സ്വാദേറിയ ചിന്തകൾ..
പ്രദീപ് പുറവങ്കര
നമ്മുടെ നാടിന്റെ ഓർമ്മകളെ വിളിച്ചുവരുത്തന്നതിൽ ഭക്ഷണത്തിന് ഏറെ പങ്കുണ്ട്. ചുട്ടരച്ച ചമ്മന്തി മുതൽ കപ്പയും ബീഫും തുടങ്ങിയ ഐറ്റംസ് ഒക്കെ നോസ്സാൾജിയ വിളിച്ചു വരുത്തുന്നതിൽ മുന്പൻമാരാണ്. ബഹ്റൈനടക്കമുളള രാജ്യങ്ങളിൽ ഇത്തരം ഗൃഹാതുരസ്വാദുകളെ നമ്മുടെ നാവിൻ തുന്പിലെത്തിക്കാൻ ശ്രമിക്കുന്ന നിരവധി നല്ല ഭക്ഷണ ഇടങ്ങളും ലഭ്യമാണ്. വാരാന്ത്യങ്ങളില്ലെങ്കിലും ഇവിടങ്ങളിൽ ചെന്ന് രാപാർക്കുന്നത് നമ്മളിൽ പലരുടെയും ശീലം കൂടിയാണ്.
മുന്പൊക്കെ ഒരാൾ വിളന്പി തന്നാൽ അത് കഴിക്കുന്ന രീതിയായിരുന്നു നമ്മൾ കണ്ട് ശീലിച്ചിരുന്നത്. ഇന്ന് അത് മാറി നമുക്ക് താത്പര്യമുള്ള ഭക്ഷണ ഇനങ്ങൾ എടുത്ത് കഴിക്കുക എന്നത് നമ്മുടെയിടയിൽ വളരെ സാധാരണമായ ഏർപ്പാടായി മാറി കഴിഞ്ഞിട്ടുണ്ട്. ഇതിനായി ഇന്ന് ഹോട്ടലുകളിൽ ബുഫേ സിസ്റ്റം അഥവാ ഇഷ്ടമുള്ള ആഹാരം സ്വയം തിരഞ്ഞെടുക്കുന്ന രീതിയാണ് പലയിടത്തും അവലംബിക്കുന്നത്. ഓരോ വ്യക്തിയുടേയും രസമുകുളങ്ങൾ വ്യത്യസ്തമായിരിക്കുമെന്നും, അതുകൊണ്ട് തന്നെ ഏറെ വ്യക്തിപരമാണ് രുചിയും സ്വാദുമെന്നും തിരിച്ചറിയുന്പോൾ ബുഫേ രീതി ഏറെ നല്ലത് തന്നെയാണ്. എന്നാൽ നമ്മളിൽ മിക്കവർക്കും ഈ രീതിയിൽ ഭക്ഷണം ആസ്വദിച്ച് കഴിക്കാൻ സാധിക്കാറില്ല എന്ന് ഒരു സുഹൃത്ത് പറഞ്ഞപ്പോഴാണ് ഞാനും ഈ ഒരു കാര്യം സത്യത്തിൽ തിരിച്ചറിഞ്ഞത്. താൻ പുതുതായി ആരംഭിക്കാനുദ്ദേശിക്കുന്ന ഹോട്ടലിനെ പറ്റി സംസാരിച്ചു വന്നപ്പോഴാണ് അദ്ദേഹം നമ്മൾ മലയാളിയുടെ ചില ഭക്ഷണ ദുശീലങ്ങളെ പറ്റി സൂചിപ്പിച്ചത്. ഏറെ പ്രസക്തമായ ചില ചിന്തകളായിരുന്നു അത്.
സാധാരണ രീതിയിൽ ബുഫേ രീതിയിൽ ഭക്ഷണം വാങ്ങുന്നവർക്ക് ഒരാൾക്ക് മതിയാകുന്നത് വരെ ഭക്ഷണം എടുക്കാവുന്നതാണ്. ഇതു കാരണം എടുക്കാൻ പറ്റുന്നതിനേക്കാൾ കൂടുതൽ ഭക്ഷണം പ്ലേറ്റിൽ ശേഖരിച്ചുവെക്കും. പലപ്പോഴും നമ്മുടെ പാത്രം നിറയെ ഭക്ഷണം കുന്നുപോലെ കൂട്ടിവെക്കുകയാണ് മിക്കപ്പോഴും ചെയ്യുന്നത്. ഇവിടെ നമ്മുടെ ആവശ്യത്തിനല്ല മറിച്ച് കിട്ടുന്നത് പരമാവധി മുതലാക്കുക എന്ന സ്വാർത്ഥ ചിന്തയാണ് വെളിപ്പെടുത്തുന്നത്. തുടർന്ന് തീൻമേശയിൽ ഇരിക്കുന്പോഴാണ് താൻ എടുത്ത പലതും തനിക്കിഷ്ടമില്ലാത്ത ഭക്ഷണമാണെന്ന് തിരിച്ചറിയുക. ഒടുവിൽ എടുത്ത ഭക്ഷണത്തിന്റെ അറുപത് മുതൽ എഴുപത് ശതമാനം വരെ വേസ്റ്റിലേയ്ക്ക് തട്ടി ആർക്കും തന്നെ അത് ഉപയോഗപ്പെടുത്താൻ പറ്റാത്ത രീതിയിൽ കൈയും കഴുകി നമ്മൾ പുറത്തിറങ്ങുകയും ചെയ്യും.
ഭക്ഷണം ഉണ്ടാക്കി വിളന്പുന്ന ഹോട്ടൽ ജീവനക്കാരിലും ഇത് ഏറെ സങ്കടമുണ്ടാക്കുന്ന കാര്യമാണ്. അവർ ഏറെ കരുതലോടെ ഉണ്ടാക്കി ഉപഭോക്താക്കൾക്കായി നൽകുന്ന ഭക്ഷണം പൂർണ്ണമായും കഴിക്കാതെ ആരെയോ ബോധിപ്പിക്കാൻ വേണ്ടി എടുത്ത് വെറുതെ കളയുന്നത് അതുണ്ടാക്കിയവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന ചിന്തയാണ് സുഹൃത്തായ ഹോട്ടൽ ഉടമ പങ്ക് വെച്ചത്. ഉള്ളിൽ കുറ്റബോധം നിറയ്ക്കുന്ന ഇത്തരം പ്രവർത്തികൾ ഞാനും നിങ്ങളും ഒക്കെ ചെയ്തു കാണാം. പക്ഷെ ചെയ്തു ശീലിച്ച ഇത്തരം ചില കാര്യങ്ങൾ എന്തിന് വേണ്ടിയാണ് ചെയ്യുന്നതെന്നെങ്കിലും ഇടയ്ക്ക് പുനഃപരിശോധിച്ചാൽ നന്നായിരിക്കും. പണ്ടാരോ പറഞ്ഞത് പോലെ പഠിക്കാനല്ല വിഷമം, മറിച്ച് പഠിച്ചത് തെറ്റാണെന്ന് വീണ്ടും പഠിക്കാനാണ് ഏറ്റവും വിഷമം!!