ഭക്ഷണം വി­ഷമാ­കു­ന്പോൾ...


പ്രദീപ് പുറവങ്കര

ശുദ്ധവായു, ശുദ്ധ ജലം, അതുപോലെ നല്ല ഭക്ഷണം എന്നിവ ഒരു മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളാണ്. ഇതിൽ ശുദ്ധജലവും, നല്ല ഭക്ഷണവും വിലകൊടുത്താൽ മാത്രം കിട്ടുന്ന സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. സമീപ ഭാവിയിൽ തന്നെ ശുദ്ധവായു ലഭിക്കാനും പണം നൽകേണ്ടി വരുമെന്നും പറയപ്പെടുന്നു. ഉപയോഗിക്കുന്ന സാധനങ്ങൾ സുരക്ഷിതമായിരിക്കണമെന്ന് ചിന്തിക്കുന്പോഴാണ് ഒരാൾ അവ വില കൊടുത്ത് വാങ്ങുന്നത്. എന്നാൽ ഇന്ന് ഭക്ഷണത്തിന്റെയും, ജലത്തിന്റെയും കാര്യത്തിൽ ഈ ഒരു അവസ്ഥയാണോ നിലനിൽക്കുന്നത് എന്ന കാര്യം ചിന്തനീയമായ വിഷയമാണ്. നമ്മുടെ നാട്ടിൽ സുരക്ഷിതഭക്ഷണവും സുരക്ഷിത പാനീയങ്ങളും നൽകുന്നു എന്നുറപ്പ് വരുത്താൻ ആവശ്യത്തിലധികം നിയമങ്ങളും ചട്ടങ്ങളുമുണ്ട്. ഇതോടൊപ്പം തന്നെ ഭക്ഷ്യസുരക്ഷാ അതോറിറ്റിയും ജില്ലാതല ഉദ്യോഗസ്ഥരുമുണ്ട്. എന്നാൽ, ഇതു സംസ്ഥാനത്തെ ജനങ്ങൾക്കു സുരക്ഷിതമായ ഭക്ഷണപാനീയങ്ങൾ ഉറപ്പുവരുത്തുന്നതിനു പര്യാപ്തമാണെന്ന് ആർക്കെങ്കിലും ഉറപ്പിച്ച് പറയാൻ സാധിക്കുമോ. ഇല്ല എന്നതാണുത്തരം. 

അധികൃത ഭക്ഷണവിൽപ്പനശാലകളേക്കാൾ അനധികൃത ഭക്ഷണശാലകളുള്ള നാടാണ് നമ്മുടേത്. തട്ടുകടകൾ മുതൽ നിരവധി ഭക്ഷണ−പാനീയ വിൽപ്പനകേന്ദ്രങ്ങൾ ആവശ്യമായ രജിസ്ട്രേഷനോ ലൈസൻസോ ഒന്നുമില്ലാതെ പ്രവർത്തിക്കുന്നുണ്ട്. ഇവർക്കൊക്കെ എതിരെ നടപടി ഉണ്ടാകാത്തതിൽ ജനങ്ങൾക്കോ അധികൃതർക്കോ പരാതി ഉള്ളതായും കാണുന്നില്ല. സമീപകാലത്തു എറണാകുളം കേന്ദ്രമാക്കി വർധിച്ചുവന്ന ലസി കച്ചവടം ഇത്തരത്തിൽ മുന്നോട്ടുപോകുകയായിരുന്നു. വേനൽച്ചൂട് ഉയരുന്നതനുസരിച്ച് ലസിഷോപ്പുകളിൽ തിരക്കു വർധിച്ചു. വിവിധ രുചിഭേദങ്ങളിൽ അവതരിപ്പിച്ച ലസിയുടെ ആരാധകരും ഉപഭോക്താക്കളും ഇവിടെ നാൾതോറും വർധിച്ചുവന്നു. എന്നാൽ ഒരാഴ്ച്ച മുന്പ് ചില ലസി കടകളിലും ഒരു നിർമാണ യൂണിറ്റിലും നടത്തിയ തെരച്ചിലും അന്വേഷണങ്ങളും ലസിയുടെ കടുത്ത ആരാധകരെപ്പോലും ഞെട്ടിക്കുന്ന വിവരങ്ങളാണു പുറത്തുകൊണ്ടുവന്നത്. തീർത്തും വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് ഇവ നിർമ്മിക്കുന്നത്.  പാലിനു പകരം രാസവസ്തുക്കളാണ് ഉപയോഗിച്ച് വന്നിരുന്നത്.  ഇപ്പോൾ ഇതിന്റെ അന്വേഷണവും പതിവ് പോലെ മന്ദഗതിയിലായി എന്നാണ് വാർത്തകൾ വരുന്നത്. 

ഈയൊരു അവസ്ഥ ആശങ്കപ്പെടുത്താണ്.  ഭക്ഷണമോ പാനീയമോ ആയി നല്കുന്ന ഏതും ആരോഗ്യകരമായ സാഹചര്യങ്ങളിൽ നിർമിച്ചതാകണം എന്നുറപ്പിക്കേണ്ടത് ഭരണകൂടമാണ്. ഇനി വരാനിരിക്കുന്ന കടുത്ത വേനൽകാലമാണ്. ശീതളപാനീയങ്ങൾ, ഐസ്ക്രീമുകൾ തുടങ്ങി പലതരം സാധനങ്ങളുടെ വില്പന വർധിക്കുന്ന കാലം കൂടിയാണിത്. കൂടാതെ പ്രവാസികൾ അടക്കം ധാരാളം പേർ നാട്ടിലേയ്ക്ക് അവധികാലത്ത് വരാനുള്ള ഒരുക്കത്തിലുമാണ്. ഇവർക്കൊക്കെ ആഹാരവും പാനീയങ്ങളും നൽകുന്നത് പഞ്ചനക്ഷത്ര ഹോട്ടലാണോ തട്ടുകടയാണോ എന്നതല്ല വിഷയം. നൽകുന്നത് ആരോഗ്യകരമാണോ അല്ലയോ എന്നതാണ്. വിലകൊടുത്തു വാങ്ങുന്നത് സുരക്ഷിതമായിരിക്കും എന്നു വിശ്വസിക്കാനുള്ള സാഹചര്യം നാട്ടിൽ ഉണ്ടാകണം. ഒരു പരിഷ്കൃത സമൂഹത്തിലെ പൗരൻമാർക്ക്  ആ ഉറപ്പ് നൽകാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട് എന്നോർമ്മിച്ചുകൊണ്ട്...

You might also like

Most Viewed