പ്രവാസം എന്ന ഒളിയിടം...
പ്രദീപ് പുറവങ്കര
പ്രവാസലോകം എന്നത് ഒരാളുടെ ജീവിത സ്വപ്നങ്ങളെ പൂവണിയിക്കുന്ന ഇടമായിട്ടാണ് പൊതുവേ അറിയപ്പെടുന്നത്. നാട്ടിലെ സാഹചര്യങ്ങളിൽ നിന്ന് മെച്ചപ്പെട്ട ഒരു ജീവിതം ഉണ്ടാക്കാനുള്ള ഇടമായിട്ടാണ് ബഹുഭൂരിഭാഗം പേരും പ്രവാസത്തെ തെരഞ്ഞെടുക്കുന്നത്. എന്നാൽ അൽപ്പം ചിലർ ഈ ഒരു സ്ഥലത്തെത്തുന്നത് ക്രൂരമായ എന്തൊക്കൊയോ ഒളിപ്പിച്ചു കൊണ്ടാണെന്ന് വിളിച്ചു പറയുകയാണ് കഴിഞ്ഞ ദിവസം ബഹ്റൈനിൽ നിന്ന് നാട്ടിലേയ്ക്ക് പോയ അരുൺ എന്ന ചെറുപ്പക്കാരൻ.
ചീമേനിയിലെ പുലിയന്നൂരിൽ റിട്ട. അധ്യാപിക പി.വി ജാനകിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയായ ഇയാൾ നാട്ടിൽ അവധിക്ക് പോയി കൊലപാതകവും നടത്തി തിരികെ വന്ന് ഇവിടെ ജോലി ചെയ്തു വരികയായിരുന്നു. ചീമേനിയിൽ ഇയാൾ തന്നെ നടത്തിയ ദാരുണമായ കൊലപാതകത്തെ കുറിച്ചു സഹപ്രവർത്തകരും മറ്റും ചർച്ച ചെയ്യുന്പോൾ അതിലൊക്കെ സജീവമായ പങ്കാളിയായിരുന്ന അരുൺ ഒരു നിഷ്ഠൂരമായ കൊലപാതകം നടത്തിയ ശേഷം തിരികെ വന്നതാണെന്ന നേരിയ ഭാവം പോലും പ്രകടിപ്പിച്ചിരുന്നില്ല.പിന്നീട് കൊലക്കേസിൽ പ്രതിയാണെന്നു സഹപ്രവർത്തകർ അറിഞ്ഞപ്പോഴും, സാമൂഹ്യപ്രവർത്തകർ ഇദ്ദേഹത്തെ നാട്ടിലെത്തിക്കാൻ ശ്രമിച്ചപ്പോഴും, ബഹ്‌റൈനിലെ പ്രവാസി കമ്മിഷൻ അംഗം സുബൈർ കണ്ണൂർ അരുണിനെ കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ച് സി.ഐ സി.കെ സുനിൽ കുമാറിനു കൈമാറുന്പോഴും അയാളുടെ മുഖത്ത് നിസംഗമായ ഒരു ഭാവം തന്നെയാണ് കണ്ടതെന്നതും തികച്ചും അതിശയിപ്പിക്കുന്ന കാര്യം തന്നെ.
തോന്ന്യാക്ഷരത്തിലൂടെ ഇന്ന് പറഞ്ഞു വരുന്നത് അരുൺ എന്ന ക്രിമിനലിനെ പറ്റി മാത്രമല്ല. പ്രവാസലോകത്ത് ഇത്തരത്തിൽ ധാരാളം പേരുണ്ട് എന്ന സത്യം ഓർമ്മിപ്പിക്കാനാണ്. നാട്ടിൽ വലിയ കുറ്റകൃത്യങ്ങൾ നടത്തി ഇങ്ങോട്ടേക്ക് രക്ഷപ്പെട്ടവരാണ് അവർ ഇവിടെ വന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും നാട്ടിലേയ്ക്ക് തിരികെ പോകാൻ മടിക്കുന്നവരാണ്. നാട്ടിലെത്തിയാൽ സ്വന്തം ജീവനെങ്കിലും ബാക്കി കിട്ടുമോ എന്ന ആശങ്കയോടെ ഓരോ ദിവസവും ഭയത്തിന്റെ കഠിനമായ കുറ്റബോധത്തിന്റെയും ഒറ്റപ്പെടലിന്റെയും നിഴലിലാണ് അവർ കഴിയുന്നത്. കുറ്റം ചെയ്തത് കാരണം നാട്ടിൽ ജയിലിൽ കിടക്കേണ്ടി വരുമോ എന്ന് പേടിച്ച് പ്രവാസത്തിന്റെ തുറന്ന ജയിലിൽ പെട്ടുപോയവർ. രാഷ്ട്രീയ കൊലപാതകങ്ങൾ മുതൽ പീഢനങ്ങൾ വരെ നടത്തി മുങ്ങിയവർ ഇതിലുണ്ട്. മതത്തിന്റെ പേരിൽ വലിയ ക്രിമിനൽ കുറ്റങ്ങൾ നടത്തിയവരും ഏറെ. കള്ളനോട്ട് കേസിലും. ചെക്ക് തിരിമറി കേസിലുമൊക്കെ പെട്ട് പോയവരും ധാരാളം. ചെറിയ ചെറിയ ജോലികൾ ചെയ്ത് പ്രിയപ്പെട്ടവരെ ഒരു നോക്ക് കാണാൻ പോലും പറ്റാതെ ചെയ്തു പോയ നിഷ്ഠൂര കൃത്യങ്ങൾക്ക് പിഴയൊടുക്കി കൊണ്ടിരിക്കുകയാണ് ഇവർ. ഇത്തരം ആളുകൾക്ക് സ്വയം മനസ്താപമുണ്ടാകുന്നുവെങ്കിൽ അവരെ നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥയ്ക്ക് മുന്പിലെത്തിക്കാനുള്ള ഒരു സംവിധാനം പ്രവാസ ലോകത്ത് ആവശ്യമാണ്. ഏറ്റവും കുറഞ്ഞത് ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളെങ്കിലും അതിന് മുൻകെയെടുക്കേണ്ടതാണ്. പലവിധ സാഹചര്യങ്ങളാണ് ഒരാളെ കുറ്റവാളിയാക്കുന്നതും, കൊടുംക്രിമിനലാക്കുന്നതും. അവർക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ വാങ്ങികൊടുക്കുക എന്നതാണ് സമൂഹത്തിന് ചെയ്യാനുള്ള ധർമ്മം എന്നോർമ്മിപ്പിക്കട്ടെ... !!