നി­ങ്ങളോ­ർ­ക്കു­ക നി­ങ്ങളെ­ങ്ങി­നെ­...


പ്രദീപ് പുറവങ്കര

ശരിയാണ് നാട്ടിൽ മനുഷ്യകോലത്തിലുള്ള ഒരാൾ മരിച്ചിരിക്കുന്നു. അയാളെ മനുഷ്യനായി സങ്കൽപ്പിക്കാൻ നമ്മൾ നാട്ടുവാസികൾക്ക് അൽപ്പം വിഷമമുണ്ട്. തീരെ അപരിഷ്കൃതനാണ് അയാൾ. പേരിൽ മധുവൂറുന്നുവെങ്കിലും, കാഴ്ച്ചയിൽ സംസ്കാരം തൊട്ടുതെറിക്കാത്തയാൾ. അയാൾ ചെയ്തത് കൊടും അപരാധമാണ്. അയാളുടെ സഞ്ചിയിൽ നിന്ന് കണ്ടെത്തിയത് സ്വർണത്തേക്കാൾ വിലപിടിപ്പുള്ള മല്ലിപൊടിയും, കുരുമുളക് പൊടിയുമായിരുന്നു. അത് കൊണ്ടാണ് അവനെ നമ്മൾ തല്ലി കൊന്നത്. കൊല്ലുന്നതിന് മുന്പ് അവന്റെ കൂടെ ആ ജീവനെടുത്തവർ സെൽഫിയെടുത്തില്ലേ. മധു വൈറലായില്ലെ. കോടികൾ എല്ലാ ദിവസവും കട്ട് തിന്ന് ആർട്ട് ഓഫ് ലീവിംഗ് അഥവാ സ്ഥലം കാലിയാക്കാൻ പഠിച്ച മഹാകള്ളന്മാരുടെ നാട്ടിൽ മധുവെന്ന വെറുമൊരു പാവം കള്ളനെ നമ്മൾ ഇത്രയും പെട്ടന്ന് പ്രശസ്തനാക്കിയില്ലെ. വെട്ടും കുത്തുമായി നമ്മുടെ സാക്ഷര കേരളം മുന്പോട്ട് കുതിക്കുന്നതിന്റെ ഇടയിലും മധുവിന്റെ വിശപ്പിന്റെ കാര്യം ചർച്ച ചെയ്യാൻ നമ്മൾ കുറച്ചെങ്കിലും സമയം മാറ്റിവെച്ചില്ലേ. ‘കേരളം ഒന്നാം നന്പർ ആണെന്ന് പറഞ്ഞവരും, കേരളം എന്ന് കേട്ടാൽ ചോര മണിക്കൂർ വെച്ച് തിളച്ചവരുമൊക്കെ ഈ മോഷണത്തിലും, കൊലപാതകത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ചില്ലേ. അവരും ഇടയ്ക്കിടെ ഫേസ്ബുക്കിൽ ഞെട്ടുന്നില്ലേ?.

പിന്നെന്തിനാ ഇങ്ങിനെ ബഹളം വെക്കുന്നത്. ഇനി ബഹളം വെച്ചാൽ തന്നെ ആരെങ്കിലും ഇവിടെ ഒരു ഹർത്താലിന് ഓർഡറിടുമോ. ആരെങ്കിലും സത്യാഗ്രഹം നടത്തുമോ. അതുമല്ല നമ്മുടെ വാർത്താമുറികൾക്ക് തീ പിടിക്കുമോ. ഒന്നുമ്മില്ല. പിന്നെന്താ ഭായി പ്രശ്നം. ആദിവാസിയും അതോടൊപ്പം കറുത്തവനും, അപരിഷ്കൃതനുമായ ഒരാളെ പറ്റി കുറച്ച് നേരം ഫേസ്ബുക്കിൽ നമ്മുക്ക് ഒന്നിച്ചിരുന്നു കരയാം. പറ്റുമെങ്കിൽ എല്ലാ വർഷവും ഈ ദിനത്തെ മധുദിനമെന്ന് വിളിച്ച് മധു നുകരാം. അപ്പോഴും സംസ്കാരം, മലയാളി, പ്രബുദ്ധത, എന്നൊക്കെ പറഞ്ഞ് നമുക്ക് അഭിമാനിച്ച് നടക്കാം.

മധൂ, നീ ഒരുതരത്തിൽ ഭാഗ്യവാനാണ്. ആ അട്ടപ്പാടിയിലെ ചിണ്ടക്കി വനത്തിനുള്ളിലെ ഗുഹയിൽ നീ അങ്ങിനെ ജീവിച്ചു പോയാൽ ആരെങ്കിലും നിന്നെ അറിയുമായിരുന്നോ. ഇനിയിപ്പോൾ നട്ടപ്രാന്ത് പിടിച്ച ഒരു സമൂഹത്തിന്റെ മുന്പിൽ വയറൊട്ടി ജീവിക്കേണ്ട ഗതികേട് നിനക്ക് ഇല്ലല്ലോ. നീ വിചാരിക്കുന്നത് പോലെ നെഞ്ചുന്തിയ നിന്റെ ശരീരവും, തുറിച്ചുള്ള ആ നോട്ടവും ഒന്നും ഈ ഭ്രാന്തമാരുടെ മനസിൽ ഒരു ഓളവും സൃഷ്ടിക്കില്ല. നിന്നെ മാത്രമല്ല ഇവർ തല്ലികൊല്ലുക. നിന്നെ പോലെ തോന്നിക്കുന്നവരെയൊക്കെ നമ്മൾ ഒരു പാഠം പഠിപ്പിക്കും. പണ്ടൊക്കെ ഇതിനെതിരെ പ്രതികരിക്കാൻ നാട്ടിൽ കവിയും, കഥാകാരനുമൊക്കെ ഉണ്ടായിരുന്നു. ഇന്ന് അവയൊക്കെ കണ്ണ് കിട്ടാതിരിക്കാൻ വേണ്ടി സ്ഥാപിച്ച സാംസ്കാരിക കോലങ്ങളായി മാറിയിരിക്കുന്നത് നീയോ നിന്റെ കൂട്ടുക്കാരോ അറിഞ്ഞുകാണില്ല. എങ്കിലും അത്തരമൊരു കോലമല്ലാതിരുന്ന ഒരാളുടെ വാക്കുകൾ നിനക്ക് വേണ്ടി ഏറെ വേദനയോടെ ഇവിടെ കുറിക്കട്ടെ.. 

നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടു തിന്നുന്നോ 

നിങ്ങളവരുടെ നിറഞ്ഞ കണ്ണുകൾ ചൂഴ്ന്നെടുക്കുന്നോ 

നിങ്ങൾ ഞങ്ങടെ കുഴി മാടം കുളം തോണ്ടുന്നോ 

നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് 

നിങ്ങളറിയണമിന്ന് ഞങ്ങൾക്കില്ല വഴിയെന്ന് 

വേറെയില്ല വഴിയെന്ന്... (കടമ്മനിട്ട)

 

You might also like

Most Viewed