കാലം ബാക്കിവെക്കുന്നത്...
പ്രദീപ് പുറവങ്കര
ഇന്ന് ശനിയാഴ്ച്ചയാണ്. പ്രവാസലോകത്ത് വെള്ളിയാഴ്ച്ചയെന്ന ആലസ്യത്തിന് ശേഷം കടന്നുവരുന്ന ദിനം. പുതിയ ഭാഷയിൽ പറഞ്ഞാൽ അടുത്ത ദിവസങ്ങളിലേയ്ക്ക് ചാർജ്ജായി വരുന്ന ദിനം. അതു കൊണ്ടായിരിക്കാം തോന്ന്യാക്ഷരത്തിലും വലിയ ഗൗരവമേറിയ കാര്യങ്ങൾ ചർച്ച ചെയ്യാൻ തോന്നാത്തത്. മുന്പൊരിക്കൽ കണ്ട ഒരു വീഡിയോ ആണ് ഇപ്പോൾ ഓർമ്മവരുന്നത്. ഒരു വീട്ടിലെ അംഗങ്ങൾ തന്നെ പരസ്പരം കണ്ണുകളിൽ നോക്കി നാല് മിനിട്ട് നേരം നിൽക്കുക എന്നതായിരുന്നു ഈ വീഡിയോയിലെ വെല്ലുവിളി. അമ്മ മകന്റെ കണ്ണുകളിലേയ്ക്കും, ഭർത്താവ് ഭാര്യയുടെ കണ്ണിലേയ്ക്കും, സഹോദരൻ സഹോദരിയുടെ കണ്ണിലേയ്ക്കും ഇങ്ങിനെ അൽപ്പസമയം നോക്കി നിന്നപ്പോൾ തന്നെ അവരുടെ മുഖത്ത് കണ്ണീർചാലുകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരുന്നു. ഏറെ വൈകാരികമായിരുന്നു ആ വീഡിയോ. പറ്റുമെങ്കിൽ നിങ്ങൾക്കും ഇത് പരീക്ഷിക്കാം. നമ്മൾ നമ്മുടെ പ്രിയപ്പെട്ടവരുമായി ഏറെ നേരം ചിലവഴിക്കുന്നുണ്ടാകുമെങ്കിലും അതിൽ തൊണ്ണൂറ് ശതമാനം സമയവും നമ്മുടെ ചിന്തകൾ മറ്റെന്തെങ്കിലുമായിരിക്കുമെന്ന് ഉറപ്പിക്കുന്നതാണ് ഈ വീഡിയോ. ഏറ്റവും പ്രിയപ്പെട്ടതിനെ പോലും ഒരു നാല് മിനിട്ട് മറ്റ് ചിന്തകളൊന്നുമില്ലാതെ നോക്കിനിൽക്കാനോ, ശ്രദ്ധിക്കാനോ സാധിക്കാത്ത അവസ്ഥയാണ് നമ്മിൽ മിക്കവർക്കും ഇന്നുള്ളതെന്ന് ആ വീഡിയോ വിളിച്ചു പറയുന്നു. ആകാശത്ത് ഒഴുകി നടക്കുന്ന മേഘകൂട്ടങ്ങളെ പോലെ ജീവിതയാത്രയിൽ തനിച്ചും, ചിലപ്പോൾ ചിലർക്കൊപ്പവും ഒഴുകി നടക്കുന്നവരാണ് നാമെല്ലാവരും. ഈ യാത്രയ്ക്കിടയിൽ എന്നെങ്കിലും, എവിടെയെങ്കിലും ഒന്ന് പെയ്തൊഴിഞ്ഞേ മതിയാകൂ എന്ന തിരിച്ചറിവുണ്ടെങ്കിൽ ആരും തന്നെ സമയം വെറുതെ പാഴാക്കില്ല എന്നതുറപ്പ്.
മരണത്തിന് പ്രായം ഒരു കാലത്തും വലിയ ഘടകമായിരുന്നില്ല. ആദിശങ്കരനും, വിവേകാനന്ദനും, യേശുദേവനും ഒക്കെ ഇഹലോകവാസം വെടിഞ്ഞത് അവരുടെ യൗവ്വന കാലത്തായിരുന്നു. അവർക്ക് ലഭിച്ച സമയം ഫലപ്രദമായി ഉപയോഗിക്കുവാൻ സാധിച്ചു എന്നതാണ് എത്രയോ കാലം കഴിഞ്ഞിട്ടും അവരെ ഇപ്പോഴും ജീവിപ്പിക്കുന്നതിന്റെ പരമമായ രഹസ്യം. നമ്മളിൽ മിക്കവരും ജീവിതത്തിന്റെ ശരിയായ അർത്ഥത്തെ പറ്റി ചിന്തിച്ചുതുടങ്ങുന്നത് തന്നെ മദ്ധ്യവയസ്സനാകുന്പോഴാണ്. പാതിദൂരം ലക്ഷ്യമില്ലാതെ ഓടി തളർന്ന് ഇനി എങ്ങോട്ട് എന്ന ചോദ്യവുമായി ആശങ്കപ്പെടുന്പോഴാണ് ഓടാൻ പോയിട്ട് അൽപ്പം വേഗതയിൽ നടക്കാൻ പോലും ഇനി തനിക്ക് ആരോഗ്യം പോലുമില്ലെന്ന് തിരിച്ചറിയുന്നത്. നീയെന്റെ ജീവനാണെന്ന് ബാല്യത്തിൽ മാതാപിതാക്കളും, കൗമാരത്തിൽ സുഹൃത്തുക്കളും, യൗവ്വനത്തിൽ പ്രണയിതാവും, മദ്ധ്യവയസിൽ മക്കളും ആലങ്കാരികമായി പറയുമെങ്കിലും അവരാരും തന്നെ അവരുടെ ജീവൻ കളഞ്ഞ് നമ്മെ പരിചരിക്കാനോ, ശ്രുശൂഷിക്കാനോ വരണമെന്നില്ല. അങ്ങിനെ പ്രതീക്ഷിക്കുന്നതും തെറ്റ് തന്നെ. ഒരു പ്രായം കഴിഞ്ഞാൽ നമുക്ക് നമ്മൾ മാത്രമേ ആത്യന്തികമായി ഉണ്ടാകൂ എന്നതും ലോകം അംഗീകരിച്ച സത്യം മാത്രം. കഴിഞ്ഞ ദിവസം ഒരു സുഹൃത്തിന്റെ വാട്സാപ്പ് പ്രൊഫൈലിൽ 14600 കംപ്ലീറ്റഡ് എന്ന് കാണാനിടയായി. ബിസിനസുകാരനായ അവൻ എന്തോ ടാർജറ്റ് എത്തിച്ചതായിരിക്കണമെന്ന് തോന്നി അഭിനന്ദിക്കാനായി വിളിച്ചപ്പോഴാണ് ആൾ നാൽപത് വയസ് പൂർത്തീകരിച്ചതിനെ പറ്റി സൂചിപ്പിച്ചതാണെന്ന് മനസിലായത്. ഹാപ്പി ബർത്ത് ഡൈ എന്ന് ആശംസിച്ച് ഫോൺ വെച്ചപ്പോൾ പലപ്പോഴും ഈ ഒരു ടാർജറ്റിനെ പറ്റി ഓർക്കാത്തതിനെ പറ്റിയായിരുന്നു എന്റെ ചിന്ത...!!