നോക്കുകൂലി അവസാനിക്കുന്പോൾ...
പ്രദീപ് പുറവങ്കര
ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും ഒരു ദുരാചാരത്തിന് സമാപനം കുറിക്കുന്നു എന്ന വാർത്ത മലയാളികളായ എല്ലാവർക്കും ആശ്വാസകരമായ കാര്യമാണ്. കേരളത്തിന്റെ തൊഴിൽ വിപണിയെ തന്നെ ഏറെ അപകീർത്തിപ്പെടുത്തിയ നോക്കുകൂലി സന്പ്രദായം അവസാനിപ്പിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിന് കേന്ദ്ര ട്രേഡ് യൂണിയൻ സംഘടനകളും പൂർണമായ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഈ പിടിച്ചുപറി സമാപിക്കുന്നത്. ചെയ്യാത്ത ജോലിക്ക് സംഘബലംകൊണ്ടു പേടിപ്പിച്ചു കൂലിവാങ്ങാനായി കേരളത്തിലെ ചുമട്ടുതൊഴിലാളികളും അവരുടെ സംഘടനാ നേതാക്കളും കണ്ടുപിടിച്ച സന്പ്രദായമാണ് നോക്കുകൂലി. അത് ഈ വരുന്ന മെയ് ഒന്ന് മുതൽ നിർത്തലക്കാനാണ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ വിളിച്ചു ചേർത്ത യോഗം തീരുമാനിച്ചിരിക്കുന്നത്. കേരള സമൂഹം ഒന്നടങ്കം സ്വാഗതം ചെയ്യുന്ന തീരുമാനത്തിനാണ് സർക്കാരും, ട്രേഡ് യൂണിയനുകളും പിന്തുണ നല്‍കിയിരിക്കുന്നത്. പരിഷ്‌കൃതമായ ഒരു സമൂഹത്തിനും അംഗീകരിക്കാവുന്ന കാര്യമല്ല തൊഴിലെടുക്കാതെ കൂലി വാങ്ങുന്ന നോക്കുകൂലി എന്ന രീതി. സംസ്ഥാനത്തെ തൊഴിൽ മേഖലയുടെ പ്രതിച്ഛായയേയും ഏറ്റവുമധികം പ്രതികൂലമായി ബാധിച്ച ഒരു കാര്യമാണിത്.
അതേസമയം പ്രായോഗികതലത്തിൽ ഈ തീരുമാനം നടപ്പിലാക്കുന്നത് എളുപ്പമായ കാര്യമല്ല എന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്. യോഗത്തിൽ എല്ലാത്തിനും സമ്മതം മൂളിയ തൊഴിലാളി നേതാക്കൾ അത് നടപ്പിലാക്കാനുള്ള ആത്മാർത്ഥത കൂടി കാണിച്ചാൽ മാത്രമേ പൂർണമായ ഫലം ലഭിക്കൂ. നോക്കുകൂലി വാങ്ങുന്നവരുടെപേരിൽ ഗുണ്ടാനിയമപ്രകാരം കേസെടുക്കണമെന്ന് 2014 ഡിസംബർ നാലിന് കേരള ഹൈക്കോടതി വിധിച്ചിട്ടും ഫലമുണ്ടായിരുന്നില്ല എന്നതും ഓർക്കാം. ചുട്ടയിലെ ശീലം ചുടല വരെ എന്ന തരത്തിൽ പഠിച്ചേതേ ചെയ്യൂ എന്ന് തൊഴിലാളികൾ തീരുമാനിച്ചാൽ തീരുമാനം നോക്കുകുത്തിയാകും. നേതാക്കൾ എത്ര തന്നെ നിഷേധിച്ചാലും പ്രാദേശികതലത്തിൽ ഇത്തരം ദുഷ്‌പ്രവണതകൾ ശക്തമായി നിലനിൽക്കുന്നുണ്ട് എന്നതും യാത്ഥാർത്ഥ്യമാണ്. നോക്കുകൂലി നിർത്തലാക്കാനുള്ള തീരുമാനത്തോടൊപ്പം തന്നെ താഴെത്തട്ടിലുള്ള ട്രേഡ് യൂണിയൻ നേതാക്കൾ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തൊഴിലാളികളെ കരാർ അടിസ്ഥാനത്തിൽ ആവശ്യക്കാർക്കിടയിൽ വിതരണം ചെയ്യുന്ന ഏജൻസികളായി പ്രവർത്തിക്കുന്ന രീതിയും അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇത്തരം തീരുമാനങ്ങൾ നിശ്ചയദാർഢ്യത്തോടെ നടപ്പാക്കുന്നത് കേരളത്തിന്റെ തൊഴിൽ സംസ്‌കാരത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കും.
സദുദ്ദേശത്തോടെയും ഉന്നതമായ സാമൂഹ്യ ലക്ഷ്യങ്ങളോടെയും സ്വീകരിക്കുന്ന പല നടപടികളും ഗണ്യമായ ഒരു വിഭാഗത്തിന്റെ ജീവിതത്തെ ദുരിതപൂർണമാക്കി മാറ്റിയ പല അനുഭവങ്ങളും നമുക്ക് മുന്നിലുണ്ട് എന്ന കാര്യവും ഈ നേരത്ത് മറക്കരുത്. ഉദാഹരണത്തിന് ചാരായ നിരോധനത്തെ തുടർന്ന് ആ മേഖലയിൽ പണിയെടുത്തിരുന്ന ഏതാണ്ട് മുപ്പതിനായിരത്തിൽപരം തൊഴിലാളികളും അവരുടെ കുടുംബങ്ങളും കടുത്ത ജീവിത ദുരിതങ്ങൾക്ക് ഇരയായവരാണ്. ഇതു കണക്കിലെടുത്ത് നോക്കുക്കൂലി ശീലിച്ചവർക്ക് മറ്റേതെങ്കിലും തൊഴിൽ നൽകാനുള്ള ശ്രമവും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് കൂടി ഓർമ്മിപ്പിക്കട്ടെ !!.