സമരങ്ങൾ തുടർച്ചയാകും...
പ്രദീപ് പുറവങ്കര
ഒരു സമരം തത്ക്കാലം തീർന്നിരിക്കുന്നു. രാജ്യത്തിന്റെയാകെ ശ്രദ്ധപിടിച്ചുപറ്റിയ മഹാരാഷ്ട്രയിലെ കർഷകരുടെ ലോങ് മാർച്ചാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്‍റെ ഉറപ്പിനെ തുടർന്ന് അവസാനിച്ചത്. കർഷകർ അഭിമുഖീകരിക്കുന്ന ആഴമേറിയ സാന്പത്തിക തകർച്ചയുടെയും അവകാശ നിഷേധത്തിന്റെയും പ്രതിഫലനമായിരുന്നു ഈ കർഷക മാർച്ച്. ഇതേ സാഹചര്യമാണ് ഇപ്പോൾ മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്‌നാട്, ഉത്തർപ്രദേശ് തുടങ്ങിയ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും നിലനിൽക്കുന്നത്. പ്രക്ഷോഭത്തിന്റെ പാതയിലാണ് ഇവിടെയുള്ള കർഷകർ. മോഹിപ്പിക്കുന്ന ചില പ്രഖ്യാപനങ്ങൾക്ക് അപ്പുറത്തേക്ക് പോവാൻ ഇവിടെയുള്ള സർക്കാരുകൾ തയ്യാറാകുന്നില്ല. അതിൽ നിന്ന് വ്യത്യസ്തമായി മഹാരാഷ്ട്രയിൽ ലോങ് മാർച്ചിൽ പങ്കെടുത്ത കർഷകരുടെ പ്രതിനിധികളോട് സംസാരിക്കാനും ചില ഉറപ്പുകൾ എങ്കിലും നൽകാനും ദേവേന്ദ്ര ഫട്‌നാവിസ് മനസ് കാണിച്ചത് സ്വാഗതാർഹമാണ്. അതേസമയം പ്രതിപക്ഷ, ഭരണപക്ഷ ഭേദമന്യേ ലഭിച്ച പിന്തുണയുടെയും മുംബൈ നഗരത്തിലടക്കം ജനങ്ങളിൽ നിന്നും ലഭിച്ച പ്രതികരണത്തിന്റെയും പ്രതിഫലനമാണ് അദ്ദേഹത്തിനെ ഇതിന് പ്രേരിപ്പിച്ചിരിക്കുന്നതെന്നും പറയാതെ വയ്യ. മഹാൻമാരുടെ പ്രതിമകൾ സ്ഥാപിക്കാൻ കോടികൾ വകയിരുത്തിയ സംസ്ഥാന സർക്കാരാണ് മഹാരാഷ്ട്രയിലേത്. കാർഷിക കടാശ്വാസപദ്ധതികളുടെ കാര്യത്തിൽ കൂടി ഇത്തരമൊരു ഉദാരത കാണിച്ചിരുന്നുവെങ്കിൽ എത്രയോ ജീവനുകൾ ഇവിടെ രക്ഷപ്പെടുമായിരുന്നു എന്നതും ഈ നേരത്ത് ഓർക്കേണ്ട കാര്യമാണ്.
ഈ ഒരു കർഷക സമരം കൈവരിച്ച താല്‍ക്കാലിക വിജയം ഇത്തരം ബഹുജന മുന്നേറ്റങ്ങൾ പല മേഖലകളിലുമായി ഇനിയും രാജ്യത്ത് ഉണ്ടാകുമെന്നതിന്റെ സൂചന തന്നെയാണ് നൽകുന്നത്. നമ്മുടെ സംസ്ഥാനത്തും ഇത്തരമൊരു പ്രക്ഷോഭം അടുത്ത് തന്നെ നടക്കുമെന്നത് ഉറപ്പാണ്. അത് പക്ഷെ കർഷകരുടേതായിരിക്കില്ല മറിച്ച് കേരളത്തിന്റെ സാന്പത്തിക അടിത്തറ കെട്ടിപൊക്കിയ ഗൾഫ് പ്രവാസികളുടേതായിരിക്കുമെന്ന് മാത്രം. ഏറ്റവുമധികം പ്രവാസികൾ പാർക്കുന്ന സൗദി അറേബ്യയിൽ നടന്നു വരുന്ന തീവ്രസ്വദേശിവൽക്കരണത്തിന്റെ ഭാഗമായി ഓരോ ദിവസവും നിരവധി പേർക്കാണ് ജോലിയും ജീവിതവും നഷ്ടമായി നാട്ടിലേയ്ക്ക് തിരികെ വരേണ്ടി വരുന്നത്. മറ്റ് ഗൾഫ് രാജ്യങ്ങളിലും സ്ഥിതി വിഭിന്നമല്ല. ഈ അവധി കാല സീസണോടെ ധാരാളം പേർ അവരുടെ കുടുംബങ്ങളെയെങ്കിലും നാട്ടിലേയ്ക്ക് പറിച്ചു നടാനുള്ള തീരുമാനമാണ് എടുത്തുവരുന്നത്. ആദ്യം കുടുംബം, പിറകേ താൻ എന്ന നിലപാട് സാധാരണക്കാരനായ പ്രവാസി എടുക്കുന്പോഴും അവന്റെ മുന്നിലെ ചോദ്യം നാട്ടിൽ ചെന്നിട്ട് എന്ത് ചെയ്യും എന്നത് തന്നെയാണ്. ജീവിക്കാനുള്ള തത്രപ്പാടിൽ തട്ടികൂട്ടുന്ന വരുമാനമാർഗങ്ങളുടെ ഉത്തരത്തിൽ കെട്ടിതൂങ്ങേണ്ടിവരുന്ന സുഗതൻമാരാണ് പ്രവാസികളെ ആശങ്കപ്പെടുത്തുന്നത്. കൈ നിറയെ കാശുമായി വരുന്ന പണ ചാക്കുകളായി പ്രവാസികളെ കാണുന്ന ശീലം വീട്ടുക്കാർക്ക് മാറിതുടങ്ങിയെങ്കിലും നാട്ടുക്കാർക്ക് മാറിയിട്ടില്ല എന്നതും പാവം പ്രവാസികളെ ഭയപ്പെടുത്തുന്നു. തിരികെ എത്തിയാൽ തന്റെ വീടിന്റെ മുറ്റത്ത് കൊടിനാട്ടി പ്രക്ഷോഭം തുടങ്ങിയാൽ താൻ ആരോട് പരാതി പറയുമെന്നും പ്രവാസിക്ക് അറിയില്ല. അതു കൊണ്ട് തന്നെ വരും കാലങ്ങളിൽ കേരളത്തിന്റെ വീഥികളിൽ പ്രവാസിക്കും വിളിക്കേണ്ടി വരും തൊണ്ട പൊട്ടുമാറ് പുതിയമുദ്രവാക്യങ്ങൾ എന്നോർമ്മിപ്പിച്ചുകൊണ്ട്...