ഉറച്ച കാ­ൽ­വെ­പ്പോ­ടെ­ ഡോ­. അസ്ന...


പ്രദീപ് പുറവങ്കര

ചില വാർത്തകൾ ഒരൽപ്പം വേദന നൽകി കൊണ്ട് തന്നെ നമ്മെ സന്തോഷിപ്പിക്കാറുണ്ട്. അത്തരമൊന്നാണ് കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന് ഇരയായ അസ്‌നയെന്ന പെൺകുട്ടി തളരാത്ത ആത്മവിശ്വാസവുമായി പഠിച്ച് ഡോക്ടറായിരിക്കുന്നു എന്നത്. പതിനെട്ട് വർഷങ്ങൾക്ക് മുന്പ് സ്വന്തം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ബോംബേറിലാണ് ആ കുട്ടിക്ക് തന്റെ കാൽ നഷ്ടമായത്. 2000 ഡിസംബർ മാസത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പു ദിനമായിരുന്നു ഈ ദുരന്തം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ അസ്‌നയുടെ പിഞ്ചുകാൽ പിന്നീട് ആശുപത്രിയിൽ വെച്ച് മുട്ടിനു മുകളിൽ‍ വച്ച് മുറിച്ചു മാറ്റി. അപകടം ഉണ്ടാകുന്പോൾ ഒന്നാം ക്ലാസ്സിലായിരുന്നു അസ്‌ന. 

കണ്ണൂർ ജില്ലയിൽ രാഷ്ട്രീയ ആക്രമണത്തിൽ ഒരു കുട്ടി ഇരയാവുന്നത് അന്ന് ആദ്യമായിട്ടായിരുന്നു. അസ്ന നേരിട്ട ഈ ദുര്യോഗത്തെ തുടർന്നാണ് അക്കാലത്ത് കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങൾക്ക് ഒരു പരിധിവരെയെങ്കിലും അറുതി വന്നത്. തനിക്ക് പറ്റിയ ആപത്തിനെ തുടർന്ന് കൂട്ടുകാർക്കൊപ്പം ഓടിക്കളിക്കാനും നടന്ന് സ്‌കൂളിൽ പോകാനും ഒന്നും കഴിഞ്ഞില്ലെങ്കിലും പഠിക്കണമെന്ന ആഗ്രഹം അസ്‌ന വാശിയോടെ തന്നെ വെച്ചുപുലർത്തി. വിധിക്കു മുന്നിൽ തോൽ‍ക്കാതെ പത്താം തരത്തിലും പന്ത്രണ്ടാം തരത്തിലും ഉയർന്ന മാർ‍ക്കുമായി വിജയം കൈവരിച്ച അസ്‌നയുടെ ആഗ്രഹ സഫലീകരണം കൂടിയാണ് ഇപ്പോഴത്തെ ഡോക്ടർ പദവി. മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഭിന്നശേഷിക്കാരുടെ ക്വോട്ടയിൽ‍ പതിനെട്ടാം റാങ്കായിരുന്നു അസ്‌നയ്ക്ക് ലഭിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ്  വിദ്യാർ‍ത്ഥിനിയായിരുന്ന അസ്നയുടെ വിദ്യാഭ്യാസച്ചെലവ് എൻ‍ജിഒ അസോസിയേഷൻ ഏറ്റെടുത്തിരുന്നു. ഡോക്ടറായതിന് ശേഷം തന്നെപോലെ വേദന അനുഭവിക്കുന്നവർ‍ക്ക് ഒരു താങ്ങാകുക എന്ന ലക്ഷ്യമാണ് ഇപ്പോൾ അസ്നക്കുള്ളത്. ബാല്യത്തിന്റെ ഓർ‍മ്മകളിൽ എന്നും ഡോക്ടർ‍മാരും ആശുപത്രി വരാന്തകളും നിറഞ്ഞതിനാലാവണം അസ്നയക്കും ആഗ്രഹം ഡോക്ടറാവണമെന്നതു തന്നെയായിരുന്നുവത്രെ. 

കണ്ണൂരിലെ രാഷ്ട്രീയസംഘർഷങ്ങളെ പറ്റി നമ്മൾ മലയാളികൾ എന്നും കണ്ണീർ വാർക്കാറുണ്ട്. ഇവിടെ അങ്ങിനെ കണ്ണീരിൽ മുക്കി തന്റെ ജീവിതം വെറുതെ പാഴാക്കാത്തതാണ് അസ്നയെ വ്യത്യസ്തയാക്കുന്നത്. തനിക്ക് ജീവനും ജീവിതവും തിരിച്ചു നൽ‍കിയ വൈദ്യശാസ്ത്രത്തിനു മുന്നിലേയ്ക്ക് അസ്ന ഒരു ഡോക്ടാറായി വീണ്ടുമെത്തുന്പോൾ തെളിയുന്നത് മാനവികതയുടെയും നിശ്ചയദാർഢ്യത്തിന്റെയും ഉറച്ച കാൽപ്പാടുകളാണ്. ഇനി ഹൗസ് സർജൻസി കൂടി കഴിഞ്ഞാൽ അസ്ന കണ്ണൂരിലെ തന്നെ ഡോക്ടറായി ജോലി ചെയ്യുമെന്ന് നമുക്കാഗ്രഹിക്കാം. തനിക്ക് നഷ്ടമായ കാൽ ഇല്ലാതാക്കിയ പകപ്പോക്കൽ രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന ഒരു രക്തസാക്ഷിയായി മാത്രമല്ല, അതിനെ അതിജീവിച്ച ഒരു പോരാളിയായും അസ്ന ഇതിലൂടെ മാറട്ടെ എന്നാഗ്രഹത്തോടെ ‍ഡോ. അസ്നയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനം...

You might also like

Most Viewed