പ്രതിമകൾക്ക് ജീവൻ വന്നാൽ..
പ്രദീപ് പുറവങ്കര
കൈവെള്ളയിൽ കിടക്കുന്ന മൊബൈൽ ഫോണിൽ നിന്ന് ഒരു ഫോട്ടോ എടുക്കുവാനും അത് നിമിഷ നേരം കൊണ്ട് പ്രിന്റ് എടുത്ത് വെക്കാനോ, സോഷ്യൽ മീഡിയയിൽ അപ്്ലോഡ് ചെയ്യാനോ സാധ്യമല്ലാതിരുന്ന ഒരു കാലത്ത് തന്റെ തന്നെ ശിൽപ്പമുണ്ടാക്കിയോ, ചിത്രം വരച്ചോ ആണ് മനുഷ്യൻ അവന്റെ ജീവിതത്തെ പലയിടത്തും രേഖപ്പെടുത്തി വെച്ചത്. ചില മഹാൻമാരുടെ മരണ ശേഷം അവരുടെ ആരാധകരും ആ ഓർമ്മകൾ നിലനിർത്താൻ ഇതേ കർമ്മം കാലങ്ങളായി ചെയ്തു വന്നു. ഇന്നും സാങ്കേതിക വിദ്യകൾ ഏറെ വളർന്നിട്ട് പോലും പ്രതിമയും അതു പോലെ ഛായചിത്രങ്ങളുമൊക്കെ മനുഷ്യന് ഒരു വീക്നെസ്സ് തന്നെയായി തുടരുന്നു.
നമ്മുടെ ഇന്ത്യ മഹാരാജ്യത്ത് ഏറ്റവുമധികം പ്രതിമകൾ ഉണ്ടാക്കിയിരിക്കുന്നത് ചിലപ്പോൾ നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടേതായിരിക്കും. മിക്ക നാട്ടുകവലകളിലും അദ്ദേഹത്തിന്റെ മുഖം ശിൽപ്പമായി കാണാറുണ്ട്. പക്ഷികൾക്ക് കാഷ്ഠിക്കാനുള്ള ഒരിടമായി മാറുന്ന ഇതിൽ പലതും അദ്ദേഹത്തിനോടുള്ള അപമാനമായി തുടരുകയും ചെയ്യുന്നു. ഗാന്ധി ജയന്തിയോ, രക്തസാക്ഷി ദിനമോ, സ്വാതന്ത്ര്യദിനമോ വരുന്പോൾ ഒരു പത്ത് മിനിട്ട് നേരത്തെ പുഷ്പാർച്ചനയുടെ മുന്നോടിയായി മിനുക്കിവെക്കുന്ന ഗാന്ധിപ്രതിമകളാണ് ഇവയിൽ മിക്കവയും. മിക്കപ്പോഴും ലോകം കണ്ട ഏറ്റവും വലിയ അഹിംസാവാദിയായ മഹാത്മജിയുടെ ഈ പ്രതിമകൾക്ക് മുന്പിലാണ് എല്ലാ വിധ അക്രമങ്ങളും, രാഷ്ട്രീയ കോമാളിത്തരങ്ങളും അരങ്ങേറാറുള്ളത്. ചെറുപ്പത്തിൽ ഒരു മൈം ചെയ്തത് ഓർക്കുന്നു. ഒരു പാർക്കിൽ സ്ഥാപിച്ചിരിക്കുന്ന ഗാന്ധിപ്രതിമകയ്ക്ക് തന്റെ മുന്പിൽ നടക്കുന്ന എല്ലാ അക്രമങ്ങളും കണ്ട് സഹികെട്ട് ജീവൻവെക്കുന്ന പ്രമേയമായിരുന്നു അതിലുണ്ടായിരുന്നത്. തന്റെ കൈയിലെ വടിയെടുത്തുകൊണ്ട് അക്രമികളെ തുരത്തുന്ന ഒരു പുതിയ ഗാന്ധിജിയെ ആ കലാസൃഷ്ടിയിലൂടെ അന്ന് പുറത്ത് കൊണ്ടുവന്നപ്പോൾ ധാരാളം പേർ അഭിനന്ദിച്ചത് ഓർക്കുന്നു. കേരളത്തിൽ ഇതു പോലെ ഏറ്റവുമധികം സ്ഥാപിച്ചിരിക്കുന്ന പ്രതിമ ശ്രീനാരായണ ഗുരുവിന്റേതാണ്. പക്ഷെ മിക്കതും കണ്ണാടികൂട്ടിൽ തന്നെ സ്ഥാപിച്ചവയാണ്. അതു കൊണ്ട് ഗാന്ധിജിയുടെ പ്രതിമകൾക്ക് ഉണ്ടാകുന്ന ദുരനുഭവം ശ്രീനാരായണ ഗുരുവിന്റെ പ്രതിമകൾക്ക് ഉണ്ടാകുന്നില്ലെന്ന് ആശ്വസിക്കാം.
ഈ ലോകത്ത് പല ഭാഗത്തും സ്ഥാപിക്കപ്പെട്ട ഇത്തരം പ്രതിമകൾക്ക് നേരത്തേ സൂചിപ്പിച്ച രീതിയിൽ ജീവൻ വന്നാൽ എന്ത് സംഭവിക്കുമെന്നത് കൗതുകത്തോടെ ചിന്തിക്കേണ്ട കാര്യമാണ്. തങ്ങൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത രീതിയിൽ തന്റെ വാക്കുകളെ തിരിച്ചും, മറിച്ചും വക്രീകരിച്ചുമൊക്കെ സ്വലാഭത്തിന് വേണ്ടി മാറ്റിപറയുന്ന ആരാധക വൃന്ദങ്ങളെ കണ്ട് ഇവർ ശരിക്കും അതിശയപ്പെട്ടേക്കാം. തങ്ങളുടെ പേരിൽ ഓരോരുത്തരും കാട്ടിക്കൂട്ടുന്ന തെമ്മാടിത്തരങ്ങൾ ഇവരെ പ്രകോപിപ്പിച്ചേക്കാം. തങ്ങൾ ഉദ്ദേശിച്ചത് ഇങ്ങിനെയൊരു ലോകമല്ലെന്നും അവർ വിളിച്ച് പറഞ്ഞേക്കാം. ഇന്ന് നാം ജീവിക്കുന്നത് ചുറ്റുപാടും പ്രതിമകൾ തകർക്കപ്പെടുന്ന ഒരു ലോകത്താണ്. തങ്ങൾ നശിപ്പിക്കുന്ന പ്രതിമയിലോ, ചിത്രത്തിലോ അല്ല സത്യത്തിൽ മഹാൻമാരായ ആരും തന്നെ കാലങ്ങങ്ങളോളം ജീവിക്കുന്നതെന്ന് തിരിച്ചറിയാത്ത അൽപ്പജ്ഞാനികൾ മാത്രമാണ് ഇത്തരം കാര്യങ്ങൾ ചെയ്യുക എന്ന് മാത്രം ഈ നേരത്ത് ഓർമ്മിപ്പിച്ചു കൊണ്ട്..