ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്...


പ്രദീപ് പുറവങ്കര

നമ്മുടെ നാട്ടിലിറങ്ങുന്ന സിനിമകളിൽ ആമുഖമായി വരുന്ന ഒരു പരസ്യവാചകമാണ് “നമ്മളിൽ ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്” എന്നത്. ജീവിതത്തിൽ സന്തോഷം എന്നത് എന്നും നിലനിൽക്കണമെന്ന്  ആഗ്രഹിക്കുന്നവരാണ് മിക്ക മനുഷ്യരും. പലപ്പോഴും സന്തോഷം എന്നത് ജീവിതവിജയം കൈവരിക്കുന്നവർക്ക് മാത്രമാണെന്ന് വിശ്വസിക്കുന്നവരാണ് മിക്കവരും. പലപ്പോഴും ഇത് സന്പത്തുമായി ബന്ധപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ റോഡ് സൈഡിൽ വീടോ നല്ല വസ്ത്രമോ, വയറ് നിറയെ ഭക്ഷണമോ കഴിക്കാതെ ജീവിക്കുന്നവർ പലപ്പോഴും റോഡരികിലൂടെ ആഡംബര കാറുകളിൽ യാത്ര ചെയ്യുന്ന സന്പന്നരെക്കാൾ സന്തോഷം അനുഭവിക്കുന്നുണ്ടെന്നതാണ് യാത്ഥാർത്ഥ്യം.  ഒരു വ്യക്തിയുടെയോ, സമൂഹത്തിന്റെയോ നല്ല ആരോഗ്യത്തിന്റെ ലക്ഷണം കൂടിയാണ് അവരനുഭവിക്കുന്ന സന്തോഷം. ഈ സന്തോഷ വർത്തമാനം പറഞ്ഞുതുടങ്ങിയത് കഴിഞ്ഞദിവസം പുറത്ത് വന്ന ഏറ്റവും പുതിയ വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് കാരണമാണ്. പുതിയ റിപ്പോർട്ട് അനുസരിച്ച് ലോകത്തെ ഏറ്റവും സന്തുഷ്ട രാഷ്ട്രമായി വിലയിരുത്തപ്പെടുന്നത് ഫിൻ‍ലാൻഡ് ആണ്. കഴിഞ്ഞകൊല്ലം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന നോർവെയെ പിന്തള്ളിയാണ് ഫിൻലാൻഡ് ഒന്നാം സ്ഥാനത്ത് എത്തിയത്. 

നോർവെ, ഡെൻമാർക്ക്, ഫിൻലാൻഡ്  എന്നീ നോർ‍ഡിക് രാജ്യങ്ങൾ, സ്വിറ്റ്‌സർ‍ലന്റ്, ഐസ്‌ലാന്റ് എന്നിവക്കൊപ്പം സന്തുഷ്ടി അടിസ്ഥാനമാക്കി യുഎൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ ആരംഭിച്ച 2012 മുതൽ ആദ്യത്തെ പത്ത് ഇടങ്ങളിൽ സ്ഥാനം പിടിച്ചു പോന്നിട്ടുള്ളവയാണ്. ലോകത്ത് ഏറ്റവും ഉയർ‍ന്ന വരുമാന നികുതി നിലവിലുള്ള രാജ്യങ്ങളാണ് അവ. ആ നികുതി സന്പ്രദായമാണ് അവരെ ക്ഷേമരാഷ്ട്രമാക്കി നിലനിർത്തുന്ന സന്പദ്ഘടനയുടെ അടിത്തറ. അതേസമയം ഉന്നത വിദ്യാഭ്യാസവും, ആരോഗ്യ സേവനങ്ങളും ഇവിടെ സൗജന്യമായി നൽ‍കുന്നു. ഒപ്പം ധാരാളം സാമൂഹ്യ സുരക്ഷാ സംവിധാനങ്ങളും ഈ രാജ്യത്തെ പൗരൻമാർക്ക് ലഭ്യമാണ്. 

ഓരോ രാഷ്ട്രത്തിന്റെയും സാമൂഹ്യ സാന്പത്തിക രാഷ്ട്രീയ ജീവിതവുമായി ബന്ധപ്പെട്ട 14 മേഖലകളെയും സംബന്ധിക്കുന്ന ചോദ്യാവലിയുടെയും അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കുന്നത്. ഇക്കൊല്ലത്തെ റിപ്പോർട്ടിൽ 156 രാജ്യങ്ങളാണ് പഠനവിധേയമായത്. അവയിൽത്തന്നെ 117 എണ്ണം കുടിയേറ്റക്കാരെ സംബന്ധിച്ച പഠനങ്ങൾക്കും വിധേയമായി. ഇക്കൊല്ലം ഇന്ത്യ 122−ാം സ്ഥാനത്താണുള്ളത്. അയൽ രാജ്യങ്ങളായ ചൈന (79), പാകിസ്ഥാൻ (80), ഭൂട്ടാൻ (97) നേപ്പാൾ (99), ബംഗ്ലാദേശ് (110), മ്യാന്‍മാർ (114), ശ്രീലങ്ക (120) എന്നിവയ്ക്ക് പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ഈ സ്ഥാനം ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ ജീവിതാവസ്ഥകളെയാണ് തുറന്നുകാട്ടുന്നതെന്ന് പറയാതെ വയ്യ. ഓരോ അരമണിക്കൂറിലും ഒരു കർഷകനെങ്കിലും ആത്മഹത്യ ചെയ്യേണ്ടി വരുന്ന രാജ്യമാണ് നമ്മുടേതെന്ന് കേന്ദ്ര ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ ഔദ്യോഗിക കണക്ക് സൂചിപ്പിക്കുന്നു. ദിനംപ്രതി മൂന്ന് വർ‍ഗീയ കലാപങ്ങൾ നമ്മുടെ രാജ്യത്ത് നടക്കുന്നുവെന്ന കണക്ക് പാർ‍ലമെന്റിന്റെ മേശപ്പുറത്തുവച്ച രേഖകളാണ് വെളിവാക്കുന്നത്. പ്രായപൂർ‍ത്തിയാവാത്ത കുട്ടികളടക്കം ലക്ഷങ്ങൾ ഇപ്പോഴും അടിമകളെപോലെ പണിയെടുക്കേണ്ടി വരുന്ന തൊഴിൽ സന്പ്രദായം നമ്മുടെ നാട്ടിൽ നിലനിൽക്കുന്നു. ഈയൊരു സാഹചര്യത്തിൽ ഇക്കൊല്ലത്തെ ലോകസന്തുഷ്ടി റിപ്പോർ‍ട്ട് സാധാരണ പൗരനെ പറ്റി ഒരു നിമിഷമെങ്കിലും ചിന്തിക്കാൻ ഭരണാധികാരിവർഗത്തെ പ്രേരിപ്പിക്കുമെന്ന പ്രതീക്ഷയോടെ...

You might also like

Most Viewed