ഒടുവിലൊരു മാപ്പ്...
പ്രദീപ് പുറവങ്കര
ഒടുവിൽ സുക്കർബർഗിന് മാപ്പ് പറയേണ്ടി വന്നിരിക്കുന്നു. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ ഇടപെടാൻ ഫേസ്ബുക്ക് അതിന്റെ ഉപയോക്താക്കളുടെ വിവരങ്ങൾ ഉപയോഗപ്പെടുത്തിയെന്ന വിവാദമാണ് അദ്ദേഹം ശരിവെച്ചിരിക്കുന്നത്. സമീപകാലത്ത് ലോകരാഷ്ട്രങ്ങിളിലെ ജനാധിപത്യത്തെ ‘ദ്രവിപ്പിക്കുന്നതിൽ’ ഫേസ്ബുക്ക് വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ വിവരം. ഫേസ്ബുക്ക് നടത്തിയെന്ന് ആരോപിക്കുന്ന വിവരമോഷണ വിവാദത്തെ തുടർന്ന് അവരുടെ സാന്പത്തിക വിപണിയിലും വലിയ തിരിച്ചടിയാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. അതായിരിക്കണം സുക്കർബർഗിനെ മാപ്പ് പറയാനൊക്കെ ഇപ്പോൾ പ്രേരിപ്പിച്ചത്.
മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ സ്ഥാപിക്കാനും അത് കൊണ്ടുനടക്കാനുമുള്ള നമ്മുടെ കഴിവുകൾ വർദ്ധിപ്പിക്കാനും വേണ്ടി രൂപം കൊണ്ട ഫേസ്ബുക്ക് ഇന്ന് മനുഷ്യൻ സൃഷ്ടിച്ച അതിർത്തികൾ ഒക്കെ ഭേദിച്ചു കൊണ്ട്, അധികാര പരിധികളിലൊതുങ്ങാത്ത 2.2 ബില്യൺ ജനസംഖ്യയുള്ള ഒരു വലിയ അപകട രാഷ്ട്രം പോലെയായി മാറിക്കൊണ്ടിരിക്കുന്നു എന്നാണ് അദ്ദേഹത്തിന്‍റെ ഈ പ്രഖ്യാപനം തുറന്ന് പറയുന്നത്. കൂടുതൽ ശക്തമായ മനുഷ്യബന്ധങ്ങളുണ്ടാക്കുന്നതിനു പകരം ഫേസ്ബുക്ക് പരത്തിയ ഉത്കണ്ഠകളും ആസക്തികളും ഒക്കെ ആഗോള ചിന്താവിഷയമാകേണ്ട ഒരു കാലം കൂടിയാണ് ഇപ്പോൾ കടന്നുപോകുന്നത്. “ഇറ്റ് ഈസ് ടൈം ടു ഡിലീറ്റ് ഫേസ്ബുക്ക്” എന്ന പേരിൽ പ്രചരണ പരിപാടികളും യൂറോപ്യൻ രാജ്യങ്ങളിൽ ആരംഭിച്ചിട്ട് ഏകദേശം ഒരു വർഷത്തിന് മേലെയാകുന്നു.
സ്വയം പ്രകടിപ്പിക്കാനും നടപടികൾ സ്വീകരിക്കാനും അവസരം നൽകുന്നു എന്ന ഗുണവശമാണ് ഫേസ്ബുക്ക് പോലെയുള്ള സാമൂഹ്യമാധ്യമങ്ങളുടെ ഗുണവശമെങ്കിലും ഈ ഒരു വേദി ഉപയോഗിച്ചു കൊണ്ട് തെറ്റായ വിവരങ്ങൾ കണ്ടമാനം പ്രചരിപ്പിക്കുന്നുണ്ട് എന്നതാണ് ഏറ്റവും വലിയ ദോഷകരമായ കാര്യം. തങ്ങളുടെ കാഴ്ച്ചപ്പാടുകൾ മാത്രം കാണാൻ സാധിക്കുന്ന തരത്തിൽ ഉപയോക്താക്കൾക്ക് വേണ്ടി വ്യക്തിപരമായ അറകൾ സൃഷ്ടിക്കുക, രാഷ്ട്രീയ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിൽ നിന്ന് ചിലരെ മാറ്റിനിർത്തുക, രാഷ്ട്രീയക്കാരെയും പൗരന്മാരെയും അധിക്ഷേപിക്കാനുള്ള വേദിയായി മാറുക തുടങ്ങിയവയാണ് ഫേസ്ബുക്ക് ഇന്ന് സാധാരണയായി നേരിടുന്ന വിമർശനങ്ങൾ. എന്നിരുന്നാലും ഇന്ന് ഒരു പരിധിവരെ ഇൻർനെറ്റ് സൗകര്യം ഉപയോഗിക്കുന്ന മിക്കവരെയും ഒരു അദൃശ്യ ചങ്ങലയെന്ന പോലെ നിയന്ത്രിക്കുന്നത് ഫേസ്ബുക്ക് പോലെയുള്ള സമൂഹ മാധ്യമങ്ങളാണെന്നു പറഞ്ഞാൽ അതിൽ തെല്ലും അതിശയോക്തി ഇല്ല. മനുഷ്യന്റെ ചിന്തയും പ്രവൃത്തിയും സ്വപ്നവും മൂല്യബോധവുമൊക്കെ ഇത്തരം ഇടങ്ങൾ ചിട്ടപ്പെടുത്തുന്ന കാഴ്ചയാണ് നാം കാണുന്നത്. മൈക്ക് ഇല്ലാതെ, പ്ലാറ്റ് ഫോം ഇല്ലാതെ, ആൾക്കൂട്ടം ഇല്ലാതെ ഒരേ സമയം ആയിരക്കണക്കിനു മനുഷ്യരോട് ഒരാൾക്ക് തന്റെ മുറിയുടെ സ്വച്ഛതയിൽ ഇരുന്ന് ആശയ വിനിമയം നടത്താനായതോടെ ലോകം വിരൽത്തുന്പിലേയ്ക്ക് ഒതുങ്ങി. ഒരു ഭാഗത്ത് ഇത്തരം സ്ഥലങ്ങൾ ജനാധിപത്യവും സ്വാതന്ത്ര്യവും നൽകുന്പോൾ അതേ സ്പേസ് ജനാധിപത്യ സംവാദത്തെയും ആശയരൂപീകരണത്തെയും തടയാനുള്ള ഇടമായും മാറുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ സുക്കർബർഗിന്റെ മാപ്പ് പ്രത്യേകം ശ്രദ്ധയാകർഷിക്കുന്നു...