ഒന്നിച്ചൊന്ന് നടന്നാലോ ...
പ്രദീപ് പുറവങ്കര
ഏതൊരു മാതാപിതാക്കൾക്കും ഏറ്റവുമധികം സന്തോഷം നൽകുന്ന ഒരു കാര്യം സ്വന്തം കുഞ്ഞ് ആദ്യമായി പിച്ചവെച്ച് നടക്കുന്നത് കാണുന്പോഴാണെന്ന് പറയാറുണ്ട്. അച്ഛന്റെയോ അമ്മയുടെയോ കൈവിരൽ തുന്പ് പിടിച്ച് വലിയ ലോകത്തെ കാണാൻ നടന്നുപോകുന്ന ആ കുഞ്ഞു മനസ് വളരുംതോറും നമുക്ക് കൈമോശം വന്നുപോകുന്നു. ശരീരം വലുതാകും തോറും മനസ് ചെറുതാകുന്ന ഒരു വല്ലാത്ത ലോകമാണ് ഇന്നത്തേത്. അതേസമയം ജീവിക്കാനുള്ള മരണ വെപ്രാളത്തിൽ സ്വന്തം ശരീരത്തെ പോലും ശരിയായി മനസ്സിലാക്കാൻ നമ്മിൽ മിക്കവരും പരാജയപ്പെടുന്നു. അത്യാധുനിക വൈദ്യസഹായം ലഭിക്കുന്ന ഒരു കാലത്തിലൂടെയാണ് ലോകം കടന്നുപോയികൊണ്ടിരിക്കുന്നത്. ഇത് കാരണം മരിച്ചു പോകുമെന്ന് വിചാരിച്ച എത്രയോ പേർ പിന്നെയും ജീവിതത്തിലേയ്ക്ക് പിച്ച വെച്ച് നടന്നുവന്നിട്ടുണ്ട്. ഒരു തവണയെങ്കിലും അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയവരാണ് യഥാർത്ഥത്തിൽ ആരോഗ്യത്തിന്റെ വില മനസിലാക്കുന്നത്. ഭക്ഷണത്തിന് പകരം ഒരുപിടി ഗുളികകൾ മാത്രം ശീലമാക്കിയവരും നമ്മുടെയിടയിൽ ധാരാളം. മാറ്റിവെക്കാൻ ഒരു നിമിഷം പോലുമില്ലെന്ന് വേവലാതിപ്പെടുന്നവർക്ക് മരണം വാതിൽക്കൽ മുട്ടിവിളിക്കുന്പോൾ പോകാതിരിക്കാനും സാധിക്കുന്നില്ല. അവരും വെറുതെ അങ്ങിനെ മരിച്ചു പോകുന്നു. ജീവിച്ചിരിക്കുന്ന പലരുടെയും ഓർമ്മയാകുന്നു.
പ്രവാസലോകത്ത് അനാരോഗ്യം എന്നത് ഒരു ശീലമായി മാറിയിരിക്കുന്നു. അൽപ്പം ഷുഗറും, പ്രഷറും, കൊളസ്ട്രോളും ഒന്നുമില്ലെങ്കിൽ പിന്നെയെന്ത് ജീവിതം എന്നതായി ഇന്ന് മിക്കവരുടെയും ചിന്ത. ചിലർക്കാണെങ്കിൽ അത് സ്റ്റാറ്റസ് സിന്പലുമാണ്. പക്ഷെ ഒടുവിൽ ഒരു ദിവസം ഐസിയുവിന്റെ അകത്ത് അന്ത്യശ്വാസം വലിക്കുവാൻ കഷ്ടപ്പെടുന്പോൾ അവിടെയുള്ള വാതിലിലെ ജനാലയ്ക്കപ്പുറത്ത് ചിലർ വിങ്ങി പൊട്ടുന്നത് കാണുന്പോഴാണ് ആരോഗ്യം കുറച്ചു കൂടി ശ്രദ്ധിക്കാമായിരുന്നുവെന്ന് ആർക്കും തോന്നി പോകുന്നത്. ഇന്നത്തെ ലോകത്ത് വ്യായാമം എന്നത് എപ്പോൾ വേണമെങ്കിലും എവിടെ വെച്ച് വേണമെങ്കിലും ചെയ്യാൻ സാധിക്കുന്ന ഒരു കാര്യമാണ്. അതിന് ഒരു ജിംനേഷ്യത്തിൽ പോയി മസിൽ പെരുപ്പിക്കണമെന്നോ, സൂര്യനുദിക്കുന്നതിന് മുന്പ് ബ്രഹ്മമുഹൂർത്തത്തിൽ തന്നെ യോഗാസനം ചെയ്യണണമെന്നോ ഒന്നും ഇല്ല. അങ്ങിനെയൊക്കെ ചെയ്താൽ കുറേകൂടി നല്ലത് എന്ന് മാത്രം. അതേസമയം ഏറ്റവും എളുപ്പത്തിൽ ഒരാൾക്ക് തന്റെ ആരോഗ്യത്തെ അത്യാവശ്യം നന്നായി കൊണ്ടുപോകാനുള്ളൊരു മാർഗം നന്നായി നടക്കുക എന്നതാണ്. കൈവീശി, കാലും നീട്ടി, നെഞ്ച് വിരിച്ച് നടന്നാൽ തന്നെ ശരീരത്തിലെ മാത്രമല്ല, മനസിലെ ബ്ലോക്കുകളും മാറി കിട്ടുമെന്ന് ഒട്ടുമിക്ക ആരോഗ്യവിദഗ്ധരും പറയുന്നു. മാത്രമല്ല, ഇഷ്ടമുള്ള ഒരാളെയും കൂട്ടി അവരോട് സംസാരിച്ച് നടക്കുകയാണെങ്കിൽ സ്മാർട്ട് ഫോണൊക്കെ മാറ്റിവെച്ച് ആർക്കും സ്മാർട്ടാകാം എന്നതാണ് വാസ്തവം. ഹ−ൃദയാഘാതങ്ങളും ജീവിതശൈലീ രോഗങ്ങളും വർദ്ധിക്കുന്ന ഈ കാലത്ത് നടത്തം എന്ന മാന്ത്രിക വിദ്യയെ പറ്റി അവബോധം ജനിപ്പിക്കുന്നതിനായി ഫോർ പിഎം ന്യൂസ് നാളെ ബഹ്റൈനിലെ ആൻഡലസ് ഗാർഡനിൽ ഒരു പരിപാടി സംഘടിപ്പിക്കുകയാണ്. ലെറ്റ് അസ് ഗോ ഫോർ എ വാക്ക് എന്ന ഈ പരിപാടിയിൽ പങ്കെടുക്കാൻ എല്ലാ പ്രിയപ്പെട്ട വായനക്കാരെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു, നമ്മുക്ക് ഒന്നിച്ചൊന്ന് നടക്കാലോ...!!