അമ്മ മനസ്...
പ്രദീപ് പുറവങ്കര
പലപ്പോഴും വലിയ പുസ്തകങ്ങൾ വായിക്കുന്നതിലും വലുതാണ് ഒരു ചിത്രം നൽകുന്ന അനുഭവം. കഴിഞ്ഞ ദിവസം നമ്മുടെ മുന്പിലെത്തിയ ഈ ഒരു ചിത്രം അത്തരമൊരു നൊന്പരാനുഭവമാണ് നൽകുന്നത്.
രാജ്യാന്തര തീർത്ഥാടനകേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലെ റെക്ടറായിരുന്ന ഫാ. സേവ്യർ തേലേക്കാട്ടിന്റെ അമ്മയായ ത്രേസ്യാമയും, ഫാദറിനെ കുത്തി കൊന്ന ജോണി എന്ന കപ്യാരുടെ ഭാര്യ ആനിയുമാണ് ചിത്രത്തിൽ പരസ്പരം ആശ്വസിപ്പിക്കുന്നത്. തന്റെ മകനെ കൊന്ന പ്രതിയോട് ക്ഷമിക്കുന്നതായി അറിയിക്കാനാണ് ത്രേസ്യാമ ജോണിയുടെ വീട്ടിലെത്തി ആനിയെ കണ്ടത്. കൊലപാതകം ചെയ്ത പ്രതിക്ക് ഇന്ത്യൻ ശിക്ഷാനിയമപ്രകാരമുള്ള നിയമടനടപടികൾ നേരിടേണ്ടി വരുമെങ്കിലും താൻ ചെയ്തു പോയ തെറ്റിന് മരണപ്പെട്ട വ്യക്തിയുടെ അമ്മയും ബന്ധുക്കളും ക്ഷമ നൽകിയത് ജോണി എന്ന പ്രതിക്കും, അതു പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തിനും ഏറെ ആശ്വാസം നൽകുന്ന കാര്യമാണ്.
ജീവിതത്തിൽ പലപ്പോഴും പരസ്പരം ക്ഷമിക്കാനുള്ള മനസ് ഇന്നത്തെ ലോകത്ത് വളരെ അപൂർവം പേർക്ക് മാത്രമേയുള്ളൂ എന്ന യാഥാർത്ഥ്യമാണ് ഈ ചിത്രത്തെ ഇന്നത്തെ കാലത്ത് ശ്രദ്ധേയമാക്കുന്നത്. എത്രയോ കാലത്തെ ദൃഢമായ സൗഹർദബന്ധം പോലും അൽപ്പം ചെറിയ തെറ്റിധാരണകളുടെ പേരിൽ ഇല്ലാതാകുന്പോൾ വ്യവസ്ഥകൾ ഇല്ലാതെ ക്ഷമിക്കുവാനോ കാരുണ്യം കാണിക്കുവാനോ ഉള്ള മനസ് ഇന്ന് വളരെ കുറച്ച് പേർക്ക് മാത്രമേ ഉള്ളൂ. താൻ പിടിച്ച മുയലിന് മൂന്ന് കൊന്പ് എന്നതായിരിക്കുന്നു മിക്കവരുടെയും ശീലം. ലോക രാജ്യങ്ങൾ മുതൽ അയൽവാസികൾ വരെ പരസ്പരം കടിച്ചുകീറുന്നതിന് പകരം ഒന്നിച്ച് ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് കൈ കൊടുത്തു പിരിഞ്ഞാൽ തീരാവുന്നതേയൂള്ളൂ ഈ ലോകത്തെ മിക്ക പ്രശ്നവും എന്നതാണ് വാസ്തവം. പക്ഷെ അതിന് നാം മിക്കവരും തയ്യാറാല്ല. ലോകാവസാനം വരെ തങ്ങളും ഈ ഭൂമുഖത്ത് തന്നെയുണ്ടാകും എന്ന അബദ്ധ ധാരണയാണ് ഈ പിടിവാശികൾക്കൊക്കെ കാരണമാകുന്നത്. ഇതേ ലോകത്ത് തന്നെയായിരുന്നു ലോകം കീഴടക്കിയെന്നഹങ്കരിച്ച അലക്സാണ്ടറും, എല്ലാം എന്റെ കാൽകീഴിൽ എന്ന് വിചാരിച്ച ഹിറ്റ്ലറും, സൂര്യനസ്തമിക്കാത്ത സാമ്രാജ്യമുണ്ടാക്കിയ ചക്രവർത്തിമാരുമൊക്കെ ജീവിച്ചത്. ഇന്ന് അവരാരും നമ്മുടെ ഇടയിൽ ഇല്ല എന്നും. വലിയ ചുമരിനെ താങ്ങി നിർത്തുന്ന താനാണെന്ന് ഒരു പല്ലി വിചാരിച്ചാൽ അത് അബദ്ധധാരണ മാത്രമാകുമെന്നും ഓർമ്മിപ്പിച്ചു കൊണ്ട്...