ഇടം മാ­റി­വരു­ന്പോൾ...


പ്രദീപ് പുറവങ്കര

പ്രവാസലോകത്ത് മറ്റൊരു അവധി കാലത്തിന് കൂടി കാലമായി വരികയാണ്. ഇത്തവണത്തെ അവധികാലം നിരവധി പേർക്ക് സ്ഥിരമായി നാട്ടിൽ തന്നെ കഴിയാനുള്ള കാലം കൂടിയാണെന്ന ആശങ്കയും വ്യാപകമാണ്. ഒരു വിസ ലഭിച്ചാൽ ആർക്കും തന്നെ തങ്ങളുടെ കുടുംബത്തെ രക്ഷപ്പെടുത്താമെന്ന് അവസ്ഥയിൽ നിന്ന് ഗൾഫ് രാജ്യങ്ങൾ ദിനംപ്രതി മാറി വരികയാണ്. കഴിവും, വിദ്യാഭ്യാസവും ഒക്കെയുള്ളവർക്ക് പോലും ഇനിയെത്ര കാലം ഇവിടെ പിടിച്ച് നിൽക്കാൻ സാധിക്കും എന്നത് ചർച്ചകളുടെ ഭാഗമായി മാറികൊണ്ടിരിക്കുന്നു. ലക്ഷക്കണക്കിന് മലയാളികളടക്കം, കോടിക്കണക്കിന് വിദേശികളാണ് അന്നം തേടി രാപകൽ വ്യത്യാസമില്ലാതെ ഗൾഫ് നാടുകളിൽ അധ്വാനിക്കുന്നത്. ഇതിൽ ഏറിയ പങ്കും, ഏറ്റവും വലിയ അറബ് രാജ്യമായ സൗദി അറേബ്യയിലാണ്. 

ഇവിടെ നിന്നും ലഭിക്കുന്ന പുതിയ കണക്കുകൾ പ്രകാരം 2020 ഓടെ വിദേശികൾ‍ക്ക് സൗദി അന്യമാകുമെന്നാണ്  നിരീക്ഷർ പറയുന്നത്. മുന്പ് വിദേശികൾ ജോലി ചെയ്തു വന്നിരുന്ന പല മേഖലകളിലും കടുത്ത സ്വദേശിവൽക്കരണമാണ് നടപ്പിലാക്കി വരുന്നത്. സൗദിവൽക്കരണ പദ്ധതികളിൽ നിന്നും ഒരടി പിന്നോട്ടില്ലെന്ന്  സൗദി തൊഴിൽ സാമൂഹിക വികസന മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സ്വകാര്യ മേഖലയിൽ 12 ലക്ഷം തൊഴിലവസരങ്ങൾ സ്വദേശികൾക്കായി സൃഷ്ടിക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. ഓരോ തൊഴിലാളിക്കു വേണ്ടിയും വർക്ക് പെർ‍മിറ്റ് പുതുക്കുന്നതിന് നിശ്ചിത സംഖ്യ, മാസവ്യവസ്ഥയിൽ അടച്ചു പുതുക്കുന്ന സംവിധാനമാണ് ഇവിടെ ഉള്ളത്.  നേരത്തെ ഇത് മാസത്തിൽ 200 റിയാൽ  ആയിരുന്നുവെങ്കിൽ സ്വദേശി തൊഴിലാളികളെക്കാൾ അധികം വിദേശികളുള്ള തൊഴിലുടമ 2018 ജനുവരി മുതൽ ഓരോരുത്തർക്കുമായി 400 റിയാൽ ആണ് അടക്കേണ്ടത്. 2019ൽ  ഇത് ഒരാൾക്ക് 600 റിയാൽ വീതവും വിദേശികൾ കുറവാണെങ്കിൽ 500 റിയാൽ വീതവും അടക്കണം. മാത്രമല്ല വിദേശികളുടെ ആശ്രിതർക്ക് 300 റിയാലും അടയ്‌ക്കേണ്ടി വരും. ഈ രീതിയിൽ 2020 ആകുന്പോഴേക്കും സൗദിയിൽ തൊഴിലെടുക്കുന്ന ഒരു വ്യക്തിക്ക്, തൊഴിലുടമ 9600 റിയാൽ ഒരു വർഷം സർ‍ക്കാരിലേക്ക് അധികമായി നൽകണം. ലെവി നൽകുന്നതിനോടൊപ്പം തൊഴിൽ പെർമിറ്റ്, താമസരേഖ, ഇൻഷുറൻസ്, ഓഫിസ് ഫീസ് തുടങ്ങിയവ വേറെയുമുണ്ട്. വൻ‍കിട കന്പനികൾക്ക് മാത്രമേ ഇത് സാധ്യമാകൂ.

  ഒരു സാഹചര്യത്തെ പ്രതിരോധിക്കേണ്ട ബാധ്യത കേരള സർക്കാരിനുണ്ട്. ഇത്തവണത്തെ അവധികാലത്ത് വിസ കാൻസൽ ചെയ്ത് വരുന്നവരുടെ വിവരങ്ങൾ വിമാനത്താവളത്തിൽ നിന്ന് രേഖപ്പെടുത്തുവാനും, അവർക്ക് വേണ്ടുന്ന സഹായങ്ങൾ നൽകുവാനും സർക്കാർ മുൻകൈയെടുക്കണം. പ്രവാസലോകത്ത് അവർ ഏർപ്പെട്ട് വന്നിരുന്ന ജോലിയിലെ പരിചയസന്പത്ത് കണക്കിലെടുത്ത് സമാനമായ ജോലിസാധ്യതകൾ നമ്മുടെ നാട്ടിലും കൊണ്ടുവരണം. അതു പോലെ തന്നെ ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ സാഹചര്യം മാറുന്പോൾ ലോകത്തിന്റെ മറ്റ് പലയിടത്തും തൊഴിൽ വിപണി തുറന്നുവരുന്നുണ്ട് എന്നതും പ്രവാസികൾ മനസിലാക്കണം. വിദേശത്ത് തന്നെ ജോലി ചെയ്യണം എന്നാഗ്രഹിക്കുന്നവർക്ക് ആഫ്രിക വലിയൊരു സാധ്യതയാണെന്ന് അവിടെയുള്ളവർ പറയുന്നു. ഇത്തരത്തിലുള്ള ചർച്ചകളും പ്രവാസികളുടെ ഇടയിൽ സജീവമാകണമെന്ന് ഓർമ്മിപ്പിക്കട്ടെ !! 

You might also like

Most Viewed