അസഹനീ­യം ഈ വേ­ദന...


പ്രദീപ് പുറവങ്കര

ഇന്ന് ഈ ലോകം വലിയൊരു കുറ്റം ചെയ്തു കൊണ്ടിരിക്കുകയാണ്. ഏഴ് വർഷമായി ഒരു ജനത ഏറ്റുവാങ്ങി കൊണ്ടിരിക്കുന്ന ദുരിതജീവിതത്തിനെതിരെ സംസാരിക്കാൻ പോലും പറ്റാതെ തല താഴ്ത്തി ഇരിക്കുന്ന ലോകനേതാക്കളും ഈ പാപത്തിന്റെ തുല്യപങ്കാളികളാണ്. സിറിയ എന്ന നാട്ടിൽ പിഞ്ചുകുഞ്ഞുങ്ങൾ മരിച്ചു വീഴുന്നു. ജാതിയും, മതവും, രാഷ്ട്രീയവും, പ്രാദേശിക, ആഗോള പ്രശ്നങ്ങളൊന്നും തന്നെ ആ കുഞ്‍ഞുങ്ങൾക്ക് അറിയാത്തതാണ്. ജനിച്ചെന്ന കുറ്റം മാത്രമേ ആ മക്കൾ ചെയ്തിട്ടുള്ളൂ. സിറിയയുടെ രക്തം വാർന്നു കൊണ്ടിരിക്കുന്നു അഥവാ (#SyriaIsBleeding)എന്ന ഹാഷ് ടാഗുമായി സോഷ്യൽ മീഡിയകളിൽ നിറയുന്ന ആ പാവം കുഞ്ഞുങ്ങളുടെ നിലവിളി അസഹനീയമാണ്. അവർക്കൊപ്പം മരിച്ചു കൊണ്ടിരിക്കുന്നത് മനുഷ്യത്വമാണ്. കണ്ണീർ നനവുകളുള്ള കേവല പ്രതികരണങ്ങൾക്ക് അപ്പുറത്തേയ്ക്ക് ഒന്നും തന്നെ നടക്കുന്നില്ല. കുഞ്‍ഞുങ്ങളുടെ കൊലപാതകങ്ങൾക്കൊപ്പം ഇവിടെയുള്ള സ്ത്രീകൾ അതിക്രൂരമായ ലൈംഗീക പീഢനങ്ങളാണ് ഏറ്റുവാങ്ങുന്നത്. ആഹാരം യാചിക്കുന്ന സ്ത്രീകളെ സന്നദ്ധ പ്രവർത്തകർ പോലും ചൂഷണം ചെയ്യുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ ശരീരം വിറ്റാൽ മാത്രമേ ഭക്ഷണം ലഭിക്കൂ എന്നവസ്ഥയാണ് നിലനിൽക്കുന്നത്. 

ഇസ്ലാമിക് േസ്റ്ററ്റ് എന്ന ഭീകര പ്രസ്ഥാനത്തെ ഇല്ലാതാക്കിയതിന് ശേഷം ഈ രാജ്യം ഭരിക്കുന്ന അസദ് സർക്കാരും വിമതരും തമ്മിലുള്ള പോരാട്ടത്തിൽ കഴിഞ്ഞ ആഴ്ച്ച മാത്രം ജീവൻ നഷ്ടമായത് അഞ്ഞൂറിലധികം പേർക്കാണത്രെ. അസദിന്റെ സംരക്ഷകരായി എത്തിയ റഷ്യയാണ് സിറിയയിൽ ഇപ്പോൾ ചോരപുഴ ഒഴുക്കികൊണ്ടിരിക്കുന്നത്. ഐക്യരാഷ്ട്ര സഭയെ പോലും അവഗണിച്ചാണ് ഈ അഴിഞ്ഞാട്ടം അവർ നടത്തിവരുന്നത്. ഒരു മര്യാദയുമില്ലാതെ, മനുഷ്യന്റെ ജീവന് യാതൊരു വിലയും നൽകാതെ അവർ കൊന്നൊടുക്കുകയാണ്. രാഷ്ട്രീയമെന്തെന്നറിയാത്ത 200ഓളം കുഞ്ഞുങ്ങളെയാണ് പല തരത്തിലായി ഇവർ കൊന്നിരിക്കുന്നത്. അമേരിക്ക കൊന്നതിലും അധികം പേരെ തങ്ങൾ കൊല്ലുമെന്ന വാശിയാണ് റഷ്യ കാണിക്കുന്നതെന്ന് തോന്നുന്നു. ഇങ്ങിനെ ചെയ്താലെ തന്നെ ലോകനേതാവായി അംഗീകരിക്കൂവെന്ന് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമർ പുടിനും കരുതിയിരിക്കണം. ഒന്നര വർഷമായി സിറിയയിലെ ഈ റഷ്യൻ ഇടപ്പെടൽ ആരംഭിച്ചിട്ട്. ഇസ്ലാമിക് സ്്റ്റേറ്റിനെ ഇല്ലായ്മ ചെയ്യാനെത്തിയ ഇവർ ഈ ലക്ഷ്യം നേടിയ ശേഷവും തിരിച്ചു പോയില്ല. അമേരിക്ക ഇറാഖിൽ നടത്തിയത് പോലെ എണ്ണ സന്പന്നമായ സിറിയിയിൽ ഇപ്പോൾ റഷ്യ നടത്തികൊണ്ടിരിക്കുന്നത് അധിനിവേശമാണ്. ഇവിടെയുള്ള സന്പത്ത് ചോരപുഴയൊഴുക്കിയാണെങ്കിലും കൈക്കലാക്കണമെന്ന നിലപാട് തന്നെയാണ് റഷ്യ ദിനംപ്രതി വ്യക്തമാക്കി കൊണ്ടിരിക്കുന്നത്. പഴയ സോവിയറ്റ് യൂണിയന്റെ പ്രതാപം ഈ കൊന്നൊടുക്കൽ വിപ്ലവത്തിലൂടെ നേടാമെന്നാണ് പല റഷ്യക്കാരുടെയും ആഗ്രഹമെന്നും നിരീക്ഷകർ വിലയിരുത്തുന്നു. അധികാരത്തിനും, സന്പത്തിനും വേണ്ടി പാവപ്പെട്ട മനുഷ്യന്റെ ജീവൻ കവരുന്പോൾ അത് ഇല്ലാത്താക്കുന്നത് മനുഷ്യത്വമാണെന്ന് ഓർമ്മിപ്പിച്ചു കൊണ്ട്.. 

You might also like

Most Viewed