ഒന്ന് തൊ­ട്ടേ­നെ­...


പ്രദീപ് പു­റവങ്കര

അറബ് ലോകത്ത് ചെറുതായി പോലും ഒരു വാഹനാപകടം നടന്നാൽ സാംസ്കാരിക പ്രബുദ്ധത ഏറെ അവകാശപ്പെടുന്ന നമ്മുടെ നാട്ടിലേത് പോലെ പരസ്പരം തെറിയഭിഷേകം ഉണ്ടാകാറില്ല. അതിന് പകരം പരസ്പരം ഒന്നാശ്ലേഷിച്ചും, സുഖാന്വേഷണങ്ങൾ നടത്തിയുമൊക്കെയാണ് ഇവിടെ അപകടത്തിന്റെ തുടർനടപടികളിലേയ്ക്ക് കടക്കുന്നത്. അതുപോലെ മറ്റ് എവിടെയാണെങ്കിലും കണ്ടുമുട്ടുന്പോൾ ഇവർ തമ്മിൽ പരസ്പരം കാണിക്കുന്ന ഒരു സ്നേഹം ഏറെ വ്യത്യസ്തം തന്നെയാണ്. ഈ രീതിയിൽ ഒന്ന് ഹസ്തദാനം ചെയ്യുവാനോ, പരസ്പരം ഒന്ന് ആശ്ലേഷിച്ച് വർത്തമാനം പറയാനും മറന്നുപോകുന്ന ഒരു കാലത്തിലൂടെയാണ് വിശിഷ്യാ നാം മലയാളികൾ കടന്നുപോകുന്നത് എന്ന് ഓർമ്മിപ്പിക്കാനാണ് ഈ മുഖവുര. രണ്ട് ലിംഗത്തിൽ പെട്ടവർ പരസ്പരം തൊടുന്നത് പോലും ചീത്ത വാർത്തയാക്കുന്ന സമൂഹമായി മാറിയിരിക്കുന്നു നമ്മുടേത്. ഇങ്ങിനെ സ്പർശനം എന്നാൽ കാമം തീർക്കേണ്ട എന്തോ ഒന്നായി മാറികൊണ്ടിരിക്കുന്ന ഒരു അവസ്ഥ ശരിക്കും വേദനിപ്പിക്കുന്നതാണ്. കൈക്കുഞ്ഞുങ്ങളെ പോലും എടുത്ത് ലാളിക്കാനോ കവിളത്ത് ഒരുമ്മ കൊടുക്കാനോ ഭയക്കുന്ന അവസ്ഥയിലേയ്ക്ക് നമ്മിൽ പലരുമെത്തിയിരിക്കുന്നു. ഇതൊക്കെ പീഢനങ്ങളുടെ പരിധിയിൽ വരുമോ എന്നതാണ് ആശങ്ക. അതുപോലെ തന്നെ നമ്മളെ എടുത്ത് വളർത്തിയവർക്ക് പ്രായമാകുന്പോൾ, നാഡീഞരന്പുകൾ ചുക്കിചുളിയുന്പോൾ അവരെ ഒന്ന് തൊടാൻ പോലും നമ്മൾ അറച്ചും, മടിച്ചും നിന്നുപോകുന്നു. അവരെ ഒന്ന് തൊടാൻ മടിക്കുന്ന മക്കൾ തങ്ങൾക്ക് പകരം ഒരു ഹോം നേഴ്സിനെ വെച്ച് സംതൃപ്തി കൊള്ളുന്നു. 

ഒരാളുടെ സ്പർശനത്തിൽ തന്നെ നമുക്ക് അയാളുടെ വ്യക്തിത്വം തിരിച്ചറിയാൻ സാധിക്കുമെന്ന് പറയാറുണ്ട്. സൗഹൃദത്തിന്റെ കരുതലാണോ,  പ്രണയത്തിന്റെ നനവാണോ, കാമത്തിന്റെ അസ്വസ്ഥയാണോ എന്ന് ഈ സ്പർശനങ്ങളിലൂടെ തിരിച്ചറിയാനുള്ള ജന്മവാസന എല്ലാ മനുഷ്യർക്കുമുണ്ടെന്നതാണ് വാസ്തവം. പക്ഷെ ഇത് മറന്ന് കൊണ്ട് ആരും എന്നെ തൊടേണ്ട, ഞാനും ആരെയും തൊടില്ലെന്ന് പറഞ്ഞ് ജീവിക്കുന്നവരുടെ എണ്ണമാണ് ഇന്ന് വർദ്ധിച്ചു വരുന്നത്. അവർ സ്പർശനത്തിന്റെ വിലയറിയുക അവസാന നാളുകളിലാണ്. രോഗശയ്യയിൽ കിടക്കുന്പോൾ തന്നെ കാണാനെത്തുന്നവർ,  തളർന്ന് കിടക്കുന്ന കൈകളിൽ കുറച്ച് നേരം തടവിയാൽ തന്നെ വശങ്ങളിൽ തൂക്കിയിട്ടിരിക്കുന്ന ഡ്രിപ്പ് തുള്ളികളേക്കാൾ എത്രയോ ഇരട്ടി ആശ്വാസമാണ് ലഭിക്കുക. ആ നേരത്ത് കണ്ണുകളിൽ നിന്ന് ഒരു നീർച്ചാൽ ഒഴുകി വരും. അതിനെയാണ് സ്നേഹം എന്ന് വിളിക്കുന്നത്. 

പോസീറ്റീവായ ഇത്തരം നല്ല സ്പർശനങ്ങളാണ് ഏതൊരു മനുഷ്യനും എന്നും വേണ്ടത് എന്നോർമ്മിപ്പിക്കാനാണ് ഇന്നത്തെ തോന്ന്യാക്ഷരം മാറ്റിവെക്കുന്നത്. മനുഷ്യന്റെ ഏറ്റവും വലിയ അനുഗ്രഹം സ്നേഹം സ്വീകരിക്കാനും, അത് നൽകാനുമുള്ള കഴിവാണ്.  അത് പോസിറ്റീവായി, സത്യസന്ധമായി നൽകാൻ സാധിച്ചാൽ മരുന്നിന്റെ എണ്ണം കുറയ്ക്കാം. ലോകത്ത് ഇത് ഏറ്റവുമധികം തെളിയിക്കുന്നത് തന്റെ കുട്ടിയൊന്ന് കാലിടറി വീണാൽ സ്നേഹത്തോടെ വീണ്ടും കൈകളിലേയ്ക്ക് വാരിയെടുക്കുന്ന മാതൃഹൃദയങ്ങളാണ്. ഇന്ന് ലോകം ആ അമ്മമാരെ ഓർക്കുന്ന ദിനമാണ്. എല്ലാവർക്കും മാതൃദിനാശംസകൾ നേരട്ടെ... 

You might also like

Most Viewed