തിരിച്ചറിവിന്റെ ദിനം...
പ്രദീപ് പുറവങ്കര
മാർച്ച് 21 ലോക വനദിനമായിട്ടാണ് ഐക്യരാഷ്ട്ര സഭ ആചരിക്കുന്നത്. ആധുനിക മനുഷ്യന്റെ തിരിച്ചറിവിന്റെ ഫലമായി ഉണ്ടായ ഒരു ദിനാചരണമാണിത്. 2013 ലാണ് ലോകത്ത് ആദ്യമായി അന്താരാഷ്ട്ര വനദിനം ആചരിച്ചുതുടങ്ങിയത്. ലോകത്തുള്ള 32 മില്യൻ ഏക്കർ വരുന്ന വനഭൂമിയാണ് ഓരോ വർഷവും വിവിധ കാരണങ്ങൾ കൊണ്ട് നഷ്ടമായിക്കൊണ്ടിരിക്കുന്നത് എന്ന തിരിച്ചറിവാണ് ഇങ്ങനെ ഒരു ദിനത്തെപ്പറ്റി ചിന്തിക്കാൻ ഐക്യരാഷ്ട്രസഭയെ പ്രേരിപ്പിച്ചത്. വനം എന്നാൽ കുറേ മരങ്ങൾ മാത്രമല്ല എന്ന അറിവാണ് ഈ ദിനത്തിൽ പങ്ക് വെക്കപ്പെടേണ്ടത്. നമ്മുടെ നാടായ കേരളം ധാരാളം വനങ്ങളാൽ അനുഗ്രഹിക്കപ്പെട്ട മേഖലയാണ്. ഭൂവിസ്തൃതിയുടെ 28.90 ശതമാനമാണ് കേരളത്തിൽ വനമുള്ളത്. അതായത് ഏകദേശം 11,125.59 സ്ക്വയർ കിലോമീറ്റർ വിസ്തീർണം വരും. അതേസമയം സർക്കാർ കണക്ക് പ്രകാരം വനപ്രദേശമായി കണക്കാക്കിയിരിക്കുന്നത് 9400 സ്ക്വയർ കിലോമീറ്റർ മാത്രമാണ്. 19-ാം നൂറ്റാണ്ടിൽ നമ്മുടെ സംസ്ഥാനത്തിന്റെ 75 ശതമാനവും വനപ്രദേശമായിരുന്നുവെന്ന് ഓർമ്മിക്കുന്നതും ഈ സാഹചര്യത്തിൽ നല്ലതാണ്. ഭൂവിസ്തൃതിയുടെ പശ്ചിമഘട്ടത്തിൽ ചിതറി കിടക്കുന്ന രീതിയിലാണ് മിക്ക വനങ്ങളും ഉള്ളത്. നിത്യഹരിതവനങ്ങളാണ് കേരളത്തിൽ കൂടുതലുള്ളത്. അപൂർവ്വ ജൈവ വൈവിധ്യങ്ങളുടെ കലവറ കൂടിയായ ഈ വനങ്ങളിൽ ഏറ്റവും കൂടുതൽ ഉള്ളത് ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ്. ആലപ്പുഴയാണ് സംരക്ഷിത വനപ്രദേശമില്ലാത്ത ജില്ല.
കേരളത്തിൽ അഞ്ച് ദേശീയ ഉദ്യോനങ്ങളാണ് ഉള്ളത്. സൈലന്റ്വാലി, ഇരവികുളം നാഷണൽ പാർക്ക്, പാന്പാടുംചോല നാഷണൽ പാർക്ക്, ആനമുടി നാഷണൽ പാർക്ക്, മതികെട്ടാൻ നാഷണൽ പാർക്ക് എന്നിവയാണ് ഇത്. കൂടാതെ പതിനൊന്ന് വന്യമൃഗസങ്കേതങ്ങളും രണ്ട് പക്ഷിസങ്കേതങ്ങളും ഒരു കടുവാസങ്കേതവും (പെരിയാർ ടൈഗർ റിസർവ്്) ആണ് പ്രധാന സംരക്ഷിത വനപ്രദേശങ്ങൾ. നമ്മുടെ കാടുകളിൽ ആന, കടുവ, പുലി, സിംഹവാലൻ കുരങ്ങുകൾ, കാട്ടുപോത്ത്, കരടി, മാൻ, കുരങ്ങ്, പുള്ളിപ്പുലി, കുറുക്കൻ, ചെന്നായ് തുടങ്ങി നിരവധി മൃഗങ്ങൾ ജീവിക്കുന്നുണ്ട്. വേഴാന്പലടക്കം നിരവധി പക്ഷികളുമുണ്ട്. തേക്ക്, മരുത്, കരിമരുതി, ചന്ദനമരം, വേങ്ങൽ, ചടച്ചി, കാഞ്ഞിരം തുടങ്ങിയ വൻ മരങ്ങളും എണ്ണിയാലൊടുങ്ങാത്ത ഔഷധ സസ്യങ്ങളും നമ്മുടെ വനപ്രദേശങ്ങളെ സംപുഷ്ടമാക്കുന്നു. ഇത് കൂടാതെ സർക്കാർ തന്നെ പരിപാലിക്കുന്ന വനപ്രദേശങ്ങളിൽ തേക്ക്, യൂക്കാലിപ്റ്റസ്, മുള തുടങ്ങിയവയും നട്ടുവരുന്നുണ്ട്. ഇതിനൊക്കെ പുറമേ ആദിമ സംസ്കാരങ്ങളുടെ ബാക്കിപത്രമായി ധാരാളം മനുഷ്യരും വനങ്ങളോട് ഇവുകി ജീവിക്കുന്നു. ലോകമാകമാനമുള്ള വനങ്ങളിൽ 1.6 ബില്യൻ മനുഷ്യരാണ് ജീവിക്കുന്നത്.
പ്രവാസലോകത്ത് താമസിക്കുന്പോൾ അവധികാലത്ത് നാട്ടിൽ പോകുന്പോൾ നാട് മാത്രമല്ല കാണേണ്ടത് എന്ന ചിന്തയാണ് തോന്ന്യാക്ഷരത്തിലൂടെ പങ്ക് വെയ്ക്കുന്നത്. നാടിനൊപ്പം കാണേണ്ടതാണ് അവിടെയുള്ള കാടും. മക്കൾ ഇവിടെയാണ് പഠിക്കുന്നതെങ്കിൽ അവർ തീർച്ചയായും വീടിന് അടുത്തുള്ള ഒരു കാടെങ്കിലും കണ്ടിരിക്കണം. കാരണം ഇവിടേക്കുള്ള ഓരോ യാത്രയും അവനവനിലേയ്ക്കുള്ള യാത്രയാണ്. വിവരിച്ച് തരാൻ പറ്റാത്ത തരത്തിലുള്ള അനുഭൂതിയാണ് വനം അഥവാ കാട് നൽകുക എന്നോർമ്മിപ്പിച്ചു കൊണ്ട്...