പേര് പാരയാകുന്പോൾ...
പ്രദീപ് പുറവങ്കര
കഴിഞ്ഞ ദിവസം എന്റെ സുഹൃത്തിനൊരു കുഞ്ഞ് ജനിച്ചു. കുഞ്ഞിനെ കാണാൻ നാട്ടിലേയ്ക്ക് പോകാനൊരുങ്ങുന്ന വഴിയിലാണ് കൂട്ടുക്കാരൻ കുഞ്ഞിനിടാൻ ഉദ്ദേശിക്കുന്ന പേര് പറഞ്ഞത്. പെട്ടന്ന് കേട്ടപ്പോൾ ഞെട്ടിപ്പോയി. ഒരു അന്താരാഷ്ട്ര ക്രിമനലിന്റെ പേരാണ് ആൾ തന്റെ പൊന്നോമനയ്ക്കായി എടുത്തുവെച്ചിരിക്കുന്നത്. ഒരു പേരിലെന്തിരിക്കുന്നു എന്ന ചോദ്യം പഴയതാണെങ്കിലും ഇന്ന് പേരിൽ പലതുമുണ്ടെന്നാണ് ആ കൂട്ടുക്കാരന്റെ ഭാഷ്യം. മുന്പൊക്കെ മോക്ഷപ്രാപ്തി ഉദ്ദേശിച്ച് പുരാണ ഇതിഹാസ കഥാപത്രങ്ങളുടെയോ, പ്രവാചകൻമാരുടെയോ, ലോക നായകൻമാരുടെയോ ഒക്കെ പേര് കുഞ്ഞുങ്ങൾക്ക് ഇടുമായിരുന്നു. ഇന്ന് ആ ട്രെൻഡ് മാറി വരികയാണ്. കുഞ്‍ഞുങ്ങൾ വളർന്ന് വലുതായാൽ അവർക്കുള്ള പേര് അവർക്ക് തന്നെ ഒരു പാരായായി മാറരുതെന്ന് ആഗ്രഹമാണ് ഇന്ന് മിക്ക മാതാപിതാക്കൾക്കുമുള്ളത്. അയ്യപ്പൻ എന്ന് പേരുള്ള കള്ളനെയും, അബ്ദുള്ള എന്ന പലിശക്കാരനേയും മേരിയെന്ന സെക്‌സ് വർക്കറേയും ജനം ഒരു കാലത്ത് ആ പേര് ഉപയോഗിച്ചതിന് അടിച്ചു കൊല്ലില്ലെന്ന് പറയാനാവില്ല. നമ്മുടെ ഇന്നത്തെ വ്യവസ്ഥകൾ ആ തരത്തിലാണല്ലോ പുരോഗമിക്കുന്നത്.
ഒരുകാലത്ത് പേര് എന്നത് ഒരു കേവല വ്യക്തിയുടെ ഐഡന്റിറ്റി മാത്രമായിരുന്നില്ല, മറിച്ച് അതു മറ്റു പലതും കുറിക്കുന്നുണ്ടായിരുന്നു. ആളുകളുടെ ജാതിയും മതവും, സാമൂഹികസ്ഥാനവും തിരിച്ചറിയിച്ചുകൊണ്ടാണ് പണ്ട് പേരുകള്‍ കൊടുത്തിരുന്നത്. അച്ഛനമ്മമാരുടെ പേരുമായി ബന്ധപ്പെടുത്തി മക്കളുടെ പേരിടുന്നതു പണ്ടേ ഉള്ള ഒരു ഏർപ്പാടായിരുന്നു. കോമൻ, പങ്കജാക്ഷൻ, ഉത്പലാക്ഷൻ, കാളി, കോമളവല്ലി, പുഷ്പ, കോമളൻ തുടങ്ങിയ മനോഹരമായ പേരുകളിൽ നിരവധിയെണ്ണം ഇന്ന് വംശനാശം വന്ന പേരുകളായി മാറിയിരിക്കുന്നു. അതു പോലെ തന്നെ ഇരട്ടപ്പേരുകളിലുടെയോ, വട്ടപ്പേരുകളിലുടെയോ അറിയപ്പെടുന്ന ഒരുപാട് ആളുകൾ ഉണ്ട്. അത്തരം പേരുകൾ ഒരിക്കൽ ചാർത്തി കിട്ടിയാൽ പിന്നെമരിച്ചാൽ പോലും ആ പേര് നിലനിൽക്കും. ഇന്ന് വട്ടപേരിടുന്പോഴും സൂക്ഷിക്കേണ്ട അവസ്ഥയുണ്ട്. മനുഷ്യർക്ക് മാത്രമല്ല, വീടുകൾക്ക് പേരിടുന്നതിലും ഇന്ന് കർശനമായ നിയന്ത്രണങ്ങൾ പലരും കൊണ്ടുവന്നുതുടങ്ങിയിരിക്കുന്നു. വീട്ടിന് കൈലാസം എന്ന് പേരു നൽകിയാൽ അവിടെ മാട്ടിറച്ചി വെച്ച് കഴിക്കരുതെന്ന് പറയുന്നവരും നമ്മുടെ ഇടയിൽ ഇന്നുണ്ട്. പെട്ടി ഓട്ടോയും ലോറിയുമൊക്കെ വാങ്ങി പുണ്യാളനെന്നും, ദേവി ശരണമെന്നുമൊക്കെ പേരിടുന്ന കാലവും മാഞ്ഞുപോവുകയാണ്. പുണ്യാളൻ പഞ്ചറായെന്ന് പറഞ്ഞാൽ അപമാനം ഒരു സമൂഹത്തിന് മുഴുവനുമാണെന്ന് ചിലർ പറഞ്ഞുകളയും. വളർത്തുമൃഗങ്ങൾക്ക് പേരിടുന്നതിനും രീതികൾ മാറിവരികയാണ്.
ഇങ്ങനെ നമ്മുടെ പേരിടൽ നടപടികളിൽ വ്യത്യാസങ്ങൾ വന്നുകൊണ്ടിരിക്കുന്ന ഈ കാലത്ത് മനുഷ്യന്, വീടിന്, വാഹനത്തിന്, പട്ടിക്ക്, പശുവിന് എന്നിങ്ങനെ ഇട്ടു വിളിക്കാവുന്ന പേരുകളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കിവെക്കുന്നത് നന്നായിരിക്കും. ആരുടെയും വികാരത്തെ ഹനിക്കാതെ, സഹിഷ്ണുത തകർക്കാതെ ഉണ്ടാക്കേണ്ട ഈ ലിസ്റ്റ് സർക്കാർ തന്നെ ഗസറ്റിലൂടെ പ്രസിദ്ധീകരിച്ചാൽ ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള വലിയ സംഘട്ടനങ്ങളെ ഇല്ലാതാക്കാമെന്ന് ഒരൽപ്പം പരിഹാസത്തോടെ ഓർമ്മിപ്പിക്കട്ടെ.!!