ചക്ക ഇനി­ കേ­രളത്തി­ന്റെ­ സ്വന്തം..


പ്രദീപ് പുറവങ്കര

നമ്മുടെ സ്വന്തം ‘ചക്ക’ കേരളത്തിന്‍റെ ഔദ്യോഗിക ഫലമാകുന്നു. സർക്കാരിന്‍റെ ഔദ്യോഗിക പ്രഖ്യാപനം മാർച്ച് 21ന് നടക്കും. സംസ്ഥാന മൃഗത്തിനും പക്ഷിക്കും പൂവിനും മീനിനും പിന്നാലെയാണ് സംസ്ഥാന ഫലവും തിരഞ്ഞെടുക്കുന്നത്. സംസ്ഥാന കാർഷിക വകുപ്പാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചത്. ബി.സി 4000 മുതൽ  ഇന്ത്യയിൽ പ്ലാവുകൾ ഉണ്ടായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. അശോകചക്രവർത്തി പ്ലാവുകളുടെ ഒട്ടുതൈകൾ നാട്ടിൽ ഉടനീളം നട്ടുപിടിപ്പിച്ചതായും പറയപ്പെടുന്നു.  ജ്യോതിശാസ്ത്രന്ജനും ഗണിതശാസ്ത്ര വിദഗ്ദ്ധനുമായ വരാഹമിഹിരൻ (ബിസി500) ബ്രഹിത് സംഹിതയിൽ പ്ലാവുകളുടെ ഗുണമേന്മയുള്ള തൈകൾ ഉണ്ടാക്കുന്ന വിധം വിവരിച്ചിട്ടുണ്ട്. വിദേശികൾ ഇവിടെ നിന്ന് കടത്തികൊണ്ടു പോയ ചക്കകുരു കിളിച്ച് ഉണ്ടായ മരത്തിനു ജക്ക (jaca) എന്നപേരും ഇട്ടു ജാക്ക് ഫ്രൂട്ട് എന്നാക്കി മാറ്റുകയായിരുന്നുവത്രെ. 

ചക്കയെ പ്രത്യേകമായി ഒരു ബ്രാൻഡ് എന്ന നിലയിൽ മാറ്റുന്നതോടെ ഏകദേശം കോടികണക്കിന് രൂപയുടെ വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ചക്കയിൽ നിന്നും അതിന്റെ അനുബന്ധ ഉത്പന്നങ്ങളിൽ നിന്നുമായിരിക്കും ഈ വരുമാനമുണ്ടാക്കുന്നത്. സംസ്ഥാനത്ത് വൻതോതിൽ ചക്കയുടെ ഉത്പാദനം നടക്കുന്നുണ്ടെങ്കിലും പൂർണ്ണമായും ഇത് വരുമാനശ്രോതസായി മാറ്റാൻ സാധിച്ചിട്ടില്ലെന്ന് തിരിച്ചറിവാണ് ഈ നീക്കത്തിന് കാരണം. കീടനാശിനിനകളുടെ പ്രയോഗമില്ലാതെ നമ്മുടെ നാട്ടിൽ ഉത്പാദിപ്പിക്കുന്ന അപൂർവം ഫലവർഗങ്ങളിലൊന്നു കൂടിയാണ് ഈ ചക്ക. കാര്യമായുള്ള വളപ്രയോഗങ്ങളും ഇതിന് വേണ്ടി വരാറില്ല. അതു കൊണ്ട് തന്നെ നമ്മുടെ നാട്ടിലുണ്ടാകുന്ന ചക്ക ഏറെ ജൈവഗുണമുള്ളതുമാണ്. പ്രതി വർഷം 32 കോടി ചക്കയാണ് കേരളത്തിൽ ഇപ്പോൾ ഉണ്ടാകുന്നത്. അതിൽ മുപ്പത് ശതമാനം നശിച്ചു പോകുന്നുണ്ട്. ഈ ഒരു അവസ്ഥ ഔദ്യോഗിക ഫലമാകുന്പോൾ മാറുമെന്നാണ് അധികൃതർ പറയുന്നത്. പ്ലാവ് കൃഷി വികസിപ്പിക്കുന്നതിനായി കൃഷി വകുപ്പിന്റെ ഊർജിതമായ ശ്രമമുണ്ടാകുമെന്നും കൃഷി മന്ത്രി സുനിൽ കുമാറും ഉറപ്പ് തരുന്നു. 

പഴങ്ങളിൽ വെച്ച് ഏറ്റവും വലുതായ ചക്ക ഏറെ പോഷകസമൃദ്ധം കൂടിയാണ്. പ്രോട്ടീൻ സംന്പുഷ്ടമായ ചക്കയിൽ ജീവകങ്ങളും, കാൽസ്യം, അയൺ, പൊട്ടാസ്യം എന്നിവയുമുണ്ട്. അതുപോലെ തന്നെ ചക്കയുടെ എല്ലാ ഭാഗങ്ങളും ഏറെ ഉപയോഗപ്രദമാണെന്ന കാര്യവും ഓർക്കാം. ചക്കമടൽ, ചക്കച്ചുള്ള, ചക്കചക്കിണി, ചക്കകുരു തുടങ്ങി ഏത് ഭാഗമെടുത്താലും നാവിലെ രുചിമുകളങ്ങളിൽ സ്വാദിന്റെ രസം പരക്കും. ചക്ക ഉപ്പേരിയും, ചക്ക വരട്ടിയതും നമ്മുടെ ഇടയിൽ പ്രധാനം തന്നെ. ഇന്ന് നമ്മുടെ നാട്ടിൽ അന്യസംസ്ഥാന തൊഴിലാളികൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഡിമാന്റ് ഉള്ള കാര്യമായി  ചക്ക മാറിയിട്ടുണ്ടെന്ന് വരെ തമാശയായും കാര്യമായും പറയുന്നു. പ്രമേഹ നിയന്ത്രണത്തിന് ഏറ്റവും പറ്റിയ ആഹാരം ആയി അറിയപ്പെട്ടു തുടങ്ങിയതോടെയാണ് ഈ മാറ്റം. പച്ചച്ചക്ക വേവിച്ചു കഴിച്ചു രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിർത്താമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഇങ്ങിനെ ഏറെ മാഹാത്മ്യങ്ങളുള്ള ചക്ക ദൈവത്തിന്റെ സ്വന്തം നാട്ടിലെ സ്വന്തം ഫലമായി മാറുന്പോൾ നാടിന്റെ സന്പത്ത് വ്യവസ്ഥയ്ക്ക് ഇത് മുതൽക്കൂട്ടാക്കട്ടെ എന്നാഗ്രഹിക്കുന്നു...

You might also like

Most Viewed