വൻമതിലാക്കുന്ന സൈബർ ഇടങ്ങൾ...
പ്രദീപ് പുറവങ്കര
ഇന്നത്തെ കാലത്ത് ഫേസ്ബുക്ക് പോലെയുള്ള സൈബർ ഇടങ്ങളിൽ മനുഷ്യർ നടത്തുന്ന ആരോപണ പ്രത്യാരോപണങ്ങൾ വളരെ ആഴത്തിൽ വ്യക്തിബന്ധങ്ങളെ പോലും പോറലേൽപ്പിക്കുന്നവയാണ്. മുന്പൊക്കെ മനുഷ്യർ തമ്മിലുള്ള ചെറിയ അഭിപ്രായവ്യത്യാസങ്ങൾ പരസ്പരം പറഞ്ഞു തീർത്തിരുന്ന ഒരു അവസ്ഥയിൽ നിന്ന് അത് പൊതു ഇടങ്ങളിലേയ്ക്ക് മാറിതുടങ്ങിയതിന്റെ വിഷമം അനുഭവിക്കുന്നവർ ഇന്ന് നമ്മുടെ ഇടയിൽ ധാരാളമാണ്. പക്വതയില്ലാത്ത പ്രതികരണങ്ങൾ ഇത്തരം ഇടങ്ങളിൽ വരുന്പോഴാണ് ഈ അപകടം സംഭവിക്കുന്നത്. എടുത്ത് ചാടിയുള്ള അഭിപ്രായപ്രകടനങ്ങളും, ഇടപ്പെടലുകളും ഏറ്റവും വലിയ ആത്മ സുഹൃത്തുക്കളെ പോലും അകലേയ്ക്ക് തള്ളിമാറ്റുന്നുണ്ട്.
പല പല മേഖലകളെയും ആസ്പദമാക്കി ഇത്തരം ഇടങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും നമ്മൾ മലയാളികൾക്ക് രാഷ്ട്രീയ ചർച്ചകളാണ് ഏറെ പഥ്യം. ദേശീയ രാഷ്ട്രീയം തൊട്ട് ക്ലബ്ബ് രാഷ്ട്രീയം വരെ ഇതിലുണ്ടാകാറുണ്ട്. ഇത്തരം ചർച്ചാവേദികളിൽ തങ്ങളുടെ പാർട്ടിക്കാരല്ലാത്തവരും കൂടി ഉണ്ടെന്ന സാമാന്യബോധമില്ലായ്മ ഇല്ലാത്തവരാണ് ചർച്ചകളിൽ പങ്കെടുക്കുന്നവരിൽ മിക്കവരും. ആശയത്തെ ആശയം കൊണ്ട് നേരിടാൻ സാധിക്കാതെ വരുന്പോൾ മാന്യതയില്ലാത്ത പദങ്ങളെ കൂട്ടുപിടിക്കുന്നതും, വ്യക്തിപരമായ രീതിയിലുള്ള അപമാനിക്കലും ഒക്കെ ഇത്തരം വേദികളിൽ സ്ഥിരം കാഴ്ച്ചയാണ്. പ്രതിപക്ഷ ബഹുമാനമോ, ജനാധിപത്യ ബോധമോ ഇല്ലാത്ത രീതിയിൽ ആണ് പലരും ഇവിടെ പെരുമാറുന്നത്. താൻ വിശ്വസിക്കുന്ന വിശ്വാസസംഹിതയിൽ ഉൾപ്പെട്ടവർ എന്ത് തന്നെ തെറ്റ് ചെയ്താലും അതൊക്കെ ന്യായീകരിക്കുന്നത് തങ്ങളുടെ ബാധ്യതയാണെന്നും പാവം ഇവർ കരുതുന്നു. അതേ സമയം ഇതിലൊന്നും പങ്കെടുക്കാതെ ഈ പരസ്പരമുള്ള തെറിവിളി കണ്ട് ആസ്വദിക്കുന്നവരും ധാരാളം.
സൈബർ ഇടങ്ങളെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ആഘോഷസ്ഥലികളായി കണ്ട് ആഹ്ലാദിക്കുന്നവരാണ് നമ്മൾ മിക്കവരും. പക്ഷേ ഫേസ്ബുക്കിലും മറ്റും പ്രകടിപ്പിക്കപ്പെടുന്ന അഭിപ്രായങ്ങളിലും കമന്റുകളിലും ബഹുഭൂരിപക്ഷവും ഇങ്ങനെ സൗമനസ്യത്തോടെ സമീപിക്കാവുന്നവയല്ല എന്നതാണ് യാത്ഥാർത്ഥ്യം. പലതും രാഷ്ട്രീയ കക്ഷികളുടെയോ വർഗീയ വാദികളുടെയോ നിക്ഷിപ്തതാൽപ്പര്യങ്ങളുള്ള ജനവിരുദ്ധ ഗ്രൂപ്പുകളുടെയോ ഒക്കെ നിലപാടുകളുടെ പ്രഖ്യാപനമാണ്. അവിടെ വായന കരുതലോടെയല്ല സംഭവിക്കുന്നതെങ്കിൽ അവ അനേകം തെറ്റിദ്ധാരണകളാവും ഉൽപ്പാദിപ്പിക്കുക. അഭിപ്രായം പറയാനും സർഗാത്മകാവിഷ്‌ക്കാരം നടത്താനുമുള്ള അവകാശം ഏതാനും ചില അനുഗ്രഹീതർക്ക് മാത്രമുള്ളതല്ലെന്ന് സൈബർ എഴുത്തുകൾ എല്ലാവരെയും ബോധ്യപ്പെടുത്തിക്കഴിഞ്ഞ ഒരു കാര്യമാണ്. അതേ സമയം സൈബർ ഇടങ്ങളിലെ പോരാട്ടങ്ങളും, അഭിപ്രായപ്രകടനങ്ങളും ചുരുങ്ങിയ സമയത്തെ മാത്രം ആയുസ്സുള്ളതാണെന്നതും ഓർക്കണം. അവിടെ വാദിക്കാനും ജയിക്കാനും പറയുന്ന കാര്യങ്ങളെ കുറിച്ച് ആഴത്തിലുള്ള ബോധ്യമുണ്ടാകണം. ഉത്തരവാദിത്വത്തോടെ, ഗൗരവബുദ്ധിയോടെ, സർഗാത്മകതയോടെ സൈബർ ഇടങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് പകരം തെറിവിളിക്കാനും, വ്യക്തിബന്ധങ്ങൾ തകർക്കാനുമാണ് ഈ ഇടം ഉപയോഗപ്പെടുത്തുന്നുവെങ്കിൽ ഭാവിയിൽ വലിയ നാശങ്ങൾ വിളിച്ചുവരുത്തുമെന്ന് മാത്രം ഇവിടെ ഓർമ്മിപ്പിക്കട്ടെ.