ശ്രീ മായുന്പോൾ...
പ്രദീപ് പുറവങ്കര
ലോകത്തെവിടെ പോയാലും ഇന്ത്യക്കാരനോട് അവിടെ ഉള്ളവർ ചോദിക്കുന്ന ചില പേരുകളുണ്ട്. അത് പല മേഖലകളിൽ നിന്നുമാവാം. സിനിമയാണെങ്കിൽ മിക്കവരും അന്വേഷിക്കുന്ന േപരാണ് അമിതാഭ് ബച്ചന്റേത്. പിന്നെയും പുരുഷൻമാരിൽ രജനീകാന്ത് മുതൽക്കുള്ളവരും ഉണ്ടാകാം. സ്ത്രീകളിൽ അങ്ങിനെയുള്ള ഒരാളാണ് ഇന്ന് നിനച്ചിരിക്കാതെ വിടവാങ്ങിയിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ എക്കാലത്തേയും മികച്ച വനിതാ താരങ്ങളിലൊന്നായ ശ്രീദേവി നമ്മുടെ ഇടയിൽ ഇനി ഇല്ല. അന്പത്തിനാല് വയസിന്റെ ചെറുപ്പത്തിൽ ആ പൂന്പാറ്റ പെട്ടന്ന് ആരോടും പറയാതെ പറന്ന് പോയിരിക്കുന്നു.
നാല് വയസ് മുതൽ തിരശീലയിൽ വന്നുതുടങ്ങിയ അവർ അഞ്ചു പതിറ്റാണ്ട് ഇന്ത്യൻ സിനിമയിലെ വിവിധ ഭാഷകളിൽ തന്റെ ശക്തമായ സാന്നിധ്യം അറിയിച്ചു. രാജ്യത്തെ ചലച്ചിത്രാസ്വാദകർ ഒരു പോലെ നെഞ്ചേറ്റിയ താരമാണ് ശ്രീദേവി. ഭാഷയുടെ അതിർവരന്പുകൾക്കപ്പുറത്ത് അവർ അഭിനയിച്ച ചിത്രങ്ങളെ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഒരുവേള രാജ്യത്തെ വിവിധ ഭാഷകളിലെ ചിത്രങ്ങളുടെ വിജയ ഫോർമുലകളിൽ ആദ്യത്തേത് ശ്രീദേവി എന്നുവരെ വന്നു. അഭിനയിക്കുന്ന വേഷങ്ങൾ ഏതുമാകട്ടെ, അതില്ലെല്ലാം തന്‍റേതായ ഭാവപ്പകർച്ചകൾക്കൊണ്ട് അഭിനയവഴികളിലെ മുൻഗാമികളോടു കിടപിടിച്ചു ശ്രീദേവി. പ്രണയവും ദുഃഖവും ഹാസ്യവുമെല്ലാം ഒരുപോലെ അഭ്രപാളികൾ അഭിനയിച്ചു ഫലിപ്പിച്ച ശ്രീദേവിയെ അതുകൊണ്ട് തന്നെ ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറെന്ന് ആരാധകർ വിളിച്ചതിൽ അത്ഭുതപ്പെടാനില്ല.
ആന്ധ്ര സ്വദേശിനി രാജേശ്വരിയുടേയും അഭിഭാഷകനായ അയ്യപ്പന്റേയും മകളായ ജനിച്ച ശ്രീദേവി 1971ൽ പുറത്തിറങ്ങിയ പൂന്പാറ്റ എന്ന മലയാള ചലച്ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്. സാദ്മ, ചാന്ദ്‌നി, ഹിമ്മത്‌വാല, ചാൽബസാർ, മി. ഇന്ത്യ, നഗീന, മാവ്‌ലി, തോഹ് ഫ, ഗുമ്‌റാ തുടങ്ങിയ ഹിന്ദി ചിത്രങ്ങൾ ശ്രീദേവിയുടെ മികവിനെ എടുത്തു പറയേണ്ടതാണ്. ജുഡായ് എന്ന ചിത്രത്തിനു ശേഷം സിനിമാ ജീവിതത്തിൽ നിന്ന് 15 വർഷത്തെ ബ്രേക്ക് എടുത്ത ശ്രീദേവി പിന്നീട് തിരിച്ചെത്തുന്നത് 2012−ലെ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന മനോഹരമായ ഒരു ചലച്ചിത്രത്തിലൂടെയാണ്. പുരുഷ താരങ്ങളുടെ സഹായമില്ലാതെ ചിത്രങ്ങൾ വിജയിപ്പിക്കാൻ കഴിയുമെന്ന് തെളിയിച്ച ശ്രീദേവി അവസാനമായി അഭിനയിച്ചത് 2017−ൽ ഇറങ്ങിയ മോം എന്ന ചിത്രത്തിലാണ്.
സിനിമയിൽ ജോലി ചെയ്യുന്നവരെ പൊതുസമൂഹം വിളിക്കുന്ന പേരാണ് താരങ്ങൾ. ആകാശത്ത് മിന്നി തിളങ്ങുന്ന നക്ഷത്രങ്ങളെ പോലെയാണവർ. കൈയെത്തും ദൂരത്ത് ഒന്ന് തൊടാൻ പറ്റില്ലെങ്കിലും മാനത്ത് എന്നും പുഞ്ചിരിച്ചു കൊണ്ട് സാധാരണക്കാരെ കൊതിപ്പിക്കുന്നവരാണവർ. മനുഷ്യന്റെ വികാരങ്ങളെയും വിചാരങ്ങളെയും തരളിതമാക്കുന്ന ഈ താരങ്ങൾക്ക് ഒരിക്കലും മരണവുമില്ല. കാരണം അവർ അഭിനയിച്ച് രസിപ്പിച്ച ചിത്രങ്ങൾ ഇനിയും എത്രയോകാലം ഈ ഭൂമുഖത്ത് ആസ്വാദക ലക്ഷങ്ങൾ കണ്ടുകൊണ്ടിരിക്കും. സൗന്ദര്യത്തിന്റെയും, അഭിനയത്തിന്റെയും, ചടുലതയുടെയും ആ ശ്രീ നിറഞ്ഞ മുഖം അങ്ങിനെ നമ്മുടെ മനസിൽ എന്ന് നൃത്തമാടട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ട് ആ മഹാനടിക്ക് ആദാരാജ്ഞലികൾ...