അവധിയാഘോഷങ്ങൾ അടുക്കുന്പോൾ..


പ്രദീപ് പുറവങ്കര

ഇത്തവണയും പതിവ് പോലെ അവധിയുടെ പ്ലാനിങ്ങ് പ്രവാസലോകത്ത് ആരംഭിച്ചുകഴിഞ്ഞു. നാട്ടിലേയ്ക്കും അതു പോലെ തന്നെ നാടിന് വെളിയിലേയ്ക്കും യാത്ര ചെയ്യാനുള്ള പദ്ധതികൾ ഇട്ടുതുടങ്ങുകയാണ് ഇപ്പോൾ മിക്കവരും. എണ്ണി തിട്ടപ്പെടുത്തിയ ദിവസങ്ങളിലേയ്ക്കുള്ള അവധിയാത്രകളിൽ പദ്ധതിയിടാറുള്ള കാര്യങ്ങളിൽ അന്പത് ശതമാനമെങ്കിലും നടന്നാൽ ഭാഗ്യം എന്ന് വിചാരിക്കുന്നവരാണ് ഭൂരിഭാഗം സാധാരണ പ്രവാസികളും. പ്രവാസിയുടെ അവധിക്കാലത്തെ കണക്കിലെടുത്താണ് പലപ്പോഴും നമ്മുടെ നാട്ടിൽ വിവാഹങ്ങൾ പോലെയുള്ള ആഘോഷ ചടങ്ങുകൾ അരങ്ങേറുന്നത്. അവധി ദിവസങ്ങളുടെ വലിയൊരു ഭാഗം തന്നെ ഇത്തരം ചടങ്ങുകൾക്ക് വേണ്ടി മാറ്റി വെക്കുന്നത് പ്രവാസികളുടെയും ഒരു ശീലമാണ്. 

നമുക്ക് ആഘോഷങ്ങൾ എന്നാൽ മിക്കപ്പോഴും ഊണോഘോഷങ്ങൾ തന്നെയാണ്. ഭക്ഷണം കഴിക്കുക എന്നതിനോടൊപ്പം  അമിതമായി കഴിക്കുക  എന്നതായി മാറിയിട്ടുണ്ട് മിക്ക ആഘോഷങ്ങളുടെയും ലക്ഷ്യം. ഒരു സാമൂഹ്യ സംരഭമായാലും, കുടുംബത്തിലെ ചടങ്ങായാലും ഒക്കെ വിരുന്നിന് വരുന്നവരെ ഭക്ഷണം കൊണ്ട് അഭിഷേകം ചെയ്യുക എന്നതാണ് മിക്കവരുടെയും ശീലം. ആവശ്യം നിറവേറ്റുന്നതിന് പകരം ആഡംബരം കാണിക്കുന്ന പുതിയ വഴക്കത്തിന്റെ ഒരു ഭാഗമാണിത്. ഉണ്ണാൻ ഭക്ഷണവും, ഉടുക്കാൻ തുണിയും, കിടക്കാൻ ഒരിടവുമാണല്ലോ മനുഷ്യന്റെ ആദ്യത്തെ ആവശ്യങ്ങൾ. ഇതിൽ ഉണ്ണുന്നതിന്റെ കാര്യമാണ് ആദ്യം സൂചിപ്പിച്ചത്. വയററിഞ്ഞ് ഉണ്ണണമെന്ന പഴമൊഴിയൊന്നും നമ്മുടെ ആഘോഷജീവിതത്തിന് ഇന്ന് ബാധകമല്ല. കിട്ടുന്നതെല്ലാം വാരി വലിച്ച് കഴിച്ച് ഷുഗറും, പ്രഷറും, കൊളസ്ട്രോളുമക്കെ നമ്മൾ ഏറ്റെടുക്കുന്നു. ഉടുക്കേണ്ട തുണിയുടെ നീളം കുറയും തോറും അതിന്റെ ചിലവ് കൂടുന്നതും നമ്മുടെ നാട്ടിൽ ഇന്ന് സാധാരണയായി മാറിയിരിക്കുന്നു. അവിടെയും മിതവ്യയം എന്ന ശീലം നമ്മൾ മിക്കവാറും മറന്നിരിക്കുന്നു. പിന്നെയുള്ളത് കിടക്കാൻ ഉള്ള ഒരിടമാണ്. എല്ലാ ത്യജിക്കുന്ന സന്യാസിവര്യന്മാരുടെ ആശ്രമങ്ങളിൽ മരുന്നിന് പോലും മണ്ണില്ല. എല്ലായിടത്തും ടൈൽസ് പാകുക എന്നതായി ശീലം. അയൽപ്പക്കക്കാരെയും സുഹൃത്തുക്കളെയും അസൂയപ്പെടുത്തുക എന്നതായി വീട് നിർമ്മിക്കുന്നതിന്റെ മാനദണ്ഡം. 

അമിതമായി ചിലവഴിക്കുക എന്നതും, വല്ലാതെ പിശുക്കി ജീവികുക എന്നതും ഒരു പോലെ തെറ്റായ ഒരു കാര്യമായിട്ടാണ് എന്നും തോന്നിയിട്ടുള്ളത്. ഏകദേശം ഈ രണ്ട് കാര്യങ്ങളും ചെയ്തുപോകുന്നവരാണ് മിക്ക സാധാരണ പ്രവാസികളും. നാട്ടിൽ കൊട്ടാരം പോലെയുള്ള വീട് നിർമ്മിച്ചിട്ട് ഗൾഫിൽ ഒറ്റമുറി ഷേയറിങ്ങിൽ ജീവിതത്തിന്റെ മിക്കവാറും ഭാഗം കഴിയുന്നവർ ഉദാഹരണം. ഇന്നത്തെ കാലത്തും അവധിക്കാലത്ത് നാട്ടിലേയ്ക്ക് പോകുന്പോൾ പെട്ടി നിറച്ച് സാധനങ്ങളുമായി പോകുന്നവരുടെ എണ്ണത്തിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല. ഇവിടെ ലഭിക്കുന്ന ഒട്ടുമിക്ക സാധനങ്ങളും നാട്ടിൽ ലഭിക്കുമെങ്കിലും ഈ സ്വഭാവം പ്രവാസികളിൽ മിക്കവരും തുടരുക തന്നെ ചെയ്യുന്നു.  ലഭിക്കുന്ന അവധിദിനങ്ങളിൽ കൈയിലുള്ള പണം തീർക്കുന്നതിനോടൊപ്പം കൂടുതൽ കടങ്ങളുമായി തിരികെ വരുന്നവരും ധാരാളം. എന്തായാലും പ്രവാസലോകത്ത് എത്ര തന്നെ സാന്പത്തിക ബുദ്ധിമുട്ട് കൂടിയാലും, ഇത്തരം ചില മാമൂലുകളിൽ നിന്ന് പ്രവാസികൾ മാറാത്തിടത്തോളും കാലം തിരികെ വീണ്ടും ഫ്ളൈറ്റ് കയറേണ്ടി വരുമെന്നത് മാത്രം തീർച്ച !!

You might also like

Most Viewed