കുട്ടികൾ വളരുന്പോൾ...
പ്രദീപ് പുറവങ്കര
പ്രവാസലോകത്ത് ഇപ്പോൾ വിദ്യാലയങ്ങൾക്ക് അവധിയാണ്. അടുത്തയാഴ്ച്ചയോടെ പുതിയ അദ്ധ്യയന വർഷം ഇവിടെ ആരംഭിക്കും. അവധിയാണെങ്കിലും മിക്കവാറും കുട്ടികൾ എന്തെങ്കിലും തരത്തിൽ തിരക്കിൽ തന്നെയാണ്. അടുത്ത ക്ലാസിലേയ്ക്കുള്ള പഠന സാമഗ്രികൾ വാങ്ങുന്നത് മുതൽ നിരവധി കാര്യങ്ങളാണ് ഈ ഷോർട്ട് വെക്കേഷനിൽ അവർക്ക് ചെയ്ത് തീർക്കാനുള്ളത്. അവധികാലമാണ് കുട്ടികൾക്ക് പാഠപുസ്തകത്തിനുപ്പറം ലഭിക്കേണ്ട അറിവുകൾ പകർന്ന് നൽകേണ്ട കാലം. പക്ഷെ പലപ്പോഴും അച്ഛനും അമ്മയും ജോലിക്ക് പോകേണ്ടി വരുന്ന സാഹചര്യത്തിൽ ഗൾഫ് നാടുകളിൽ ജീവിക്കുന്ന പ്രവാസികളായ കുട്ടികൾക്ക് ഇലക്ട്രോണിക്ക് മീഡിയകളും, ഇന്റെർനെറ്റും നൽകുന്ന അറിവുകളിലേയ്ക്ക് ചുരുങ്ങേണ്ട അവസ്ഥ വരുന്നു എന്നതാണ് ദുഃഖകരമായ വസ്തുത. കുട്ടികളുടെ ജീവിതത്തിൽ ഒഴിവാക്കാനാകാത്ത സ്ഥാനം വഹിക്കുന്നവരാണ് മാതാപിതാക്കൾ. അവരുടെ പെരുമാറ്റവും മാനസിക വികാസവും ബന്ധപ്പെട്ടിരിക്കുന്നത് ഏത് രീതിയിലുള്ള രക്ഷാകർതൃത്വമാണോ ലഭിച്ചത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും.
കഴിഞ്ഞ ദിവസം ജപ്പാനിലെ രക്ഷാകർത്തൃത്വ സമീപനത്തെ വായിച്ചു. ഏറെ കൗതുകകരമായ കാര്യങ്ങളാണ് അതിലുണ്ടായിരുന്നത്. തീരേ ചെറിയ പ്രായത്തിലുള്ള കുട്ടികൾ പോലും മറ്റാരെയും ആശ്രയിക്കാത്തവരും തനിച്ച് സ്കൂളിൽ പോകാൻ പ്രാപ്തരുമായിരിക്കണം എന്ന ഒരു ചിന്തയാണ് ഇവർക്കുള്ളത്. രാജ്യത്തിന്റെ വളരെ താഴ്ന്ന നിലയിലുള്ള കുറ്റകൃത്യനിരക്ക് സൂചിപ്പിക്കുന്നത് അവിടം ഏറെ സുരക്ഷിതമാണെന്നാണ്. സമൂഹത്തെ വിശ്വസിക്കാമെന്ന മനോഭാവക്കാരാണ് അവിടത്തെ രക്ഷിതാക്കൾ. പലപ്പോഴും കുട്ടികളെ വളർത്താനുള്ള കഷ്ടപ്പാടുകളെ കുറിച്ച് പറയുന്നതിൽ ഇന്ത്യക്കാരായ അമ്മമാരും, അച്ഛൻമാരും ആനന്ദം കണ്ടെത്താറുണ്ട്. എന്നാൽ, ജാപ്പനീസ് മാതാപിതാക്കൾ ഇക്കാര്യം വളരെ സ്വകാര്യമായിട്ടാണ് സൂക്ഷിക്കുന്നത്. എപ്പോഴും മറ്റുള്ളവരെ കുറിച്ചു കൂടി ചിന്തിക്കുക, അതിനനുസരിച്ച് പ്രവർത്തിക്കുക. ചെറുപ്രായം മുതൽ കുട്ടികളുടെ മനസ്സിൽ ജാപ്പനീസ് മാതാപിതാക്കൾ നിറയ്ക്കുന്ന ചിന്താഗതിയാണിത്. എല്ലാത്തിലും ഉപരിയായി സമാധാനം നിലനിർത്താൻ സഹായിക്കാനും അവർ കുട്ടികളെ പഠിപ്പിക്കുന്നു.
അതുപോലെ തന്നെ നമ്മുടെ കുട്ടികൾ ഒത്തുകൂടുന്പോൾ ഉണ്ടാകാറുള്ള കാത് പൊട്ടിക്കുന്ന തരത്തിൽ ബഹളമെന്നും ജാപ്പാനിലെ കുട്ടികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലത്രെ. വളരെ ചെറിയപ്രായത്തിൽ തന്നെ ജാപ്പനീസ് വിദ്യാർത്ഥികളെ ഉത്തരവാദിത്വത്തിന്റെ പ്രാധാന്യം, സ്വാതന്ത്ര്യം, സമൂഹം എന്നിവയെ കുറിച്ചും ജീവിതത്തിലെ പ്രായോഗിക വശങ്ങളെ കുറിച്ചും ബോധവാന്മാരാക്കുന്നുതിൽ ജാപ്പാനീസ് മാതാപിതാക്കൾ ഏറെ ശ്രദ്ധാലുക്കളാണ്. ചെറിയ കുട്ടികൾക്ക് ഭക്ഷണം നൽകുക എന്നത് ഏറ്റവും വലിയ ടെൻഷൻ പിടിച്ച കാര്യമാണ് നമ്മിൽ പലർക്കും. ഭക്ഷണം കഴിച്ചതിന് ശേഷം അലങ്കോലമാക്കി വെക്കുന്ന തീൻമേശയും ഏറെ തലവേദന സൃഷ്ടിക്കുന്നു. എന്നാൽ ജാപ്പാനിലെ കുട്ടികളെ ചെറുപ്പം മുതൽ ഏറ്റവുമധികം പഠിപ്പിക്കുന്ന ഒരു കാര്യം നന്നായി തന്നെ ഭക്ഷണം കഴിക്കാനും, അതുപോലെ ശുചിയായി അത് കൈക്കാര്യം ചെയ്യാനുമാണ്. സമൂഹത്തിലെ ഓരോ അംഗവും സമൂഹത്തെ സഹായിക്കാൻ ഉത്തരവാദിത്വപ്പെട്ടവരാണ് എന്ന ഒരു തത്വത്തിൽ വിശ്വസിച്ച് മുന്നേറുന്ന ഇവരിൽ നിന്ന് ഏറെ പഠിക്കാനുണ്ടെന്ന് ഓർമ്മിപ്പിക്കട്ടെ...