മരു­ഭൂ­മി­യിൽ പച്ചപ്പ്‌ തേ­ടു­ന്പോ­ൾ


പ്രദീപ് പുറവങ്കര

നാട്ടിൽ വേനൽ കടുത്ത് തുടങ്ങിയിരിക്കുന്നു. പതിവ് പോലെ ശുദ്ധജല ക്ഷാമത്തിന്റെയും കർഷക ദുരിതത്തിന്റെയും വാർത്തകൾ നമ്മെ തേടി എത്തുവാനും ആരംഭിച്ചു കഴിഞ്ഞു. 44 നദികൾ ഒഴുകുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലാണ് ഈ ഗതിയെന്നത് നമ്മൾ മലയാളികൾക്ക് ഏറ്റവും വേദനാജനകമായ കാര്യമാണ്. മഴക്കാലത്ത് നല്ല കട്ടൻ ചായയും കുടിച്ച് ഗൃഹാതുരതയും പറഞ്ഞ് ആ ജലകണികകളെ വെറുതെ ഒഴുക്കി കളയുന്ന നമുക്ക് ജലസന്പത്തിനെ സംരക്ഷിക്കാനോ, പരിസ്ഥിതിയിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ചിന്തിക്കുവാനോ നേരമില്ല. ശാസ്ത്രീയമായ രീതിയിൽ ഇത്തരം പ്രതിസന്ധികളെ നേരിടാൻ സർക്കാരും തീവ്ര ശ്രമം നടത്തുന്നില്ല എന്നതാണ് യാഥാർത്ഥ്യം. നമ്മുടെ വിദ്യാഭ്യാസ സന്പ്രദായത്തിലും പരിസ്ഥിതി സംരകഷണ പാഠങ്ങൾക്കുള്ള പ്രാമുഖ്യം ദിനം പ്രതി കുറഞ്ഞ് വരുന്നു.

അതേസമയം ഗൾഫ് നാടുകൾ പരിസ്ഥിതി ബോധവത്കരണത്തിനായി നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനം അർഹിക്കുന്നവയാണ്. മിക്ക ഗൾഫ് രാജ്യങ്ങളിലും തണുപ്പ് കാലാവസ്ഥ ആരംഭിച്ച് കഴിഞ്ഞാൽ കൃഷിയെ പ്രോസ്റ്റേഹിപ്പിക്കുന്ന തരത്തിൽ വിവിധ പരിപാടികൾ ആരംഭിക്കും. സർക്കാരുകൾ വെറുതെ ഒരു ചടങ്ങ് പോലെ സംഘടിപ്പിക്കുന്ന പരിപാടികൾ അല്ല  ഇത്. മണലാര്യണത്തിൽ കുറച്ച് സ്ഥലങ്ങളിലെങ്കിലും പച്ചപ്പ്‌ നിറയ്ക്കാനുള്ള ആത്മാർത്ഥമായ ശ്രമമാണ് ഇതിനു പിന്നിലുള്ളത്. കഴിഞ്ഞ ആഴ്ച ബഹ്റൈനിൽ ഗാർഡൻ ഷോ എന്ന പേരിൽ അത്തരം ഒരു പരിപാടി നടന്നിരുന്നു. പ്രവാസികൾ അടക്കം നിരവധി പേരാണ് ഈ പരിപാടി കാണാനായി എത്തിയത്. ഇവിടെയുള്ള എക്സിബിഷൻ സെന്ററിൽ അടച്ചിട്ട ഹാളിലാണ് എക്സിബിഷൻ നടന്നതെങ്കിലും  പങ്കുടുത്തവർക്ക് ഇത് നല്ല അനുഭവങ്ങൾ സമ്മാനിച്ചു.

ബഹ്‌റൈൻ രാജാവ് ഹമദ് അൽ ഖലീഫയുടെ രക്ഷാകർത്വത്തിൽ ബഹ്‌റൈൻ രാഞ്ജി ഷൈഖാ സബീക്കയുടെ നേതൃത്വത്തിൽ നടന്ന ഈ പരിപാടിയുടെ അവലോകന യോഗത്തിൽ മീഡിയ പാർട്ണർ എന്ന നിലയിൽ പങ്കെടുക്കാൻ സാധിച്ചിരുന്നു. ബഹ്‌റൈൻ രാഞ്ജി അടക്കം ഒട്ടുമിക്ക മന്ത്രിമാരും പങ്കെടുത്ത ഈ യോഗത്തിൽ കൃഷിയെ പറ്റിയും, പരിസ്ഥതി സംരക്ഷണത്തെ പറ്റിയും ഒക്കെ ആവേശം നിറഞ്ഞ ചർച്ചകളാണ് നടന്നത്. രാജ്യത്ത് ലഭ്യമായ കാലാവസ്ഥ ഉപയോഗിച്ച് എന്തൊക്കെ ചെയ്യാമെന്നും, പുതിയ തലമുറയെ ഈ കാര്യമാണ് പഠിപ്പിച്ചെടുക്കേണ്ടതിന്റെ പ്രാധാന്യവും ബഹ്‌റൈൻ രാഞ്ജി യോഗത്തിൽ എടുത്ത് പറഞ്ഞു. ശുദ്ധജലത്തിന്റെ ദൗർലഭ്യം ഏറെ ഉള്ള ഒരിടത്ത് പരിസ്ഥിതിയെ പറ്റിയും പ്രകൃതി സംരക്ഷണത്തിനെ പറ്റിയും അവിടുത്തെ ഭരണാധികാരികൾ എത്ര മാത്രം താല്പര്യമെടുക്കുന്നു എന്നതിന്റെ തെളിവ് കൂടിയായിരുന്നു അവരുടെ പ്രസംഗം. നമ്മുടെ നാട്ടിലും ഇത്തരം മേളകളുടെ കുറവ് ഇല്ലെങ്കിലും, മേള കഴിഞ്ഞാൽ ഉണ്ടാകുന്ന ക്രിയാത്മകമായ ചർച്ചകൾ കുറവാണ്. വിവിധ മന്ത്രാലയങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് ഇത്തരം പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചാൽ നമ്മുടെ നാട്ടിലും ഇന്നത്തെ ഹരിതഭംഗി നിലനിർത്താൻ പറ്റുമെന്ന് ഓർമിപ്പിച്ചു കൊണ്ട്...

You might also like

Most Viewed