ഇനി ചക്ക വിപണിയിലും കായ്്ക്കണം...
പ്രദീപ് പുറവങ്കര
കേരം തിങ്ങുന്ന കേരള നാട്ടിലെ ഔദ്യോഗിക ഫലം ചക്കയായതിന്റെ സന്തോഷം ഇപ്പോഴും തീർന്നിട്ടില്ല. തെങ്ങിൽനിന്നു ഭിന്നമായി കാര്യമായ പരിചരണമോ വളപ്രയോഗമോ കീടനാശിനി ഉപയോഗമോ ഇല്ലാതെ കേരളമണ്ണിൽ സമൃദ്ധമായി വളരുന്ന വൃക്ഷമാണു പ്ലാവ്. ഇതിൽ നിന്നും തേനൂറുന്ന പഴമായി നാവിൽ വെള്ളം നിറയ്ക്കുന്ന ചക്ക കേരളീയർക്കെല്ലാം തന്നെ പ്രിയപ്പെട്ടതാണെങ്കിലും ഈ ഫലം കേരളത്തിൽ വേണ്ടവിധം ഉപയോഗിക്കപ്പെടുന്നില്ല. അതേസമയം കേരളത്തിന് പുറത്ത് നമ്മുടെ ചക്കയ്ക്ക് വലിയ ഡിമാൻഡ് ലഭിച്ചുതുടങ്ങിയിട്ടുണ്ട്. അതു കൊണ്ട് തന്നെ ചക്കയെ കേരളത്തിന്‍റെ ഔദ്യോഗിക ഫലമായി പ്രഖ്യാപ്പിച്ചതിന്റെ സന്തോഷം മാത്രം പങ്കിട്ടാൽ പോര, മറിച്ച് ഈ തീരുമാനം കൊണ്ട് ഈ ഫലത്തിന്‍റെ വാണിജ്യപരമായ നേട്ടം കൂടി നമ്മൾ മലയാളികൾ കണ്ടത്തേണ്ടതുണ്ട്. കൃഷി മന്ത്രി നിയമസഭയിൽ പറഞ്ഞതനുസരിച്ച്, കേരളത്തിൽ പ്രതിവർഷം 30 കോടി മുതൽ 60 കോടി വരെ ചക്ക ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. പല വലുപ്പത്തിലും തരത്തിലും ഉള്ളത്. ഇതിൽ മുപ്പതു ശതമാനം പാഴായിപ്പോവുകയാണ്. ആഭ്യന്തര ഉപയോഗം രണ്ടോ മൂന്നോ ശതമാനം മാത്രം. ഇവിടെ ഉണ്ടാകുന്ന ചക്കയുടെ20 ശതമാനം മൂല്യവർധിത ഉത്പന്നമാക്കിയാൽ 15,000 കോടി രൂപയുടെവരുമാനമുണ്ടാക്കാനാവുമെന്നാണു മന്ത്രി പറഞ്ഞത്. ഈ സാധ്യത നാം ഫലപ്രദമാക്കണം. സംസ്ഥാനത്താകെ ബാധിച്ചിരിക്കുന്ന സാന്പത്തികമുരടിപ്പ് മാറ്റാൻ ഈ ഒരു ഫലം സഹായകരമാകുമെങ്കിൽ മലയാളികൾ ചക്ക കൃഷിയെ പറ്റി ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.
പറന്പിൽ വെറുതെ വളർന്നുയരുന്ന ഫലവൃക്ഷമെന്നതിലുപരി ഒരു വരുമാനമാർഗമായി മിക്കവരും പ്ലാവിനെ കാണുന്നില്ല. നാളികേരം പറിക്കാൻ ആളില്ലാത്തത് ആ കൃഷി ചെയ്യുന്നവരെ മടുപ്പിച്ച കാര്യമാണ്. ഏകദേശം ഇതേ ഒരു അവസ്ഥ ചക്കയുടെ കാര്യത്തിലും ഉണ്ട്. ചക്കയിടാൻ ഇന്നു തൊഴിലാളികളെ കിട്ടുന്നില്ല. അതിനാൽ പലയിടത്തും വെറുതെ വീണ് ചക്ക നശിക്കുകയാണ്. ഇത് മുതലെടുത്ത് കച്ചവടക്കാർ ഇതര സംസ്ഥാന തൊഴിലാളികളുമായി വന്നു ചക്കയിട്ടുകൊണ്ടുപോകുന്ന രീതി വ്യാപകമാവുകയാണ്. ഇവിടെ ചക്കയുടെ വില നിർണ്ണയിക്കുന്നതിൽ ഉത്പാദകനു വലിയ റോളൊന്നുമില്ല. ഈ സാഹചര്യം മാറേണ്ടിയിരിക്കുന്നു. മികച്ചയിനം ചക്കപ്പഴത്തിന് കേരളത്തിന് പുറത്ത് ആപ്പിളിനേക്കാൾ വിലയാണ്. ഗൾഫ് രാജ്യങ്ങളിലെ സൂപ്പർ മാർക്കറ്റുകളിലും ചക്കയ്ക്ക് ഏറെ ആവശ്യക്കാരുണ്ട്. കുടുംബശ്രീ യൂണിറ്റുകളും സ്വകാര്യ സംരംഭകരും ഈ രംഗത്തു പ്രവർത്തിക്കുന്നുണ്ട്. ഇവരെ സർക്കാർ പ്രോത്സാഹിപ്പിക്കണം. ചക്കയുടെ ഔഷധ ഗുണങ്ങളെക്കുറിച്ചും ബഹുമുഖ ഉപയോഗങ്ങളെക്കുറിച്ചും വ്യാപകമായ പ്രചാരണം നടത്തണം. അതുപോലെ ചക്കയുപയോഗിച്ചു ധാരാളം മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനെ പറ്റിയും ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.
ചക്ക ഇപ്പോൾ ഒരു കൃഷി എന്ന നിലയിൽ വ്യാപകമായിട്ടില്ല. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ വലിയ പ്രതീക്ഷകളോടെ പ്ലാവുതോട്ടങ്ങൾക്കു മലയാളികൾ ശ്രമിച്ചുകൂടായ്കയില്ല. അതുകൊണ്ട് തന്നെ കേരളത്തിനു കനിഞ്ഞു നൽകിയ ഈ ഫലം നാടിന് ഐശ്വര്യവും നാട്ടുകാർക്കു വരുമാനവും നൽകുന്നതാക്കി മാറ്റുവാനുള്ള തീവ്രശ്രമം സർക്കാരും ക−−ൃഷിവകുപ്പും നടത്തുമെന്ന വിശ്വാസത്തോടെ...