എന്തിനാ ചേട്ടാ ഈ തുറിച്ചുനോട്ടം...
പ്രദീപ് പുറവങ്കര
മറ്റുള്ളവർക്ക് കാണാൻ സാധിക്കുന്ന തരത്തിൽ ഒരാൾക്ക് അവന്റേതെന്ന് അവകാശപ്പെടാവുന്ന ഒന്ന് മാത്രമേ ഈ ലോകത്തുള്ളൂ. അത് അവന്റെ സ്വന്തം ശരീരമാണ്. ബാക്കിയൊക്കെ സാഹചര്യങ്ങൾക്ക് അനുസരിച്ച് തങ്ങളുടെ സ്വന്തമാണെന്ന തോന്നലുകൾ മാത്രമാണ്. ജീവജാലങ്ങളിൽ ഏറ്റവും ഉദാത്തവും, ഉത്കൃഷ്ടവുമായ ഒരു സൃഷ്ടിയാണ് മനുഷ്യൻ എന്നാണ് നമ്മൾ തന്നെ എന്നും പറയാറുള്ളത്. മജ്ജയും, മാസവും ഒക്കെ ആയുള്ള കേവലശരീരത്തെ മാത്രം കണക്കിലെടുത്തല്ല, മറിച്ച് ബുദ്ധിശക്തി കൂടി അളന്നുകൊണ്ടാണ് ഈ ഒരു ധാരണ നമ്മൾ ഉണ്ടാക്കിയിരിക്കുന്നത്. ഒരാളുടെ ശരീരത്തിൽ നേരിട്ടും അല്ലാതെയും കാണാൻ സാധിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. അതിൽ ചിലത് നമ്മെ ആകർഷിക്കും. പലപ്പോഴും ഈ ആകർഷണം ഒരു പ്രായം കഴിഞ്ഞാൽ മനുഷ്യന്റെ പ്രത്യുൽപ്പാദന ശേഷിയുമായി ബന്ധപ്പെട്ട് കിടക്കുന്ന കാര്യം കൂടിയാണ്. അതു പോലെ തന്നെ നാണം മറയ്ക്കുക എന്ന ഒരു പദം ജനിച്ച നാൾ മുതൽ നമ്മൾ കേട്ട് പരിചയിച്ച ഒരു വാക്കാണ്. നാണം എന്നൊരു വിചാരമില്ലെങ്കിൽ പിന്നെ ഒന്നും മറയ്ക്കേണ്ട ആവശ്യവുമില്ല.
സദാചാര ബോധം എന്നത് ഒരു സംസ്കാരത്തിന്റെ കൂടി ഭാഗമാണ്. ഒരാൾ നടുറോഡിലൂടെ യാതൊന്നും ധരിക്കാതെ വളരെ സന്തോഷത്തോടെ നടന്നുപോവുകയാണെങ്കിൽ ഈ ലോകം ഒരിക്കലും ഇടിഞ്ഞുവീഴുകയൊന്നുമില്ല. എന്നാൽ അത് കണ്ടുകൊണ്ടിരിക്കുന്ന അൽപ്പം ചിലർക്കെങ്കിലും അത് ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം. കാരണം അവരുടെ സാംസ്കാരിക ബോധം തുണിയഴിച്ചിട്ട് നടക്കുന്നവരിൽ നിന്ന് വ്യത്യസ്തമായിരിക്കും. ഞാൻ അഴിച്ചിട്ട് നടന്നാൽ നീ എന്തിനാ തുറിച്ചു നോക്കുന്നത് എന്ന് ചോദിക്കുന്നവർ അവരുടെ അഴിച്ചിടാനുള്ള സ്വാതന്ത്ര്യത്തെ പറ്റി മാത്രമാണ് ചിന്തിച്ചു പോകുന്നത്. അഴിച്ചിടാനുള്ള സ്വാതന്ത്ര്യം പോലെ തന്നെയാണ് തുറിച്ച് നോക്കാനുള്ള സ്വാതന്ത്ര്യമെന്നതും മനസിലാക്കിയാൽ തീരുന്നതേയൂള്ളൂ ഇത്തരം വിവാദങ്ങൾ. മാത്രമല്ല അഴിച്ചിട്ടാൽ മാത്രമായിരിക്കില്ല തുറിച്ച് നോട്ടം. അല്ലാതെയും അതുണ്ടാകാം. ഉദാഹരണത്തിന് മൂടി പുതച്ച് നടക്കുന്നവരെ മാനഭംഗപ്പെടുത്തുന്നവരും നമ്മുടെ നാട്ടിലും ധാരാളം.
മലയാളികൾക്ക് ഇത്തരം ചർച്ചകൾ ഏറെ ഇഷ്ടമാണ്. അതോടൊപ്പം തന്നെ നീണ്ട ചർച്ചകളിൽ വലിയ താൽപ്പര്യവുമില്ല. ത−ൃശ്ശൂർ പൂരത്തിലെ വെടികെട്ട് പോലെ പെട്ടന്ന് പൊട്ടിതീരണം എന്ന് മാത്രം. ഒരു പിടി അരിക്കായി ജീവൻ കൊടുത്ത മധുവായാലും ശരി, ബാത്ത് ടബ്ബിൽ വീണ് മരിച്ച ശ്രീദേവിയായാലും ശരി, എണ്ണ വില വർദ്ധനവ് ആയാലും ശരി, രാഷ്ട്രീയ കൊലപാതകങ്ങളായാലും ശരി എല്ലാം വെറും ഇരുപ്പത്തിനാല് മണിക്കൂർ നിലനിൽക്കേണ്ട വെടി പടക്കങ്ങൾ മാത്രം. ഓരോ പുലരിയും വരുന്പോൾ പുതിയ വിവാദങ്ങളാണ് നമ്മുക്ക് ആവശ്യം. പ്രാതലിന് ഒരു കൊലപാതകം, ഉച്ചഭക്ഷണത്തിനൊപ്പം ഒരു ബലാത്സംഗം, വൈകുന്നേരത്തെ ലഘു ഭക്ഷണമായി രാഷ്ട്രീയം, രാത്രിയിൽ കിടന്നുറങ്ങുന്നതിന് മുന്പ് നാട്ടിലെ എല്ലാ ക്രിമിനൽ പരിപാടികളുടെയും ആകെ മൊത്തം ടോട്ടൽ ഒരു അവലോകനം. അതോടൊപ്പം ഇടയ്ക്കിടെ സുക്കറണ്ണൻ വാട്സ് ഇൻ യുവർ മൈൻഡ് എന്ന് ചോദിക്കുന്നത് കാരണം ഈ മൊത്തം സംഭവികാസങ്ങളെ പറ്റി മനസിലുള്ളതും, ഇല്ലാത്തതുമായ എല്ലാ പുറത്തിട്ട് നമ്മളും ചോദിക്കുന്നു എന്തിനാ ചേട്ടാ ഇങ്ങിനെ തുറിച്ചു നോക്കുന്നതെന്ന്...