ഇവിടെ മഴ പെയ്യുന്പോഴും..
പ്രദീപ് പുറവങ്കര
പ്രവാസിക്ക് മഴ എന്നാൽ നാടാണ്. ഓരോ തവണയും മരുഭൂമിയിൽ മഴ ചാറുന്പോൾ നമ്മുടെ മനസ് ഗൃഹാതുരമായി തുടങ്ങും. ആവി പറക്കുന്ന കട്ടൻ ചായയും കുടിച്ച് വീടിന്റെ കോലായിൽ ഇരുന്ന് പുറത്ത് പെയ്യുന്ന മഴയിൽ അലിഞ്ഞിരുന്ന നല്ല കാലം അപ്പോൾ മനസിലും പെയ്തു തുടങ്ങും. ഇന്ന് രാവിലെ മുതൽ ബഹ്റൈനിലും അത്തരമൊരു അവസ്ഥയായിരുന്നു. അതേ സമയം നമ്മുടെ നാട്ടിൽ ഇപ്പോൾ വേനൽ കനത്തുതുടങ്ങിയതിന്റെ ഭാഗമായി ജലക്ഷാമം രൂക്ഷമായികൊണ്ടരിക്കുന്നതായി വാർത്തകൾ സൂചിപ്പിക്കുന്നു. മഞ്ഞപ്പിത്തം പോലെയുള്ള പകർച്ചവ്യാധികളും ചില സ്ഥലങ്ങളിൽ വ്യാപകമാകുന്നുണ്ട്. കിണറുകളിലും കുളങ്ങളിലും പുഴകളിലുമെല്ലാം ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുന്നു. ഇപ്പോഴേ സ്ഥിതി ഇതാണെങ്കിൽ മേയ് അവസാനം എത്തുന്പോഴേക്കും ദാഹജലത്തിന് മലയാളികൾ പരക്കം പായേണ്ടി വരുമെന്ന അവസ്ഥയാണുള്ളത്.
തീർച്ചയായും സമീപകാലങ്ങളുടെ കണക്കെടുക്കുകയാണെങ്കിൽ ഇതൊരു പുതിയ സാഹചര്യമല്ല. ജലസംരക്ഷണത്തെക്കുറിച്ചും ശുദ്ധജലവിതരണ സംവിധാനം ശക്തമാക്കുന്നതിനെക്കുറിച്ചും അറിവില്ലാത്തത് കൊണ്ടാണ് ഇത്തരം ഒരു ദുരവസ്ഥ വരുന്നതെന്നും പറയാൻ സാധിക്കില്ല. പക്ഷേ, മുൻകരുതലുകൾ എടുക്കുന്നതിൽ നാം ഇനിയും ജാഗ്രത കാട്ടുന്നില്ല എന്നതാണ് യാത്ഥാർത്ഥ്യം. വേനൽ വരുന്പോൾ മാത്രം വറുതിയുടെ ദുരിതങ്ങൾ വിവരിച്ച് പരാതിയും പരിഭവവും പറയുന്നതിനു പകരം പ്രശ്നത്തിന്‍റെ ഗൗരവം മനസിലാക്കി ഓരോരുത്തരും തങ്ങളുടെ ഉത്തരവാദിത്വം നേരത്തേ തന്നെ നിർവഹിച്ചാൽ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ സാധിക്കൂ. സംസ്ഥാനത്തു ഭൂഗർഭ ജലനിരപ്പ് കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ നാലു മീറ്റർ വരെ താഴ്ന്നതായിട്ടാണു പഠനറിപ്പോർട്ട്. മഴക്കുറവും ജലത്തിന്‍റെ അമിത ഉപയോഗവും തന്നെയാണ് ഇതിന്റെ പ്രധാന കാരണങ്ങൾ.
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ വെള്ളം ഉപയോഗിക്കുന്നത് കേരളീയരാണെന്നാണ് പറയപ്പെടുന്നത്. ഓരോ മലയാളിയും പ്രതിദിനം മൂവായിരം ലിറ്ററെങ്കിലും ശരാശരി വെള്ളം ഉപയോഗിക്കുന്നുണ്ടത്രേ. ഒരു ദിവസം മൂന്ന് നേരം കുളിക്കുന്നവരും ധാരാളം. രാജ്യത്തെ പൊതു ശരാശരിയേക്കാൾ വളരെ കൂടുതലാണിത്. ചിലർ നിർലോപമായി ഉപയോഗിക്കുകയല്ല, ധാരാളിത്തം കാട്ടുകയാണ്. അതു പോലെ നമ്മുടെ നാട്ടിൽ 44 നദികളുണ്ടെങ്കിൽ പോലും നദീജല സംരക്ഷണത്തിൽ നാം ഏറെ പിന്നിലാണ്. മാലിന്യവാഹികളായ നമ്മുടെ നദികൾ ശുദ്ധജല സ്രോതസുകൾ അല്ലാതായിട്ട് കാലങ്ങളായി. ഇതോടൊപ്പം തന്നെ മഴലഭ്യതയിലും ഇന്ന് കാര്യമായി കുറവുണ്ടായിരിക്കുന്നു.
മഴവെള്ളം സംഭരിക്കുന്നതുപോലെതന്നെ പ്രധാനമാണ് ഒഴുകിപ്പോകുന്ന ജലം തടയണകൾ കെട്ടി സംരക്ഷിക്കേണ്ടതും മണ്ണൊലിപ്പു തടയേണ്ടതും. ജലസംരക്ഷണത്തിനായുള്ള പദ്ധതികൾ ജനപങ്കാളിത്തംകൂടി ഉറപ്പുവരുത്തി നടപ്പാക്കായാൽ മാത്രമേ ഒരു പരിഹരമുണ്ടാകൂ. വരും ദിനങ്ങളിൽ കേരളം നേരിടാൻ പോകുന്ന ജലക്ഷാമ, ആരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ദീർഘകാല പദ്ധതികളും, സംവിധാനങ്ങളുമില്ലെങ്കിൽ നാട്ടുക്കാർ ശരിക്കും കഷ്ടപ്പെടുമെന്ന് മാത്രമല്ല അവധിക്കായി തയ്യാറെടുക്കുന്ന പ്രവാസികൾക്ക് മഴ നനയമെന്നുണ്ടെങ്കിൽ വാട്ടർ തീം പാർക്കുകൾ മാത്രമാകും രക്ഷ എന്നു കൂടി ഓർമ്മിപ്പിക്കുന്നു!!