ആശു­പത്രി­കൾ പഠി­പ്പി­ക്കു­ന്നത്..


പ്രദീപ് പുറവങ്കര

ബഹ്റൈൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലെ സർക്കാർ ആശുപത്രികൾ ഉന്നത ഗുണനിലവാരം വെച്ചുപുലർത്തുന്ന സേവന കേന്ദ്രങ്ങളാണ്. താരതമ്യേന വളരെ ചെറിയ ചെലവിൽ സ്വദേശിയെന്നോ വിദേശിയെന്നോ വേർതിരിവില്ലാതെ എല്ലാവരെയും ഒരു പോലെ കാണുകയും, ചികിത്സിക്കുകയും ചെയ്യുന്ന ഈ ആതുരാലയങ്ങൾ മാധ്യമപ്രവർത്തനത്തിന്റെ ഭാഗമായും അല്ലാതെയും ഇടയ്ക്ക് സന്ദർശിക്കേണ്ടി വരാറുണ്ട്.  കഴിഞ്ഞ ദിവസം അത്തരമൊരു ആവശ്യത്തിന്റെ ഭാഗമായി ബഹ്റൈനിലെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ പോകേണ്ടിവന്നു. 

രാജ്യതലസ്ഥാനമായ മനാമയിൽ വെച്ച് മോഷ്ടാക്കളുടെ അക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ അഫ്സൽ എന്ന ചെറുപ്പക്കാരന് ബഹ്റൈനിലെ മുഹറഖ് എന്ന പ്രദേശത്തുള്ള നല്ല മനസുള്ള ഒരു കൂട്ടം മലയാളികൾ ചേർന്ന് പിരിവെടുത്ത് ഉണ്ടാക്കിയ സംഭാവന നൽകുന്നതിന്റെ ഭാഗമാകാനാണ് അവിടെ പോയത്. അവിടെയെത്തിയപ്പോൾ ഈ ചെറുപ്പക്കാരെ പോലെ തന്നെ ഒരു കൂട്ടം ആളുകൾ അഫ്സലിന്റെ വാർഡിന് മുന്പിൽ കാത്ത് നിൽക്കുന്നത് കണ്ടു. ജാതിയോ, മതമോ, വർഗമോ ഒന്നും നോക്കാതെ അഫ്സലിന്റെ ദുരിതത്തിന് താങ്ങ് ആകാൻ വന്നവരായിരുന്നു അവർ. പണത്തിന് പുറമേ അഫ്സലിന് ഭക്ഷണം നൽകാനും ചിലരെത്തിയിരുന്നു. പ്രവാസലോകത്ത് ഒരു മതം മാത്രമേയുള്ളൂ എന്ന തിരിച്ചറിവാണ് ഈ സന്ദർശനം നൽകിയത്. അത് മനുഷ്യത്വത്തിന്റേതാണ്. സൽമാനിയയിൽ അഫ്സലിനെ പോലെ തന്നെ എത്രയോ പേർ രോഗികളായി കഴിയുന്നുണ്ട്. അതിൽ ചിലർക്ക് ഊരും പേരും പോലും ഓർമ്മയില്ല. ഇത്തരം ആളുകളെ ഇവിടെയുള്ള നന്മ നിറഞ്ഞ സാമൂഹ്യപ്രവർത്തകർ ഇടയ്്ക്ക് സന്ദർശിക്കുന്നതും അവർക്ക് വേണ്ട ആശ്വാസം നൽകുന്നതും പതിവാണ്. അതു പോലെ തന്നെ കാരുണ്യം അർഹിക്കുന്നവർക്ക് കൈയിലുള്ളത് കണക്കിലാതെ വാരികൊടുക്കുന്ന മഹമനസ്കരാണ് വലിയൊരു വിഭാഗം പ്രവാസികളും എന്നതും സത്യം. പ്രവാസലോകത്തിൽ നിന്നുള്ള ഈ നിറഞ്ഞ സഹകരണം ഉള്ളത് കൊണ്ടാണ്  ദൈവത്തിന്റെ സ്വന്തം നാട്ടിൽ പോലും എത്രയോ കാരുണ്യപ്രവർത്തികൾ ഇന്ന് നടന്നുവരുന്നത്. 

അതോടൊപ്പം തന്നെ പ്രവാസലോകത്തിലെ എന്നല്ല, ലോകത്തിലെ ഏതൊരു ആശുപത്രിയും ഇടയ്ക്ക് സന്ദർശിക്കുന്നത് മനുഷ്യവർഗത്തിലെ എല്ലാവരും ശീലമാക്കുന്നത് നല്ല കാര്യമാണ്. ആശുപത്രിയിലെത്തി അവിടെയുള്ള പല വിധ രോഗികളെ കാണുന്പോഴാണ് അത്യാവശ്യം ആരോഗ്യമുള്ളവർ എത്ര മാത്രം ഭാഗ്യമുള്ളവരാണെന്ന് തിരിച്ചറിയുക. പ്രത്യേകിച്ച് ആത്മഹത്യയെ പറ്റിയൊക്കെ ചിന്തിക്കുന്നവർക്ക് ആ ദുർചിന്ത മാറ്റാൻ ഏറ്റവും നല്ലയിടം ആശുപത്രി വരാന്തകളാണ്. രാവിലെ എഴുന്നേൽക്കുന്നത് പോലെ തന്നെ രാത്രിയിൽ കിടക്കാൻ സാധിക്കണമെന്നില്ല എന്ന ചിന്തയും ഈ സന്ദർശനങ്ങൾ നൽകും. അൽപ്പം ചെറിയ നിമിഷങ്ങൾ മതി ഈ അൽപ്പ ജീവിതം മാറി മറയാൻ എന്നും, ഉള്ള കാലത്ത് സന്തോഷത്തോടെ, സമാധാനത്തോടെ അന്യർക്ക് ഉപകാരം ചെയ്ത് ജീവിക്കുക എന്നത് മാത്രമാണ് മനുഷ്യർക്ക് ചെയ്യാനുള്ള കർമ്മമെന്നും ഇത്തരം അവസരങ്ങളിൽ നാം തിരിച്ചറിയുമെന്ന് ഓർമ്മിപ്പിച്ചു കൊണ്ട്... 

You might also like

Most Viewed