സമരങ്ങൾ­ക്ക് തീ­ പി­ടി­ക്കു­ന്പോൾ...


പ്രദീപ് പുറവങ്കര

നമ്മുടെ നാട്ടിൽ ഒരു പ്രക്ഷോഭം കൂടി ശ്രദ്ധ പിടിച്ചുപറ്റുന്നു. മഹാരാഷ്ട്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെയാണ് മാർച്ച് ആറിന് നാസിക്കിൽ നിന്ന് കാൽലക്ഷത്തോളം വരുന്ന കർഷകരുടെ വലിയൊരു മാർച്ച് മുംബൈ നിയമസഭ വളയുന്ന സാഹചര്യത്തിലേയ്ക്ക് എത്തിയിരിക്കുന്നത്. ഓൾ ഇന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിലാണ് കർഷകർ ഈ ശക്തിപ്രകടനം സംഘടിപ്പിക്കുന്നത്. ഇരുന്നൂറോളം കിലോമീറ്ററുകൾ താണ്ടിയുള്ള ഈ മാർച്ച് കർഷകർ അനുഭവിക്കുന്ന ദുരിതമാണ് വിളിച്ചോതുന്നത്. തങ്ങളുടെ കടം എഴുതിതള്ളുക, സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക എന്നിവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങൾ. സംസ്ഥാനത്ത് സൂപ്പർ ഹൈവെ, ബുള്ളറ്റ് ട്രെയിൻ എന്നീ പദ്ധതികളുടെ പേരിൽ കർഷകരുടെ ഭൂമി ബലപ്രയോഗത്തിലൂടെ തട്ടിയെടുക്കുന്ന നടപടികളിലും ഇവർക്ക് അമർഷമുണ്ട്.  കഴിഞ്ഞ വർഷം ജൂൺ മാസത്തിന് ശേഷം 1753 കർഷകരാണ് സംസ്ഥാനത്ത് കടബാധ്യത മൂലം ആത്മഹത്യ ചെയ്തത്. കർഷകരുടെ പ്രക്ഷോഭം നമ്മുടെ നാട്ടിൽ ഇതാദ്യമായിട്ടല്ല നടക്കുന്നത്. തമിഴ് നാട്ടിൽ നിന്നുള്ളവർ ഡൽഹിയിൽ വെച്ച് നടത്തിയ സമരവും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 

നമ്മുടെ ജനപ്രതിനിധികളോ, രാഷ്ട്രീയക്കാരോ, ഉദ്യോഗസ്ഥരോ ഒന്നും തന്നെ ഇന്ത്യൻ സാന്പത്തികവ്യവസ്ഥയുടെ ജീവനാഡി കാർഷിക മേഖലയാണെന്ന് അറിയാത്തവരല്ല. പക്ഷെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് മാത്രമായി ഈ ഒരു വലിയ വിഭാഗം എന്നും മാറുന്നു എന്നതാണ് ദുഃഖകരമായ സത്യം. രാജ്യത്ത് പലയിടങ്ങളിലും ഉണ്ടായികൊണ്ടിരിക്കുന്ന കാലാവസ്ഥ വ്യതിയാനം കർഷകരുടെ സ്വപ്നങ്ങളെയാണ് കരിച്ചുകളയുന്നത്. അതിനോടൊപ്പം സർക്കാർ ബാങ്കുകളും, ബ്ലേഡ് പലിശയ്ക്ക് കടം കൊടുക്കുന്നവരും കടം നൽകിയ പണം തിരികെ ലഭിക്കുന്നതിനായി നടത്തുന്ന സമ്മർദ്ദങ്ങളും ഈ പാവങ്ങളെ വല്ലാതെ തളർത്തുന്നുണ്ട്. ഒരു ഗതിയുമില്ലാതെയാകുന്പോഴാണ് ഇവർ സമൂഹത്തിന്റെ മധ്യത്തിലേയ്ക്ക് ഇറങ്ങിവരുന്നത്. നമുക്ക് അന്നം തരുന്നവരാണിവർ. ആ ഒരു ഓർമ്മയെങ്കിലും ബാക്കിവെച്ചു  കൊണ്ട് തന്നെ ആ കണ്ണീർ തുടയ്ക്കേണ്ടത് പൊതുസമൂഹത്തിന്റെ ബാധ്യതയാണ്.  

ഇത്തരം വലിയ പ്രക്ഷോഭങ്ങളിൽ നിനച്ചിരിക്കാതെ ഭരണം തനിമനഇ്നെ മാറിയ ചരിത്രം നമ്മുടെ നാടിനുണ്ട്. നിർഭയ എന്ന് നമ്മൾ പേരിട്ടു വിളിച്ച പെൺകുട്ടി നേരിട്ട ഹീനമായ ആക്രമത്തിൽ നിന്നാണ് രാജ്യതലസ്ഥാനത്ത് തന്നെ അധികാരം പിടിച്ചെടുക്കുന്ന തരത്തിലേയ്ക്ക് ഒരു പുതിയ രാഷ്ട്രീയ പാർട്ടി ഉദയം ചെയ്തത് എന്നും ഓർക്കാം. സമാനമായൊരു അവസ്ഥ രാജ്യത്തിന്റെ സാന്പത്തിക തലസ്ഥാനമായ മഹാരാഷ്ട്രയിൽ ഉണ്ടായികൂടാ എന്നൊന്നുമില്ല. കാരണം ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണ്. ഓരോ അധികാര കൈമാറ്റങ്ങളും ഇവിടെ നടക്കുന്നത് അടിസ്ഥാന വർഗത്തിന്റെ കൂടി കൈയൊപ്പ് ചാർത്തികൊണ്ടാണ്. സാന്പത്തികമായി മേൽകൈ നേടിയവരുടെ വോട്ട് മാത്രം അധികാരം ലഭിക്കാൻ പോര എന്ന കാര്യം ഭരണവർഗം ഓർക്കേണ്ടതാണ്. ഇലക്ഷൻ പ്രചരണങ്ങൾക്ക് കോടികൾ ചിലവിടുന്ന എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഇവരുടെ കാര്യത്തിൽ ഒരു പോലെ ഉത്തരവാദിത്വമുണ്ട് എന്നോർമ്മിപ്പിച്ചു കൊണ്ട്...

You might also like

Most Viewed