ്രസക്തമാണ്. മനസാവാച കർമ്മണാ അറിയാത്ത ഒരു കാര്യത്തിന് വേണ്ടി ബലിയാടാവുന്നതിന്റെ വിഷമം കുഞ്ഞുങ്ങളുടെ മനസിലും ഉണ്ടാകും. സാധാരണക്കാരന്റെ ഇത്തരം അടിസ്ഥാന വിഷമങ്ങൾക്ക് മറുപടി പറയാൻ ഭരണവർഗത്തിന് തികഞ്ഞ ബാധ്യതയുണ്ടെന്ന ഓർമ്മപ്പെടുത്തലോടെ...