ചുവപ്പ് പടരേണ്ട ദിനം..


പ്രദീപ് പുറവങ്കര

കലണ്ടർ താളുകളിൽ മറ്റ് പല ദിനങ്ങളേയും പോലെ ചുവപ്പ് പടരാത്ത ദിനമാണ് മാർച്ച് എട്ട്. അതേസമയം ഈ ദിനം വലിയൊരു ഓർമ്മപ്പെടുത്തലാണ് എന്നും മനുഷ്യരാശിക്ക് നൽകുന്നത്. മനുഷ്യവർഗ്ഗത്തിന്റെ തന്നെ നേർപാതിയ്ക്കായി സമർപ്പിച്ച ദിനം. 1857 മാർച്ച് എട്ടിന്, ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവുമാണ് ലോകവനിതാദിനത്തിന് തുടക്കം കുറിച്ചത്. ഇവിടെ  തുണി മില്ലുകളിൽ തൊഴിലെടുത്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ കുറഞ്ഞ ശന്പളത്തിനും ദീർഘസമയ തൊഴിലിനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടി ആദ്യമായി ഉയർ‍ത്തിയ ശബ്ദമായിരുന്നു പിന്നീട് ചരിത്രത്തിന്‍റെ ഭാഗമായത്.   

ഓരോ വനിതാദിനം വരുന്പോഴും നമ്മൾ പലപ്പോഴും ഓർക്കാറുള്ളത് ‍ലോക പ്രശസ്ത വനിതകളെയാണ്. അവരെ പറ്റിയുള്ള ഓർമ്മകുറിപ്പുകളാണ് ഓരോ ലേഖനവും, ചിന്തകളും പങ്ക് വെയ്ക്കുക. ഇവരെ ഓർക്കുന്നതിനോടൊപ്പം തന്നെ നമ്മെ വളർത്തിയ, കൈ പിടിച്ചുയർത്തിയ, സ്നേഹം പങ്ക് വെയ്ക്കുന്ന, ഹൃദയത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന വനിതകളെ കൂടി നമ്മൾ ഓർത്തെടുക്കേണ്ടതുണ്ട്. കരിപിടിച്ച അടുക്കളയിൽ ജീവിതം ഹോമിച്ച, കൂലി വേല ചെയ്തും, അന്യന്റെ വീട്ടിലെ അടുക്കളയിൽ പാത്രം കഴുകിയും മക്കളെയും കുടുംബത്തെയും പോറ്റിയ അമ്മ രൂപങ്ങളാകാം അത്. തറ മുതൽ പറ വരെയുള്ള അക്ഷരങ്ങൾ നാവിൻ തുന്പിൽ അകമഴിഞ്ഞ സ്നേഹത്തോടെ പകർന്ന് നൽകിയ അദ്ധ്യാപികമാരാകാം അത്. കളിക്കൂട്ടുകാരിയായ കുഞ്ഞുപെങ്ങളാകാം അത്. മണ്ണപ്പം ചുട്ടും ഒരേ ബെഞ്ചിലിരുന്നും പഠിച്ച സഹപാഠിയാകാം അത്. പ്രണയത്തിന്റെ രസം പകർന്നുതന്ന കാമുകിയാകാം അത്. വിവാഹം കഴിച്ചുപോയെന്ന ഒറ്റ കാരണത്താൽ തന്റെ വീടും വീട്ടുകാരെയും മനസില്ലാമനസോടെ വിട്ടകന്ന് തന്റെ സ്വതത്തെ പോലും മറന്നു പോകുന്ന പാവം ഭാര്യയാകാം അത്. അച്ഛാനാണ് എന്റെ രാജാവെന്ന് വിളിച്ച് പറയുന്നു മകളാകാം അത്. ഇവരെയൊക്കെ ഓർക്കേണ്ട ദിനമാണ് ഇന്ന്. അവരൊന്നും ഇല്ലെങ്കിൽ തങ്ങളില്ലെന്ന് ഓരോ പുരുഷനും തിരിച്ചറിയേണ്ട ഒരു ദിനം. 

അപ്പോഴും ഇന്നത്തെ കാലത്തും നമ്മുടെ ഇടയിൽ ചിലർക്കെങ്കിലും സ്ത്രീയെന്നാൽ എ.ടി.എം മെഷിൻ പോലുള്ള ഒരു ഉപകരണം മാത്രമാണ്. കുട്ടികളെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന മെഷീൻ. തങ്ങൾ ആഗ്രഹിക്കുന്ന ഭക്ഷണം ഉണ്ടാക്കുന്ന അടുക്കള മെഷീൻ. തങ്ങളുടെ വസ്ത്രങ്ങൾ കഴുകി, ഉണക്കി, ഇസ്തിരിയിട്ട് വെയ്ക്കുന്ന യന്ത്രം. താൻ സൃഷ്ടിച്ച് വിടുന്ന മക്കളെ പഠിപ്പിച്ചെടുക്കാൻ ഉപയോഗിക്കുന്ന പഠന സഹായി. തന്റെ കാമം തീർക്കാൻ അടുത്ത് കിടത്തുന്ന ഒരു ശരീരം. ആധുനിക കാലത്തും സ്ത്രീയെ ഇങ്ങിനെ കാണുന്ന ഒരു സമൂഹത്തിൽ ജീവിച്ചുപോകുന്പോൾ സത്യത്തിൽ വലിയ സങ്കടമുണ്ട്. ഇത് പറയുന്പോൾ തന്നെ  പലപ്പോഴും സ്ത്രീകളുടെ ശത്രു സ്ത്രീകൾ തന്നെയാണെന്ന കാര്യവും പറയാതിരിക്കാൻ വയ്യ. ശീലിച്ചുവന്ന അടിമത്വം തന്റെ അടുത്ത തലമുറയിലേയ്ക്ക് പകർന്നു കൊടുക്കുന്നതിൽ മിക്ക സ്ത്രീകൾക്കും വലിയ പങ്കുണ്ട്. നിങ്ങൾ ഒരു വനിത മാത്രമല്ല, മറിച്ച് ഒരു മനുഷ്യൻ കൂടിയാണെന്ന് തിരിച്ചറിയുക. ഒരു മനുഷ്യന് ലഭിക്കേണ്ട എല്ലാ പരിഗണനകളും അർഹതകളും നിങ്ങൾക്കും ലഭിക്കേണ്ടതുണ്ട്. ആർജ്ജവത്തോടെ ചോദിച്ച്് തന്നെ  അത് വാങ്ങുക. അടുത്ത തലമുറയെയും അത്തരത്തിൽ വാർത്തെടുക്കുക എന്നോർമ്മിച്ചു കൊണ്ട് എല്ലാവർക്കും സ്നേഹം നിറഞ്ഞ വനിതാദിനാശംസകൾ...

You might also like

Most Viewed