ജീ­വന്റെ­ ജീ­വനാ­കേ­ണ്ട ജലം....


പ്രദീപ് പുറവങ്കര

മാർച്ച് എന്നാൽ പല രാജ്യങ്ങളിലും കണക്കെടുപ്പിന്റെ മാസം കൂടിയാണ്. ലാഭമോ നഷ്ടമോ എന്ന് കണക്കാക്കുന്ന മാസമായത് കൊണ്ടാണോ എന്നറിയില്ല മനുഷ്യജീവിതവുമായി ബന്ധപ്പെട്ട പല പ്രധാന ദിനങ്ങളും കൊണ്ടാടപ്പെടുകയോ, ആചരിക്കുകയോ ചെയ്യുന്നതും ഈ മാസത്തിലാണ്. ഇന്നലെ തോന്ന്യാക്ഷരത്തിൽ വനദിനത്തെ പറ്റിയായിരുന്നു എഴുതിയതെങ്കിൽ ഇന്ന് ലോക ജലദിനത്തെ പറ്റിയാണ് ഓർമ്മിപ്പിക്കുന്നത്.

ഐക്യരാഷ്ട്ര സഭയുടെ പ്രധാന ഘടകങ്ങളിൽ ഒന്നായ യൂനിഫെസിന്റെ നേതൃത്വത്തിൽ 1992 മുതൽക്കാണ്  മാർച്ച് 22ന് ലോക ജലദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ഈ നൂറ്റാണ്ടിലെ ഏറ്റവും ദുർലഭമായ വസ്തു ജലമായിരിക്കുമെന്ന ആശങ്കയുടെ നിഴലിലാണ് നാമിന്ന് ജീവിക്കുന്നത്. ഭൂമിയിൽ ജീവന്റെ തുടക്കം തന്നെ ജലത്തിലായിരുന്നു. അതുകൊണ്ടു തന്നെ അതിന്റെ തുടർച്ചയും ഈ ജലത്തെ ആശ്രയിച്ചാണിരിക്കുന്നത്. മാനത്തു മഴവില്ലു തീർ‍ക്കുന്നതും മഴയായും മഞ്ഞായും പെയ്തിറങ്ങുന്നതും ഇതേ ജലം തന്നെ. മനുഷ്യശരീരത്തിന്റെ മൂന്നിൽ രണ്ടുഭാഗവും ജലമാണ്. ജലാധിഷ്ഠിതമായ ഒരു ആവാസ വ്യവസ്ഥയാണ് ഭൂമിക്കുമുള്ളത്. ഇങ്ങിനെ പ്രാണവായു കഴിഞ്ഞാൽ ജീവജാലങ്ങളുടെ നിലനിൽ‍പ്പിന്റെ അടിസ്ഥാനം തന്നെ ജലമാണ് എന്നുള്ള വസ്തുതയാണ് ഓരോ ജലദിനവും നമ്മെ ഓർമ്മിപ്പിക്കുന്നത്. 

അതുപോലെ തന്നെ ഭൂമിയിലെ ശുദ്ധജലത്തിന്റെ അളവ് അനുദിനം കുറയുന്ന കാലത്താണ് ഇപ്പോൾ നാം ജീവിക്കുന്നത്. വരാനിരിക്കുന്ന നാളുകൾ ജലയുദ്ധത്തിന്റെതാവുമെന്ന നിരീക്ഷണവും പ്രസക്തമാണ്. 2050ഓടെ ലോകജനസംഖ്യയുടെ അന്പത് ശതമാനം പേർക്കെങ്കിലും ശുദ്ധജലം കിട്ടാത്ത അവസ്ഥയുണ്ടാകുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ആംഗലേയ കാൽപനിക കവിയായ സാമുവേൽ ടെയിലർ കോളറിഡ്ജ് തന്റെ ‘ദി റൈം ഓഫ് ദി എൻഷെന്‍റ് മാറിനർ‍ എന്ന കവിതയിൽ സൂചിപ്പിക്കുന്നതുപോലെ Water water everywhere, not a drop to drink എന്നതാണ് വരാനിരിക്കുന്ന വലിയൊരു ദുരന്തെമന്ന് അവർ പ്രവചിക്കുന്നു. മനുഷ്യന് കുടിക്കാൻ സാധിക്കാത്ത തരത്തിൽ ജലശ്രോസുകൾ മലിനീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കാലത്ത് ഭൂമിയിലെ സകല ജീവജാലങ്ങൾക്കും അവകാശപ്പെട്ട ജലം സ്വകാര്യവത്കരിച്ച് വൻ ലാഭം കൊയ്യാനുള്ള തത്രപ്പാടിലാണ് കോള കന്പനികൾ അടക്കമുള്ള ബഹുരാഷ്ട്ര കുത്തകകൾ. ഇന്ത്യയിൽ വിൽക്കുന്ന ഓരോ പത്തുകുപ്പി വെള്ളത്തിൽ മൂന്നെണ്ണമെങ്കിലും മലിനമാണെന്ന് ഇതിനിടെ വെളിപ്പെടുത്തിയത്‌ ലോക്‌സഭയിൽ നമ്മുടെ തന്നെ കേന്ദ്രസർക്കാരാണ്‌. ശുദ്ധജലം ഉറപ്പാക്കാൻ ബാധ്യസ്ഥമായ ഭരണകൂടംതന്നെ ജലം ശുദ്ധമല്ലെന്നു പറയുന്ന ദുരവസ്ഥ ഇന്ത്യക്ക് പുറമേ പലയിടത്തും നിലനിൽക്കുന്നു. മനുഷ്യശരീരത്തിന്‌ വലിയ ആപത്തുണ്ടാക്കുന്ന രാസവസ്തുക്കളാണ്‌ പല വലിയ വാട്ടർ കന്പനികളും അവരുടെ ഉത്പ്പന്നങ്ങളിൽ ചേർക്കുന്നത്. ആകർഷകമായ പ്ലാസ്റ്റിക്‌ കുപ്പിയിൽ കിട്ടുന്ന കുടിവെള്ളം പരിശുദ്ധമാണെന്ന വിശ്വാസത്തോടെയാണ്‌ ആളുകൾ ഉപയോഗിക്കുന്നത്‌. വീട്ടിൽനിന്ന്‌ ചൂടാക്കി ആറിച്ച കുടിവെള്ളം കൈയിൽ കരുതുന്നതിനുപകരം സൗകര്യത്തിന്റെ പേരിൽ വിലകൊടുത്ത്‌ കുപ്പിവെള്ളം വാങ്ങുന്ന ശീലം നമുക്ക് വന്ന് ചേർന്നിട്ട് അധികം കാലമായിട്ടില്ലെന്ന് കൂടി ഈ ജലദിനത്തിൽ ഓർക്കാം. രണ്ട് ദിവസമായി വാട്സാപ്പ് ഗ്രൂപ്പുകളിൽ ഒരു കുത്തക കോള കന്പനിയുടെ കുന്പസാര വീഡിയോ പ്രചരിക്കുന്നുണ്ട്. ഈ ചാരിത്ര്യ പ്രസംഗവും അവരുടെ കച്ചവടത്തിന് വേണ്ടിയുള്ള തന്ത്രമാണെന്ന് ഓർമ്മിപ്പിച്ചു കൊണ്ട്...

You might also like

Most Viewed