മരിക്കാൻ അവകാശം കിട്ടുന്പോൾ...
പ്രദീപ് പുറവങ്കര
നമ്മുടെ ഭരണഘടന നൽകിയിരിക്കുന്ന പ്രധാനപ്പെട്ട ഒരവകാശം സ്വാതന്ത്ര്യത്തോടെ അന്തസായി ജീവിക്കാനുള്ളതാണ്. ഇതോടൊപ്പം അന്തസായി മരിക്കാനുള്ള അവകാശം കൂടി കഴിഞ്ഞ ദിവസം നമ്മുടെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് അതിന്റെ ചരിത്രവിധിയിലൂടെ ഉപാധികളോടെ ഉറപ്പുവരുത്തിയിരിക്കുന്നു. ദയാമരണത്തിനുള്ള പൗരന്റെ അവകാശം ദുരുപയോഗം ചെയ്യപ്പെടാനിടയുണ്ടെന്ന കേന്ദ്ര സർക്കാരിന്റെ വാദം തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന വിധിപുറത്ത് വന്നിരിക്കുന്നത്. ലോകത്തെ പല രാജ്യങ്ങളും ഇതിനകം നിയമസാധുത നൽകിക്കഴിഞ്ഞ ഒരു അവകാശമാണ് നമ്മുടെ പരമോന്നത കോടതി ഈ വിധിയിലൂടെ അംഗീകരിച്ചിരിക്കുന്നത്.
രോഗിയുടെ നിസഹായവസ്ഥയും ദുരിതപൂർണമായ ജീവിതത്തിനു വിരാമമിടണമെന്ന അന്ത്യാഭിലാഷത്തിനും രോഗിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ വൈദ്യശാസ്ത്രത്തിന് ആവില്ലെന്ന വസ്തുതയും പരിഗണിച്ചാണ് സുപ്രീം കോടതി ദയാമരണത്തിന് നിയമസാധുത നൽകുന്ന തീരുമാനത്തിൽ എത്തിച്ചേർന്നിട്ടുള്ളത്. മരണ സമ്മതപത്രം നൽകാത്ത രോഗികളുടെ കാര്യത്തിൽ വൈദ്യശാസ്ത്ര ഇടപെടലിലൂടെ സക്രിയ ദയാവധത്തിന് ഭരണഘടനാ ബെഞ്ച് നിയമസാധുത നൽകാൻ വിസമ്മതിക്കുകയും ചെയ്തിട്ടുണ്ട്. സാധാരണ ജീവിതത്തിലേയ്ക്ക് ഒരിക്കലും മടങ്ങിവരാനാവില്ലെന്ന അവസ്ഥയിൽ ജീവൻരക്ഷാ ഉപകരണങ്ങളുടെ മാത്രം സഹായത്തോടെ നിരർഥകമായി “വെജിറ്റബിൾ സ്റ്റാറ്റസിൽ” ജീവിക്കുവാൻ നിർബന്ധിതരാകുന്നവർക്ക് അതിൽ നിന്നുള്ള മോചനമാർഗ്ഗമാണ് സുപ്രിം കോടതി ഈ വിധിയിലൂടെ തുറന്നു നൽകിയിരിക്കുന്നത്. ജീവിതവും മരണവും തന്നെയാണ് ആത്യന്തിക യാഥാർത്ഥ്യം എന്നിരിക്കെ സ്വതന്ത്രമായി അന്തസ്സോടെ ജീവിക്കാനും മരിക്കാനുമുള്ള അവകാശം നിഷേധിക്കപ്പെട്ടുകൂട എന്ന് തിരിച്ചിറിയുന്ന ഈ വിധി തീർച്ചയായും സ്വാഗതാർഹമാണ്. മരണത്തെ അതിജീവിച്ച ഒരാളെപ്പോലും മതപരമായ സങ്കൽപ്പങ്ങൾക്കും വിശ്വാസങ്ങൾക്കും അപ്പുറം ചരിത്രത്തിലോ ഐതിഹ്യങ്ങളിലോ പുരാണങ്ങളിലോ ഇതിഹാസങ്ങളിലോ പോലും കാണാനാവില്ല എന്നിരിക്കെയും, മരണം മനുഷ്യനെ നിഴൽപോലെ ജീവിതാന്ത്യം വരെ പിന്‍തുടരുന്നുഎന്ന യാത്ഥാർത്ഥ്യം നിലനിൽക്കുകയും ചെയ്യുന്പോൾ ഇത്തരമൊരുപുരോഗനാത്മകമായ ഒരു തീരുമാനം ഏറെ പ്രധാന്യം അർഹിക്കുന്ന ഒന്നുകൂടിയാണ്.
ഈ വിധി പ്രകാരം തന്റെ ഭാവിയെ കുറിച്ച് ആശങ്കയുള്ള രോഗികൾക്ക് മുൻകൂട്ടി മരണസമ്മത പത്രം തയ്യാറാക്കി ബന്ധുക്കൾക്കോ ആശുപത്രികൾക്കോ മറ്റ് അധികൃതർക്കോ കൈമാറാം. തുടർന്ന് ജില്ലാ മജിസ്‌ട്രേറ്റ് (കളക്ടർ) നിയോഗിക്കുന്ന മെഡിക്കൽ ബോർഡിന്റെ പരിശോധനകൾക്ക് ശേഷം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ അനുമതിയോടെ ദയാമരണം അനുവദിക്കാവുന്നതാണ്. ഇത് സംബന്ധിച്ച് തർക്കം ഉടലെടുക്കുന്ന പക്ഷം രോഗിയുമായി ബന്ധപ്പെട്ടവർക്ക് ഹൈക്കോടതിയെ സമീപിക്കാം. ഈവിധി ദുരുപയോഗം ചെയ്യപ്പെടുമെന്ന് ആശങ്കപ്പെടുന്ന വലിയൊരു വിഭാഗത്തിന്റെ ആശങ്കകൾ പങ്കുവയ്ക്കുന്പോൾ തന്നെ മാനവികതയുടെയും നിയമവ്യവസ്ഥയുടെയും ജാഗ്രത അത്തരം പ്രതിസന്ധികളെ മറികടക്കുമെന്ന് പ്രതീക്ഷിച്ചു കൊണ്ട്...