ഉള്ളിൽ സങ്കടമുണ്ടെട്ടോ...
പ്രദീപ് പുറവങ്കര
ജനാധിപത്യത്തിലെ ഒരു പരാജയത്തെ കളിയാക്കി ട്രോളുകൾ പെരുമഴ പോലെ ചുറ്റും നിറയുന്പോഴും ഇന്ത്യയിലെ ഇടതുപക്ഷ അനുഭാവികൾക്ക് ത്രിപുര നൽകുന്ന സന്ദേശം വലുതാണ്. മുന്പ് പശ്ചിമ ബംഗാൾ ഇതേ സന്ദേശം നൽകിയിരുന്നുവെങ്കിലും അത് കണക്കിലെടുക്കാൻ ഇടതുപക്ഷം വൈകി എന്നതാണ് ഈ ഫലം തെളിയിക്കുന്നത്. രാജ്യത്തെ ഇടത് ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളെ ഇരുത്തി ചിന്തിപ്പിക്കേണ്ട തെരഞ്ഞെടുപ്പ് വിധികളാണ് ഇപ്പോൾ ത്രിപുര ഉൾപ്പടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും ഉണ്ടായിരിക്കുന്നത്. ബൗദ്ധികമായി വെറുതെ തർക്കിച്ചു കൊണ്ടോ സംവാദങ്ങൾ നടത്തി നേരം കളഞ്ഞോ ഒന്നും ഈ പരാജയത്തെ മറക്കാൻ സാധിക്കില്ല എന്ന രാഷ്ട്രീയ തിരിച്ചറിവും ഇടതുപക്ഷത്തെ സ്നേഹിക്കുന്നവർ കാണിക്കേണ്ടതുണ്ട്. ജനാധിപത്യത്തിൽ ജനവിധി മാനിക്കപ്പെടുക തന്നെവേണം എന്നതിനോടൊപ്പം തങ്ങളെന്ത് കൊണ്ട് തോറ്റ് എന്നതിനെ പറ്റി ഗൗരവത്തോടെ വിലയിരുത്താനും ഇടതുപക്ഷത്തിന് സാധിക്കണം.
വളരെ ആസൂത്രിതമായും അച്ചടക്കത്തോടെയുമാണ് ഭാരതീയ ജനതാ പാർട്ടി രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും അവരുടെ ശക്തമായ സാന്നിദ്ധ്യം അറിയിച്ചു വരുന്നത്. മുന്പ് ഇടതുപക്ഷ പാർട്ടികൾ അവകാശപ്പെട്ടിരുന്ന അണികളിലെ ആഴത്തിലുള്ള സ്വാധീനം ഇന്ന് കളം മാറി ബി.ജെ.പിയുടെതായി മാറിയിരിക്കുന്നു. കേന്ദ്ര ഭരണം നൽകുന്ന ആത്മവിശ്വാസവും അവർക്ക് മുതൽകൂട്ടാണ്. ഇടതുപക്ഷം പലപ്പോഴും ആരോപിക്കുന്നത് പോലെ കോൺഗ്രസ്സ് പാർട്ടിയിലെ ആളുകൾ മാത്രമല്ല ബിജെപിയിലേയ്ക്ക് പോയത്. എത്രയോ ഇടത് അനുഭാവികളും ഇപ്പോൾ ബിജെപിയെ വിശ്വസിച്ച് തുടങ്ങിയിട്ടുണ്ട്. ബി.ജെ.പി മുന്പോട്ട് വെക്കുന്ന തീവ്രആശയങ്ങൾക്കൊപ്പം വികസനമെന്ന മാന്ത്രിക മുദ്രാവാക്യവും ജനങ്ങൾക്ക് മുന്പിൽ അവർ വെക്കുന്നത് തന്നെയാണ് ഇതിന് കാരണം. സാധാരണക്കാർക്ക് അത് വലിയ ആശ്വാസമാണ് നൽകുന്നത്. സമാനമായ രീതിയിലുള്ള മുദ്രാവാക്യങ്ങളുമായി ഒരു പ്രതിപക്ഷ ഐക്യം ഉണ്ടായെങ്കിൽ മാത്രമേ ബി.ജെ.പിക്ക് വരാൻ പോകുന്ന പാർലിമെന്റ് തിരഞ്ഞെടുപ്പിനെ ഭയക്കേണ്ടതുള്ളൂ എന്നതാണ് വർത്തമാനകാല ഇന്ത്യയിലെ യാത്ഥാർത്ഥ്യം എന്ന് പറയാതെ വയ്യ.
പതിവ് രാഷ്ട്രീയ വാചകക്കസർത്തും മൈതാനപ്രസംഗവും പ്രതീകാത്മക സമരങ്ങളുംകൊണ്ടൊന്നും ഈ പ്രതിസന്ധിയെ നേരിടാമെന്ന് ഇടതുപക്ഷം വിചാരിക്കുന്നവെങ്കിൽ അത് വലിയ തെറ്റായി മാറും എന്നതും ഉറപ്പാണ്. ഒരു ഭാഗത്ത് പാവപ്പെട്ടവന്റെ വർഗരാഷ്ട്രീയം പ്രസംഗിക്കുന്പോൾ തന്നെ മറുഭാഗത്ത് മുതലാളിമാർക്കൊപ്പം അവരുടെ താൽപ്പര്യം സംരക്ഷിക്കാനുള്ള ദല്ലാളൻമാരായി നേതാക്കൾ അധപതിക്കുന്നത്് തുടരുകയാണെങ്കിൽ രാജ്യത്ത് ആകെ അവശേഷിക്കുന്ന കേരളമെന്ന ഇടത് തുരുത്തിലും ചുവപ്പ് നിറം മാറാൻ അധികം കാലം താമസിക്കില്ല എന്ന കാര്യം ഉറപ്പാണ്. സാധാരണക്കാരന്റെ ഹൃദയപക്ഷത്ത് നിന്ന് ചിന്തിക്കാൻ ഇടതുപക്ഷവും അതിന്റെ നേതാക്കളും ആത്മാർത്ഥമായി ശ്രമിച്ചില്ലെങ്കിൽ, തങ്ങളുടെ അനാവശ്യ ധാർഷ്ട്യവും, അഹങ്കാരവും തിരിച്ചറിഞ്ഞ് മനുഷ്യത്വപരമായ നിലപാടുകൾ സ്വീകരിച്ചില്ലെങ്കിൽ ഈ നിറം മാറ്റത്തിന്റെ ഗതിവേഗം കൂടുതൽ വർദ്ധിക്കുമെന്ന ഓർമ്മപ്പെടുത്തലോടെ...