ട്രോൾ ചെ­യ്തോ­ളൂ­... പക്ഷെ­...


പ്രദീപ് പുറവങ്കര

കഴിഞ്ഞ ദിവസം സിനിമാ പ്രവർത്തകയായ മല്ലികാ സുകുമാരൻ തന്റെ മകനും അഭിനേതാവുമായ പൃഥ്വിരാജ് വാങ്ങിയ ആഡംബര കാർ റോഡിലിറക്കാൻ പറ്റാതെ ബുദ്ധിമുട്ടുന്ന കാര്യം ഒരു വീഡിയോ ദൃശ്യത്തിലൂടെ വ്യക്തമാക്കിയത്് നിങ്ങളും കണ്ടുകാണും. ഇതിന് ശേഷം ഇവരെ അഹങ്കാരിയായും, ജാഡയുള്ളവരായുമൊക്കെ ചിത്രീകരിച്ച് ധാരാളം ട്രോളുകളും പുറത്തിറങ്ങി. കളിയാക്കുവാനുള്ള സ്വാതന്ത്ര്യം ഇന്ത്യാ മഹാരാജ്യത്ത് നിലനിൽക്കുന്നുണ്ടെങ്കിൽ തന്നെയും മല്ലിക സുകുമാരൻ പറഞ്ഞതിൽ ചില കാര്യങ്ങൾ ഉണ്ട് എന്ന് പറയാതെ വയ്യ. 

തന്റെ വീട്ടിലേയ്ക്കുള്ള റോഡ് മോശമായത് കൊണ്ട് 42 ലക്ഷം രൂപ നികുതി അടച്ച് സ്വന്തമാക്കിയ പുതിയ ലംബോർഗിനി വീട്ടിൽ കൊണ്ട് വരാൻ പറ്റുന്നില്ലെന്നും, അതുകൊണ്ടു റോഡ് ശരിയാക്കി തരണമെന്നുമാണ് ഒരു ഇന്ത്യൻ പൗര എന്ന നിലയിൽ അവർ ആവശ്യപ്പെട്ടത്. നമ്മുടെ നാട്ടിൽ ഇത്തരം ആഡംബര കാറുകൾ ഉപയോഗിക്കാൻ അനുമതി നൽകുന്നത് സർക്കാർ തന്നെയാണ്. സന്പത്തുള്ളവർ അവരുടെ ആഗ്രഹപൂർത്തീകരണത്തിന്റെ ഭാഗമായിട്ട് ഇത്തരം ആഡംബര വാഹനങ്ങൾ വാങ്ങുകയും ചെയ്യുന്നു. സന്പത്തുണ്ടായാലും ഇല്ലെങ്കിലും ഇനിയാരും ഈ രാജ്യത്ത് ആഡംബര വാഹനങ്ങൾ വാങ്ങാൻ പാടില്ലെന്ന് ആർക്കും വാശിപിടിക്കാനെന്നും സാധിക്കില്ലല്ലോ. സ്വന്തം പണമുയോഗിച്ച് ധനികരായ ചിലർ ഇത്തരം ചിലവുകൾ നടത്തുന്പോഴാണ് സമൂഹത്തിന്റെ അടിത്തട്ടിൽ വരെ ആ പണം എത്തിപ്പെടുന്നത് എന്നതും പ്രസക്തം. അതു കൊണ്ട് പൃഥ്വിരാജ് വാങ്ങിയ കാറിന്റെ വിലയോ അതിന്റെ നികുതിയുടെ വലിപ്പകൂടുതലോ മാത്രമല്ല മല്ലികയുടെ ഈ ഒരു ആവശ്യത്തെ പ്രസക്തമാക്കുന്നത് എന്ന് ഓർമ്മിപ്പിക്കട്ടെ.

നമ്മുടെ നാട്ടിൽ ഇപ്പോൾ നികുതി ഇല്ലാതെ ഒരു പരിപാടിയും നടക്കാറില്ല. രാവിലെ ഉറക്കമെഴുന്നേൽക്കുന്നത് മുതൽ വൈകീട്ട് ഉറങ്ങുന്നത് വരെയും, ചിലപ്പോൾ ഉറങ്ങുന്പോഴും നികുതി കൊടുക്കാൻ ബാധ്യസ്ഥരാണ് നാം ഇന്ത്യൻ പൗരൻമാർ. പലപ്പോഴും ഇതൊക്കെ എന്തിനാണ് കൊടുക്കുന്നത് എന്ന് ചോദിച്ചാൽ രാജ്യപുരോഗതിയ്ക്ക് എന്നാണ് ഉടനെ ഉത്തരം ലഭിക്കുക. പാർലിമെന്റിലേയ്ക്കും നിയമസഭയിലേയ്ക്കും പറഞ്ഞുവിടുന്ന ഭരണാധികാരികൾക്ക് അവരുടെ ശന്പളം വർദ്ധിപ്പിക്കാൻ കാണിക്കാറുള്ള ഉത്സാഹത്തെ പറ്റി എത്രയോ തവണ വായിച്ചും അല്ലാതെയും മനസിലാക്കിയവരാണ് നാം. ആ പണം കണ്ടെത്തുന്നത് മല്ലിക സൂചിപ്പിച്ച നമ്മൾ പൊതുജനം നൽകുന്ന നികുതിയിൽ നിന്നാണ്. സർക്കാർ ഓഫീസുകളിൽ തിരിയുന്ന ഫാനിന് കീഴെ വെറും കസേരകൾ മാത്രം കണ്ട് നിരാശരായി എത്രയോ തവണ തിരിച്ചു വന്നവരാണ് നമ്മിൽ മിക്കവരും. ആ കസേരകളുടെ ഉടമകൾക്ക് ശന്പളം കൊടുക്കുന്നത് ഇതേ പൊതുജനത്തിന്റെ നികുതിപണത്തിൽ നിന്നാണ്. ഓരോ തവണയും ജാഥയും, പ്രകടനവും നടത്താൻ രാഷ്ട്രീയപാർട്ടികൾക്ക് റോഡ് മുതൽ മൈദാനങ്ങൾ വരെ നൽകി അവരുടെ ആക്രോശങ്ങൾക്ക് പലതവണ വിധേയനാകേണ്ടി വന്നവരാണ് നാം. ഇതിനും പണം കണ്ടെത്തുന്നത് നമ്മുടെ നികുതി പണത്തിൽ നിന്ന് തന്നെയാണ്. ഇങ്ങിനെ രാജ്യപുനർനിർമ്മാണത്തിനായി നൽകുന്ന നികുതിപണം എന്തുകൊണ്ടാണ് പൗരൻമാരുടെ ക്ഷേമപ്രവർത്തനത്തിന് ഉപയോഗിക്കാത്തത് എന്ന് ചോദിക്കാനെങ്കിലുമുള്ള മിനിമം അവകാശമെങ്കിലും ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഉണ്ടാകണമെന്ന ആഗ്രഹത്തോടെ...

You might also like

Most Viewed