രാഷ്ട്രീയം മാറുന്പോൾ...
പ്രദീപ് പുറവങ്കര
ഉത്തർപ്രദേശിലും ബിഹാറിലും നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളിൽ പ്രധാനപ്പെട്ട രാഷ്ട്രീയകക്ഷിയായ ബിജെപിക്കുണ്ടായ പരാജയമാണ് ഇന്ന് ദേശീയതലത്തിൽ ചർച്ചയാകുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും പ്രതിനിധാനം ചെയ്തിരുന്ന ഗോരഖ്പുർ, ഫുൽപുർ മണ്ഡലങ്ങളിലെ തിരിച്ചടി കേവലം ഒരു ഉപതെരഞ്ഞെടുപ്പു പരാജയമായി മാത്രം കാണാനാവില്ല. മുന്പ് മൂന്നു ലക്ഷത്തിലേറെ വോട്ടുകൾക്ക് ബിജെപി ജയിച്ച മണ്ഡലങ്ങളാണിവ. ഇത്തവണ ഇവിടെ രണ്ടിടത്തും ബഹുജൻ സമാജ് പാർട്ടി(ബിഎസ്പി) പിന്തുണയോടെ മത്സരിച്ച സമാജ്‌വാദി പാർട്ടി(എസ്പി) സ്ഥാനാർഥികൾ വിജയം നേടിയിരിക്കുന്നു.
ഈ സംസ്ഥാനങ്ങളിൽ ഒരു വർഷത്തിനുള്ളിൽ തെരഞ്ഞെടുപ്പു നടന്ന ഒന്പതു ലോക്‌സഭാ സീറ്റുകളിൽ ഏഴെണ്ണത്തിലും ബിജെപി സ്ഥാനാർഥികൾ പരാജയപ്പെട്ടിട്ടുണ്ട്. അതേസമയം ഈ കാലയളവിൽ പല നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബിജെപി വലിയ നേട്ടമുണ്ടാക്കിയിട്ടുമുണ്ട്. പ്രധാന ശക്തികേന്ദ്രവും, നരേന്ദ്ര മോഡിയുടെ ആസ്ഥാന സംസ്ഥാനവുമായ ഗുജറാത്തിൽ അൽപ്പം ക്ഷീണം സംഭവിച്ചെങ്കിലും അധികാരം നിലനിർത്താനും ബിജെപിക്ക് സാധിച്ചിരുന്നു. ഏറ്റവുമൊടുവിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ത്രിപുരയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബിജെപിക്കു നേട്ടം കൊയ്യാനായി. ഇന്ന് 21 സംസ്ഥാനങ്ങളിലാണ് ബിജെപിക്ക് അധികാരത്തിലെത്താൻ സാധിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പുവിജയം നേടാൻ സാധിക്കുന്ന ഒരു പ്രചരണ തന്ത്രവും അവർ വികസിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്തുകൊണ്ടാണ് രാജ്യത്തിന്റെ ഹൃദയഭൂമിയിൽ പാർലിമെന്റിലേയ്ക്ക് ഉള്ള തെരഞ്ഞെടുപ്പിൽ അടിക്കടി പരാജയം ഉണ്ടാകുന്നതെന്ന കാര്യം ബിജെപി തീർച്ചയായും അതീവഗൗരവതരമായി പഠിക്കുമെന്നതിൽ സംശയമില്ല. കാരണം അടുത്തവർഷം വരാനിരിക്കുന്നത് ലോകസഭാ തെരഞ്ഞെടുപ്പാണ്. യുപി പിടിക്കുന്നവരാണ് കേന്ദ്രം ഭരിക്കുക എന്ന് പറയാറുണ്ട്. കഴിഞ്ഞതവണ യുപി തൂത്തുവാരിയാണ് ബിജെപി കേന്ദ്രത്തിൽ നിർണായക ഭൂരിപക്ഷം നേടിയത്. അങ്ങിനെ സംഭവിക്കാതിരിക്കാൻ ഇപ്പോൾ യുപിയിൽ സമാജ്‌വാദി പാർട്ടിയും(എസ്പി) ബഹുജൻസമാജ് പാർട്ടിയും(ബിഎസ്പി)യും തമ്മിലുണ്ടാക്കിയ സഖ്യത്തിനു ചിലപ്പോൾ സാധിച്ചേക്കാമെന്ന് ഇപ്പോഴത്തെ ഫലങ്ങൾ തെളിയിക്കുന്നു.
ആളികത്തിയ കർഷകപ്രതിഷേധവും ദേശീയതലത്തിൽ ദളിത്, പിന്നോക്കവിഭാഗങ്ങളിലുണ്ടായ ഏകീകരണവും ഒക്കെ വരുന്ന തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന കാര്യങ്ങളാണ്. നോട്ടുനിരോധനം, ജിഎസ്ടിയുടെ അശാസ്ത്രീയമായ നടത്തിപ്പ്, ബാങ്ക് വായ്പാ തട്ടിപ്പ് തുടങ്ങിയ കാര്യങ്ങളും രാജ്യത്തിന്‍റെ സാന്പത്തിക സാഹചര്യങ്ങളെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അതുപോലെ പ്രാദേശിക പാർട്ടികളുടെ സ്വാധീനം വർദ്ധിച്ചുവരുന്നതും വരുംകാല രാഷ്‌ട്രീയത്തെ ഏറെ സ്വാധീനിക്കും. പലരും അവരുടെ ജന്മ വൈരം പോലും മറന്ന് ഒന്നിച്ചു നിൽക്കുന്നു. ഒപ്പം എൻഡിഎ സഖ്യത്തിലുണ്ടായിരിക്കുന്ന വിള്ളലുകളും ബിജെപിക്കു തലവേദനയാണ്. തെലുങ്കുദേശം പാർട്ടി ഈ സഖ്യം വിട്ടിരിക്കുന്നു. ശിവസേനയും അവരുടെ അസംതൃപ്തി പ്രകടിപ്പിക്കുന്നു. ഇങ്ങിനെ അത്ര എളുപ്പത്തിൽ നേരിടാൻ സാധിക്കുന്ന ഒന്നല്ല വരാൻ പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പെന്ന് ബിജിപിയും തിരിച്ചറിയുന്ന നേരമാണ് ഇപ്പോൾ കടന്നുപോയികൊണ്ടിരിക്കുന്നത് എന്ന് ഓർമ്മിപ്പിക്കട്ടെ... !!!